India

കര്‍ണാടക തെരഞ്ഞെടുപ്പ് വിരല്‍ ചൂണ്ടുന്നത് നിയമ പരിഷകരണത്തിന്റെ ആവശ്യകതയിലേക്ക് – സോമരാജന്‍ പണിക്കര്‍ എഴുതുന്നു

കര്‍ണാടക തെരഞ്ഞെടുപ്പ് വിരല്‍ ചൂണ്ടുന്നത് സുപ്രധാനമായ തെരഞ്ഞെടുപ്പ് നിയമ പരിഷ്‌കരണത്തിന്റെ ആവശ്യകതയിലേക്കാണെന്ന് സോമരാജന്‍ പണിക്കര്‍. ഒരു കക്ഷിക്കോ മുന്നണിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നില്ല എങ്കില്‍ രാഷ്ട്രപതി ഭരണം 6 മാസത്തേക്കു ഏര്‍പ്പെടുത്തുകയും വീണ്ടും തിരഞ്ഞെടുപ്പു നടത്തുകയും ആണു വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സോമരാജന്‍ പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കര്‍ണാടക തിരഞ്ഞെടുപ്പു സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പു നിയമ പരിഷ്‌കരണത്തിന്റെ ആവശ്യകതയിലേക്കാണു വിരല്‍ ചൂണ്ടുന്നതു .

ഒരു കക്ഷിക്കോ മുന്നണിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നില്ല എങ്കില്‍ രാഷ്ട്രപതി ഭരണം 6 മാസത്തേക്കു ഏര്‍പ്പെടുത്തുകയും വീണ്ടും തിരഞ്ഞെടുപ്പു നടത്തുകയും ആണു വേണ്ടതു . പോസ്റ്റ് – പോള്‍ അലയന്‍സ് നടത്തുന്നതും ഒരു മുന്നണിയില്‍ നിന്നും മറ്റേ മുന്നണിയില്‍ നിന്നും പാര്‍ട്ടികളോ വ്യക്തികളോ മറുപക്ഷം ചേരുന്നതു നിയമ വിരുദ്ധം ആക്കുകയും അംഗത്വം രാജിവെയ്ക്കുക എന്ന ഒരേ ഒരു മാര്‍ഗ്ഗം അനുവദിക്കുകയും ചെയ്യണം .

പോസ്റ്റ് പോള്‍ അലയന്‍സ് ഒരു അധികാരത്തിനു വേണ്ടി ചെയ്യുന്നതു ജനാധിപത്യത്തില്‍ അനുവദനീയം ആണെങ്കില്‍ ഒരു പാര്‍ട്ടി പിളര്‍ത്തി മറു ഭാഗം ചേരുന്നതും ജനാധിപത്യത്തില്‍ അനുവദനീയം അല്ലേ ?

ആദ്യത്തേതു ജനാധിപത്യം സംരക്ഷിക്കാനും രണ്ടാമത്തേതു ജനാധിപത്യത്തേ കശാപ്പു ചെയ്യലും ആണെന്നാണു പുതിയ ബുദ്ധിജീവി വ്യാഖ്യാനം .സത്യത്തില്‍ ഭൂരിപക്ഷം ഇല്ല എങ്കില്‍ 6 മാസം രാഷ്ട്രപതി ഭരണവും വീണ്ടും തിരഞ്ഞെടുപ്പും ആണു പരിഹാരം . ഏതു സഖ്യം ആണു അധികാരത്തില്‍ വരേണ്ടതു എന്നു വീണ്ടും അതേ വോട്ടര്‍മാര്‍ വിധി എഴുതട്ടെ .

ഒരു ടീ .എന്‍ .ശേഷന്‍ ഇനിയും വരേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ കൂറു മാറാന്‍ പണം നല്‍കുന്നു , കോടികള്‍ നല്‍കുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു കാര്യം കൂടി ഓര്‍മ്മപ്പെടുത്താം .

