രണ്ടു വലിയ ഉണ്ട കണ്ണുകൾ , അതിൽ നിന്നും കുടു കുടാ ഒഴുക്കുന്ന കണ്ണുനീർ …
ഒരു ഒൻപതു വയസ്സുകാരിക്ക് ശബ്ദമില്ലാതെ ഇങ്ങനെ നെഞ്ച് പൊട്ടി കരയാൻ കരുത്ത് നൽകിയ ദൈവത്തിനോട് അമർഷം രേഖപ്പെടുത്തുക ആണ്.. പിന്നെ മനുഷ്യന്റെ മനസ്സിലെ ചിന്തകളെ, പൊള്ളത്തരത്തെ, മാത്രമല്ല.. സത്യത്തെ കൂടി ശാസ്ത്രീയമായിട്ടല്ലാതെ കണ്ടെടുക്കാൻ ഒരു സിദ്ധി ഇല്ല എന്ന വേദനയും..!
അമ്മയുടെ , ചേച്ചിയുടെ , നടുവിൽ ആണ് ‘അവൾ’ ഇരിക്കുന്നത്.. അമ്മയും അച്ഛനും തമ്മിൽ വിവാഹമോചനം നടക്കാൻ പോകുന്നു എന്നത് അവൾക്കറിയാം.. ചേച്ചി അമ്മയുടെ ആദ്യത്തെ വിവാഹത്തിൽ ഉണ്ടായ മോൾ ആണെന്നും തന്റെ അച്ഛനല്ല ചേച്ചിയുടെ അച്ഛൻ എന്നും അവൾക്കു അടുത്താണ് അറിവായത്.. അവളുടെ ഓർമ്മയിലെ അച്ഛൻ തന്നോടും ചേച്ചിയോടും ഒരേ പോലെ സ്നേഹം ഉള്ള ആളാണ്.. ഇത് , ആ കുഞ്ഞിന്റെ ഉള്ളിലെ കാര്യം..!
പക്ഷെ , അവളുടെ ചേച്ചി , എനിക്ക് മുന്നിൽ പറഞ്ഞത് മറ്റൊരു വശമാണ്.. ലൈംഗികമായി സമീപിച്ചിട്ടില്ല., എങ്കിൽ കൂടി അയാളുടെ സമീപനം ശരി ആയിരുന്നില്ല.. എന്ന് ശക്തമായി അവൾ വാദിക്കുന്നു.. തന്റെ പ്രണയ ബന്ധത്തെ എതിർത്തത് പോലും ദുരുദ്ദേശത്തോടെ ആണെന്നും അവൾ സ്ഥാപിക്കുന്നു.. കേസ് കൊടുക്കാനുള്ള തെളിവ് ഒന്നും തന്റെ പക്കൽ ഇല്ല.. മാനസിക സംഘർഷത്തിന്റെ
ഫലമായി, തനിക്കു പഠനത്തിൽ മാർക്ക് കുറഞ്ഞതെന്നു അവൾ കണ്ണീരോടെ പറഞ്ഞു.. മകൾ ഇത് തന്നോട് തുറന്നു പറഞ്ഞ ആ നിമിഷം താലി അറുത്ത് കളഞ്ഞു എന്ന് പകയോടെ ‘അമ്മ..!
അയാളെ തന്റെ ജീവിതത്തിൽ നിന്നും പിഴുതു കളയാൻ തീരുമാനിച്ചു കളഞ്ഞതിനു ശേഷമാണ് മകൾ ഇത് പറഞ്ഞതെന്ന് ‘അമ്മ. അല്ലേൽ , അടിച്ചേനെ അവനെ ഞാൻ..!
പങ്കാളിയോട്, കാട്ടു തീയ് പോലെ പ്രതികാരം ആളിപ്പടരണമെങ്കിൽ , ആ തലച്ചോറിൽ മറ്റൊരു പെണ്ണിന്റെ മുഖം ഉണ്ടാകണം.. ഇവിടെയും ഉണ്ട്..! നൂറു പെണ്ണുങ്ങളുടെ ഒപ്പം പോയി കിടന്നാലും ഞാൻ സഹിക്കും.. പക്ഷെ മനസ്സ് കൊണ്ട് മറ്റൊരാളെ സ്നേഹിച്ചാൽ എനിക്കത് സഹിക്കാൻ വയ്യ..! സ്ത്രീ ഹൃദയം പലതരത്തിൽ ആണ്.. മനസ്സ് കൊടുത്തോട്ടെ..ശരീരം പങ്കിടുന്നത് സഹിക്കാൻ വയ്യ എന്ന് പറയുന്ന വിഭാഗം ഉണ്ട്.. രണ്ടിലും പങ്കാളിക്ക് നിത്യമായ അപമാനം, ഒടുങ്ങാത്ത ദുഃഖം, അറ്റം കാണാത്ത ദുരിതം ഒക്കെ തന്നെയാണ് വിധി.. സമൂഹത്തിന്റെ കീഴ്വഴക്കം അതാണ്,,.! മനസ്സ് കൊണ്ട് വ്യഭിചാരിക്കാത്തവർ ആരുമില്ല..എന്നത് മനഃശാസ്ത്രം..! ഒരു മൂന്നാമിടം ഉണ്ടായത് കൊണ്ട് , ആ വ്യക്തി സ്ത്രീപീഡകൻ ആകുന്നില്ല.. ഭാര്യയുടെ മകളെ സ്വന്തം മകളായി കാണാൻ സാധിക്കാത്തവൻ ആകണം എന്നുമില്ല.. തന്റെ മകളെ നാളെ കാമകണ്ണിൽ കാണുന്ന അച്ഛൻ ആകണം എന്നുമില്ല.
