Kerala

ഐ.എസില്‍ ചേര്‍ന്ന മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി എന്‍.ഐ.എ വിദേശമന്ത്രാലയത്തിന്റെ സഹായം തേടും

കൊച്ചി : അഫ്‌ഗാനിസ്‌ഥാനിലെത്തി, ആഗോളഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്ന മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി എന്‍.ഐ.എ വിദേശമന്ത്രാലയത്തിന്റെ സഹായം തേടും. കാസര്‍ഗോഡ്‌ നിന്നു 14 പേരും പാലക്കാട്ടു നിന്ന്‌ ആറുപേരുമുള്‍പ്പടെ, സ്‌ത്രീകളും കുട്ടികളുമടക്കം 21 പേരാണ്‌ അഫ്‌ഗാനിലെത്തിയതായി വിവരമുള്ളത്‌. ഇവരില്‍ ബിഹാര്‍ സ്വദേശിനി യാസ്‌മിന്‍ മുഹമ്മദിനെ മാത്രമാണു പിടികൂടാനായത്‌. ഐ.എസ്‌. റിക്രൂട്ട്‌മെന്റ്‌ കേസില്‍ യാസ്‌മിനു കൊച്ചിയിലെ എന്‍.ഐ.എ. കോടതി ഏഴുവര്‍ഷം കഠിനതടവ്‌ വിധിച്ചിരുന്നു. മകനൊപ്പം അഫ്‌ഗാനിലേക്കു കടക്കാന്‍ ശ്രമിക്കവേ, 2016 ജൂലൈ 30-നാണ്‌ യാസ്‌മിന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്‌.

മലയാളികളെ ഐ.എസ്‌. സ്വാധീനവലയത്തിലെത്തിച്ച തൃക്കരിപ്പൂര്‍ ഉടുമ്പുന്തല അബ്‌ദുള്‍ റാഷിദിന്റെ രണ്ടാംഭാര്യയാണു യാസ്‌മിന്‍. റാഷിദ്‌ ഇപ്പോള്‍ അഫ്‌ഗാനിലാണ്‌. യു.എ.പി.എ. പ്രകാരമുള്ള ഐ.എസ്‌. റിക്രൂട്ട്‌മെന്റ്‌ കേസില്‍ ഇയാളാണ്‌ ഒന്നാംപ്രതി. അഫ്‌ഗാനില്‍നിന്നു റാഷിദും യാസ്‌മിനുമായി ഓണ്‍ലൈന്‍ പണമിടപാടു നടത്തിയതായും എന്‍.ഐ.എ. കണ്ടെത്തി. ഒന്നരമാസം മുമ്പ് മുംബൈയിലേക്കു പോയ മകനെയും മരുമകളെയും പേരക്കുട്ടിയേയും കാണാനില്ലെന്നു 2016 ജൂലൈ 10-നു റാഷിദിന്റെ പിതാവ്‌ ടി.പി. അബ്‌ദുള്ള പോലീസില്‍ നല്‍കിയ പരാതിയാണ്‌ ഐ.എസ്‌. ബന്ധത്തിലേക്കു വെളിച്ചം വീശിയത്‌. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമാനസ്വഭാവമുള്ള എട്ടു കേസുകള്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

കേരളാ പോലീസ്‌ അന്വേഷിച്ച കേസ്‌ 2016-ല്‍ എന്‍.ഐ.എ. ഏറ്റെടുത്തു. 2017 ജനുവരി ഏഴിനു കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍ഗോഡ്‌ പടന്ന സ്വദേശി ഹഫീസ്‌ (25) അഫ്‌ഗാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചിരുന്നു. എന്നാല്‍ ലെറ്റര്‍ റൊഗേറ്ററി (ഒരു രാജ്യത്തെ കോടതിയില്‍നിന്നു മറ്റൊരു രാജ്യത്തെ കോടതിയിലേക്കുള്ള സഹായാഭ്യര്‍ഥന) മുഖേന അഫ്‌ഗാനിസ്‌ഥാന്‍ നീതിപീഠത്തില്‍നിന്ന്‌ ഇവരെക്കുറിച്ചുള്ള വിവരങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ തെളിവായി വാങ്ങാനാണ്‌ ഉദ്ദേശ്യം. ഐ.എസില്‍ ചേര്‍ന്ന മലയാളികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നു പറയപ്പെടുന്നതല്ലാതെ, അതിനു രേഖകളില്ല. ഇക്കാര്യത്തിലാണു വിദേശകാര്യമന്ത്രാലയം മുഖേന അഫ്‌ഗാന്‍ അധികൃതരുടെ സഹായം തേടുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button