ഇന്നു ഒരു തിരഞ്ഞെടുപ്പില്‍ ഒരു എം പീ സ്ഥാനാര്‍ഥിയോ എം എല്‍ എ സ്ഥാനാര്‍ഥിയോ തിരഞ്ഞെടുപ്പു പ്രചരണത്തിനു പാര്‍ട്ടിയോ വ്യക്തിയോ ആയി ചിലവഴിക്കുന്ന തുക എത്ര കോടി വരും ?

ഒരു 3ഃ 4 ഫ്‌ലക്‌സ് വെക്കാന്‍ 500 രൂപ ചിലവാക്കിയാല്‍ 10000 ഫ്‌ലെക്‌സ് വെക്കുന്ന ഒരു സ്ഥാനാര്‍ഥി എത്ര രൂപ ഫ്‌ലെക്‌സ് വെക്കാന്‍ മാത്രം ചിലവഴിച്ചു കാണും? ദൂരെ എങ്ങും പോകേണ്ട , ചെങ്ങന്നൂരിലേ തിരഞ്ഞെടുപ്പു രംഗത്തില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ നടത്തുന്ന പ്രചരണത്തിന്റെ ചിലവ് എന്തായിരിക്കും എന്നു കണക്കാക്കിയാല്‍ മതി .

യോഗം, പ്രകടനം, മൈക്ക് സെറ്റ് , വാഹനങ്ങള്‍ , പെട്രോള്‍ , കാസറ്റ് , സീ ഡീ , ഗായക സംഘം , പമ്പമേളം , തുറന്ന വാഹനം , രഥം , ഇവന്റ് മാനേജ്‌മെന്റ് , ഹോട്ടല്‍ വാടക , ഭക്ഷണം , നാദസ്വരം , മോഹിനിയാട്ടം , ബാലേ , തിരുവാതിര , പോസ്റ്റര്‍ , സുവനീര്‍ , പൊന്നാട , മേശ , കസേര , മൈക്കു സെറ്റ്, ചുവരെഴുത്തു , വെബ് സൈറ്റ് , വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് , എന്നു വേണ്ട കോടികള്‍ മറിയുന്ന ഒരു ബിസിനസ് അല്ലേ തിരഞ്ഞെടുപ്പു പ്രചരണം ?

അപ്പോള്‍ സംഭാവന, കോര്‍പ്പറേറ്റ് , ക്യാപിറ്റല്‍, ബക്കറ്റ് പിരിവു, വാഹന ജാഥ, വ്യാപാരികള്‍ കൈയയച്ചു സംഭാവന , നാട്ടുക്കൂട്ടം , ഭവന സന്ദര്‍ശനം ഒക്കെ പണപ്പിരിവും വേണ്ടി വരില്ലേ ? കോടികള്‍ ചിലവഴിച്ചാല്‍ അതു എങ്ങിനെ തിരിച്ചു പിടിക്കും ?

അതിനു ഭരണം വേണം , അധികാരം വേണം , അഴിമതി വേണം , പിരിവു വേണം. അതിനാല്‍ അധികാരം പിടിക്കാനും ജയിക്കാനും നടത്തുന്ന ഒരോ നീക്കത്തിനും പിന്നില്‍ കോടികള്‍ ഒഴുകും. രാഷ്ട്രീയം എന്നു കോടികള്‍ ചിലവുള്ള ഒരു പ്രയത്‌നവും പ്രവര്‍ത്തനവും കൂടിയാണു .

അതില്ലാത്തവര്‍ക്കു ദൂരെ നിന്നു അഭിപ്രായം പറയാം . വോട്ടിംഗില്‍ പങ്കെടുക്കാം . പക്ഷേ ഒരു മുന്നണിയില്‍ ചേര്‍ന്നു സ്ഥാനാര്‍ഥി ആവാനോ ജയിക്കാനോ അത്ര എളുപ്പം അല്ല. ആ അവസ്ഥ മാറണം എങ്കില്‍ തിരഞ്ഞെടുപ്പു നിയമങ്ങള്‍ പരിഷ്‌കരിക്കണം . സ്റ്റേറ്റ് ഫണ്ടിംഗ് മാത്രം പ്രചരണത്തിനു അനുവദിക്കണം . അതിനു രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകുമോ എന്നതാണു മില്യണ്‍ ഡോളര്‍ ചോദ്യം .

ശുഭദിനം .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button