കൊഞ്ചും നാരങ്ങനീരും കഴിച്ചാണ് ദിവ്യ എന്ന യുവതി മരിച്ചുവെന്ന വാര്‍ത്തകള്‍ പരക്കുമ്പോള്‍ യാഥാര്‍ഥ്യം വെളിപ്പെടുത്തി വൈറലാകുകയാണ് ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലെ ഡോ. നെല്‍സണ്‍ ജോസഫിന്‌റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. സംഭവം സത്യമാണോ എന്നതില്‍ ഡോക്ടര്‍ കൃത്യമായ വിശദീകരണം പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണ രൂപം
കൊഞ്ചും നാരങ്ങയും :
————————————
ഇന്ന് തന്നെ കുറഞ്ഞതൊരു പതിനഞ്ച് പേര്‍ ഇന്‍ബോക്‌സില്‍ അയച്ചുതന്നിരുന്നു ഈ വാര്‍ത്ത. അയച്ചുതന്നവര്‍ക്കൊക്കെ ഈ പോസ്റ്റ് കൊണ്ടുപോയി കൊടുത്തോളൂ..
പ്രത്യേകിച്ച് ഫാമിലി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാന്‍ മറക്കണ്ട
കാരയ്ക്കല്‍ തൈപ്പറമ്പില്‍ വിജയന്റെ മകള്‍ ദിവ്യ കൊഞ്ചും നാരങ്ങാനീരും കഴിച്ച് മരിച്ചെന്ന വാര്‍ത്തയാണിപ്പോള്‍ വാട്‌സാപ്പിലെ താരം. കൊഞ്ചും നാരങ്ങാവെള്ളവും ഒന്നിച്ചുകഴിച്ചാല്‍ അത് വയറ്റില്‍ വച്ച് കൊടും വിഷമായി മാറാമെന്നും മരണം സംഭവിക്കാമെന്നുമൊക്കെയാണ് പല മെസേജുകളുടെയും ഉള്ളടക്കം.
കാല്‍സ്യം ആഴ്‌സനേറ്റെന്ന രാസവസ്തു മീന്‍ മുള്ളിലും കൊഞ്ചിന്റെ തോടിലുമൊക്കെയുണ്ടെന്നും അത് നാരങ്ങാനീരിനോടോ വൈറ്റമിന്‍ സി യോടോ പ്രതിപ്രവര്‍ത്തിച്ച് ആഴ്‌സനിക് ഉണ്ടാകുന്നെന്നും മരണം സംഭവിക്കുന്നെന്നുമൊക്കെ കഥകള്‍ മുന്നേറുന്നു.
തികച്ചും അബദ്ധമായ മറ്റൊരു കുപ്രചരണം മാത്രമാണിതെന്നതാണ് വാസ്തവം…
ഏതൊരു വസ്തുവും വിഷമാകുന്നത് അതിന്റെ ഡോസ് അനുസരിച്ചാണ്. ആഴ്‌സനിക് എന്ന രാസവസ്തു പ്രകൃതിയില്‍ത്തന്നെയുള്ളതും വളരെ ചെറിയ അളവുകളില്‍ നമ്മുടെ ഉള്ളിലെത്തുന്നതുമാണ്. അളവ് അധികമാകുമ്പോഴാണ് അത് ഹാനികരമാകുന്നത്… എത്രനേരം ആഴ്‌സനിക്കുമായി ശരീരം സമ്പര്‍ക്കത്തില്‍ വരുന്നെന്നതും പ്രധാനമാണ്.
