ബാലവിവാഹത്തെ കുറിച്ചും ബാലപീഡനങ്ങളെ കുറിച്ചുമെല്ലാം ചർച്ചകൾ സജീവമാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഡോ. വീണ ജെഎസ് പങ്ക്വെച്ച കരൾ നോവുന്ന കുറിപ്പ് ചർച്ചയാകുകയാണ്. ഇരുപത്തിരണ്ടാം വയസിൽ വിവാഹിതയായ ബന്ധുവുമായ ഒരു ചേച്ചിയെ പറ്റിയാണ് വീണ എഴുതുന്നത്. ജാതകത്തിന്റെയും ആചാരത്തിന്റെയും പേരിൽ കുരുതി കൊടുക്കപ്പെട്ട പെൺജൻമം. എതിർത്ത വിവാഹം നടക്കുന്നതിൽ ആർക്കും ചോദ്യങ്ങൾ ഉണ്ടായില്ല. ഇനി മുപ്പതിലേ നടക്കൂ എന്നത് എല്ലാത്തിനെയും കവച്ചുവെച്ചിരുന്നു. ഇഷ്ടമില്ലാതെ വിവാഹം ചെയ്തവന്റെ അതിലേറെ വെറുക്കപ്പെട്ട വിയർപ്പും ശുക്ലവും ! വിവാഹനിശ്ചയത്തിനു കുറച്ചുനാളുകൾ മുൻപ് വരെ ചിരിച്ച പോലെ ചേച്ചി പിന്നെ ചിരിച്ചിട്ടില്ല!! അടിവയറിൽ ചവിട്ട് കൊണ്ടാലും ഞരക്കങ്ങൾ മാത്രം ഉയരുംവിധമാണ് അവർ പാകപ്പെട്ടിട്ടുള്ളത് !പതുക്കെ വീട്ടുകാർക്ക് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങി. വിവാഹമോചനം നടന്നു. ചേച്ചി വീണ്ടും ചിരിച്ച് തുടങ്ങി.
കൂടെയൊരു കുഞ്ഞും മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുന്നു. വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടികളുടെ ആത്മഹത്യ ചെയ്ത ശരീരങ്ങൾ കാണുമ്പോൾ എന്നും വിങ്ങലാണ്. കഴിഞ്ഞ ദിവസവും ഒരു ഇരുപതുകാരി ഇതേ കാരണത്താൽ ആത്മഹത്യ ചെയ്ത് മരിച്ചുകിടക്കുന്നത് കണ്ടു. കൺപോളകളിൽ കറുത്ത ലൈനറും കൈകാൽ വിരലുകളിൽ ക്യൂട്ടെക്സും മൈലാഞ്ചിയും കണ്ടപ്പോൾ എനിക്കാ പഴയ വൃത്തികെട്ട ചോദ്യം മനസിലേക്ക് തികട്ടി വന്നു. “വലിയ എതിർപ്പായിരുന്നല്ലോ. പിന്നെന്തിനാ ഒരുങ്ങിയത്?” ഒരുപക്ഷെ, ഏതെങ്കിലും ഒരു പയ്യൻ വഴിയിൽ അവളെ നോക്കി ചിരിച്ചതുകൊണ്ടാവും ധൃതിപിടിച്ച് കല്യാണം നിശ്ചയിച്ചത്. അല്ലെങ്കിൽ വേറെ ജാതിയിലോ കുലത്തിലോ ഉള്ള ചെറുക്കനുമായുള്ള ഇഷ്ട്ടം കണ്ടുപിടിച്ചതുകൊണ്ടാവും. അല്ലെങ്കിൽ ജാതകം. അതുമല്ലെങ്കിൽ അച്ഛൻ മരിച്ച കൊച്ചിനെ വേഗം ബാധ്യത തീർത്തു കെട്ടിച്ചു വിടൽ ! നഷ്ടം എങ്ങനെയായാലും ആ പെൺകുട്ടിക്ക് മാത്രം.
Post Your Comments