രണ്ടാനച്ഛന്റെ നോട്ടം , ചിരി , ഭാവം ഒക്കെ തനിക്കു മാത്രം മനസ്സിലാകൂ, മറ്റൊരാൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല..എന്ന് പറയുമ്പോൾ അത് തള്ളിക്കളയാൻ ആകില്ല..
ഇനി വിവാഹമോചന കേസിനു ബലം കിട്ടാൻ , സമർഥനായ ഒരു വക്കീല് പറഞ്ഞു കൊടുത്ത തന്ത്രം ആണോ ഇതെന്നും അറിയാൻ വയ്യ. നിയമ ദുരുപയാഗം എന്ന കറുത്ത ശൈത്താൻ..!
എന്റെ അച്ഛൻ പാവമാണ്, അമ്മയും ചേച്ചിയും പാവമാണ്..! ഒൻപതു വയസ്സ് കാരിക്ക്, ഇതല്ലാതെ മറ്റൊന്നും പറയാൻ ഇല്ല..!
അച്ഛന്റെ കൂടെ പോകരുത് , അച്ഛൻ ചീത്തയാണ് എന്നാണ് അവളെ പറഞ്ഞു മനസ്സിലാക്കേണ്ടത് നാളെ സ്വന്തം കുഞ്ഞിനോട് ഇത്തരത്തിൽ പെരുമറിയാലോ..! അമ്മയും ചേച്ചിയും പറയുന്നതൊക്കെ അവൾ കേൾക്കുന്നുണ്ട്..
കണ്ണിൽ നിന്നും നീര് നിലയ്ക്കുന്നില്ല.. അച്ഛനെ കാൾ, അമ്മയെ കാൾ, ചേച്ചിയെ കാൾ . നെഞ്ചുരുക്കം ആ കുഞ്ഞിനാണ്.. അതിന്റെ തീവ്രത കണ്ടു നിൽക്കുന്ന അപരിചിത ആയ എനിക്കും ഉള്ളം പൊള്ളുന്നു.. ആ മനസ്സ് നേരിടാനാകാതെ , അവളെ ഒഴിവാക്കി ഞാൻ മറ്റു രണ്ടുപേരോടും സംസാരിച്ചു.. എന്തൊക്കെയോ പറയുന്നു..ചിന്തകൾ പരസ്പരം അമ്മയും മകളും കൈ മാറുന്നു..പഴയ കഥകൾ ഓർക്കുന്നു..
സാധാരണ ആണ് ഇത്തരം കേസുകൾ.. നാളെ ഇവരൊക്കെ കഥ മാറ്റി പറഞ്ഞുന്നും വരാം… അത് കൊണ്ട് തന്നെ നിർവികാരയായി ഈ കഥ കേട്ട് മറക്കുക.. പക്ഷെ , ഒരു ഉറക്കത്തെ എങ്കിലും അകറ്റാനുളള മരുന്നു, രണ്ടു കുഞ്ഞിക്കണ്ണുകൾ തന്നു കഴിഞ്ഞു..
പീഡിപ്പിച്ചു എന്ന വാർത്ത എന്നും സമൂഹത്തിനു ഹരമാണ്.. പ്രമുഖരുടെ കാര്യത്തിൽ പ്രത്യേകിച്ചും ശ്രദ്ധിക്കാറുണ്ട്.,., അപ്പോഴൊക്കെ ചിന്തിച്ചു പോകാറുണ്ട്.. ആ പ്രതി എന്ന് ആരോപിക്കപ്പെട്ട വ്യക്തിയുടെ കുടുംബത്തിനെ പറ്റി.. പ്രത്യേകിച്ച് പെണ്മക്കൾ ഉണ്ടേൽ.. അച്ഛന്റെ നെഞ്ചിലെ മണം പിടിച്ചു ഉറങ്ങിയ മകൾ.. അവൾക്കു സഹിക്കില്ല , ഉൾക്കൊള്ളൻ ആകില്ല..
കേസ് തേഞ്ഞു മാഞ്ഞു പോയേക്കാം.. പക്ഷെ ആ ഉള്ളിലെ പോറൽ , വൃണമായി മാറി , പഴുത്തു സമനില തെറ്റിക്കില്ലേ..? ഒരു മുഖം മായാതെ മനസ്സിൽ ഉണ്ട്..
ആ ആഘാതത്തിൽ നിരങ്ങി നീങ്ങി ഒടുവിൽ ആത്മഹത്യ ചെയ്ത ഒരു മകളുടെ..!
Post Your Comments