കൊഞ്ചിലും ചെമ്മീനിലുമൊക്കെ അടങ്ങിയിരിക്കുന്നത് വളരെ ചെറിയ അളവില്‍ ആഴ്‌സനിക് ആണ്. ആഴ്‌സനിക്കിന്റെ ലീതല്‍ ഡോസ് (മരണകാരണമായ അളവ്) 70-200 വരെ മില്ലിഗ്രാമാണ്. സീഫുഡില്‍ ഒരു കിലോഗ്രാമില്‍ 0.5 മില്ലിഗ്രാമൊക്കെയാണ് ആഴ്‌സനിക്കിന്റെ അളവ്. അതായത് 70 മില്ലിഗ്രാം കിട്ടാന്‍ 140 കിലോ കൊഞ്ചണം… :/
വിരോധാഭാസമെന്താണെന്ന് വച്ചാല്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ആഴ്‌സനിക് അടങ്ങിയിട്ടുണ്ടെന്നറിയാവുന്ന ഷിമോഗ പൊടി വാങ്ങിക്കാന്‍ പോകുമെന്ന് തീരുമാനിക്കുന്ന അതേ മലയാളി തന്നെയാണ് ആഴ്‌സനിക്കുണ്ടെന്ന് പറഞ്ഞ് കൊഞ്ചിന്റെ കൂടെ ലൈം ജ്യൂസ് കുടിക്കാതെ പേടിച്ചു നില്‍ക്കുന്നത്…
2001 നു മുന്‍പ് തൊട്ട് പ്രചരിച്ചു തുടങ്ങിയ ഒരു ഇംഗ്ലീഷ് സന്ദേശമുണ്ട്. അത് മലയാളീകരിച്ച് 2016 സമയത്ത് ഒരു വാട്‌സ് ആപ് മെസേജ് ഇറങ്ങി. സീഫുഡും നാരങ്ങാ നീരും ഒന്നിച്ചു കഴിച്ച ഒരു സ്ത്രീ അധികം താമസിയാതെ രക്തസ്രാവം വന്നു മരിച്ചു എന്നതായിരുന്നു ആ സന്ദേശം.
കൊഞ്ച്/ചെമ്മീന്‍ എന്നിവയുടെ ഒപ്പം നാരങ്ങാനീരു ഉള്ളില്‍ ചെന്നാല്‍ ആര്‍സനിക്കും വൈറ്റമിന്‍ സി യും കൂടി പ്രവര്‍ത്തിച്ചു രോഗി പെട്ടന്ന് മരിച്ചു വീഴാനുള്ള യാതൊരു സാധ്യതയുമില്ല.
സാദ്ധ്യത ഉള്ളത് മറ്റൊരു സംഗതിക്കാണ്…
അനാഫൈലാക്‌സിസ് എന്ന് വിളിക്കാം. മനുഷ്യന്റെ ജീവനു ഹാനികരമായ അലര്‍ജിയെന്ന് പെട്ടെന്ന് മനസിലാകാന്‍ പറയാം. അതു പക്ഷേ കൊഞ്ചിന്റെയും നാരങ്ങാനീരിന്റെയും കോമ്പിനേഷന്‍ കൊണ്ടല്ല ഉണ്ടാകുന്നത്.
ചിലര്‍ക്ക് ഇറച്ചിയോടാകാം അലര്‍ജി, ചിലര്‍ക്കത് കൊഞ്ച്, ചെമ്മീന്‍ പോലെയുള്ള ഭക്ഷണങ്ങളോടാകാം, മുട്ടയോട് അലര്‍ജിയുളളവരുണ്ട്, പീനട്ടിനോട് അലര്‍ജിയുള്ളവരുണ്ട്. (എല്ലാ വിഭാഗത്തില്‍ നിന്നും ഓരോ ഭക്ഷണം എടുത്ത് പറയേണ്ടിവരുന്നതും ദ്രാവിഡാണ്. ഇല്ലെങ്കില്‍ ഇതുവച്ചുണ്ടാക്കുന്ന ഹോക്‌സ് പൊളിക്കാനും ഇറങ്ങേണ്ടിവരും)
ശരീരമാസകലം തടിപ്പുകളുണ്ടാകുന്നതും ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടുണ്ടാകുന്നതും വയറിനു വേദനയുണ്ടാകുന്നതും പൊടുന്നനെ രക്തസമ്മര്‍ദ്ദം താണുപോകുന്നതുമടക്കമുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും വിദഗ്ധ ചികില്‍സ ലഭ്യമായില്ലെങ്കില്‍ രോഗി വൈകാതെ തന്നെ മരണപ്പെടാനും പോലും സാദ്ധ്യതയുള്ള അവസ്ഥയാണത്..
അത്തരത്തില്‍ ഭക്ഷണപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളപ്പോള്‍ അവ ഒഴിവാക്കുകയെന്ന വഴി സ്വീകരിക്കുകയല്ലാതെ മോരും മീനും, കൊഞ്ചും നാരങ്ങാവെള്ളവും അങ്ങനെ എന്തു വേണമെങ്കിലും കഴിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല…ആഹാരങ്ങള്‍ തമ്മില്‍ വിരോധമുണ്ടായി വിരുദ്ധാഹാരമുണ്ടാവാന്‍ മനുഷ്യരെപ്പോലെ ചെറ്റകളല്ല അവര്‍..
മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍
Post Your Comments