തോമസ് ചെറിയാന്‍.കെ
അല്ലാഹുവെന്ന വിശുദ്ധിയുടെ അനുഭൂതിയെ മനസിലും ശരീരത്തിലും ആഗീകരിച്ച് സ്വയം സമര്‍പ്പിക്കുന്ന പുണ്യനാളുകള്‍. വിശ്വാസത്തിന്‌റെ പേരിലുള്ള അനുഷ്ഠാനം മാത്രമല്ലത്. വിശുദ്ധിയുടെ സ്വര്‍ഗ വാതിലിലേക്കുള്ള പലായനമാണ്. സഹനത്തിന്‌റെ പാത പിന്നിട്ട് പടച്ചവന്‌റെ പറുദീസയിലേക്ക് മനസിനെയും ശരീരത്തെയും അതിലുപരി അല്ലാഹുവിന്‌റെ പ്രതിരൂപമായ നമ്മുടെ ആത്മാവിനെയും എത്തിക്കുന്ന പൊന്നിന്‍ തിളക്കമുള്ള വിശുദ്ധ നിമിഷങ്ങള്‍. ആ യാത്രയില്‍ വിശപ്പില്ല, ദാഹമില്ല ആകെയുള്ളത് കാരുണ്യവാന്‌റെ അനുഗ്രഹത്തിനായുള്ള പ്രാര്‍ഥനകള്‍ മാത്രം. ഇഹലോകത്തിന്‌റെ ഭൗതികമായ സുഖങ്ങളല്ല, ആത്മീയതയാണ് യഥാര്‍ത്ഥ ലോകമെന്ന് അനുഭവിപ്പിക്കുന്ന അതുല്യാനുഭവം. ചെയ്തുപോയ പാപങ്ങള്‍, വിശുദ്ധിയെ ഇല്ലാതാക്കുന്ന പ്രവൃത്തികള്‍, മനസിനും ശരീരത്തിനും ഏറ്റ കളങ്കങ്ങള്‍ എന്നിവയെ എല്ലാം ഏറ്റു പറഞ്ഞ് പുതുക്കലിന്‌റെ അനുഭവത്തിലേക്ക് കടക്കുന്ന അപൂര്‍വ നിമിഷങ്ങള്‍.
വ്രതം എന്നത് ഭക്ഷണം ത്യജിയ്ക്കുന്നത് മാത്രമല്ല. അത് മനസിനോടും ശരീരത്തോടും ഉള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. അല്ലാഹുവിനായി സ്വയം ത്യജിക്കേണ്ടതിന്‌റെ ആവശ്യകത. അത് ശരീരത്തെയും മനസിനെയും എങ്ങനെ മാറ്റിയെടുക്കുന്നു എന്നതും ഈ നോമ്പു കാലത്ത് നാം ഓര്‍ക്കണം. ചിട്ടയായുള്ള രീതികളിലൂടെ തന്നെ നോമ്പിനെ വിശുദ്ധിയുള്ളതാക്കി തീര്‍ക്കണം. ചില ശീലങ്ങളില്‍ നിന്ന് നോമ്പിലേക്ക് ചുവടു വയ്ക്കുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട ഒന്നുണ്ട്. നമ്മുടെ ശീലങ്ങളല്ല മറിച്ച് നോമ്പ് പറഞ്ഞു തരുന്ന ശീലങ്ങളിലേക്ക് നാം കടന്നു ചെല്ലണം. വ്യായാമത്തിലോ, മറ്റ് ആയാസമേറിയ പ്രവൃത്തികളോ ജോലികളിലോ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വ്രതം ആരംഭിക്കുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് കൃത്യമായി പാലിക്കുകയും വേണം. ശരീര സംരക്ഷണത്തിനായി ജിം, കളരി എന്നിവിടങ്ങളില്‍ സ്ഥിരമായി പോകുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ നോമ്പ് കാലത്ത് പ്രത്യേക സമയക്രമം കണ്ടെത്തണം. ശരീരത്തില്‍ ജലത്തിന്‌റെ അംശം കുറയാന്‍ സാധ്യതയുള്ള ദിനങ്ങളാണിത്. ഇത്തരം അവസരങ്ങളിലെ വ്യായാമം ശരീരത്തിന് കൂടുതല്‍ ക്ഷീണം തോന്നിക്കും. വ്യായാമം വൈകിട്ട് ആയാല്‍ കുഴപ്പമില്ല. പ്രഭാതത്തിലുള്ള വ്യായാമം വ്രത സമയത്ത് കഴിവതും ഒഴിവാക്കുക.
ദിവസവും നോമ്പ് തുറക്കുന്ന സമയം അതായത് വൈകിട്ട് അമിതമായി ഭക്ഷണം കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യത്തിനു മാത്രം കഴിയ്ക്കുക. കാരണം പകല്‍ ഭക്ഷണം കഴിക്കാത്തതിനാല്‍ അവയവങ്ങള്‍ മികച്ച ദഹന പ്രക്രിയ നടത്താന്‍ സജ്ജമാണ്. എന്നാല്‍ ഭക്ഷണം അധികമായാല്‍ ഇത് പ്രശ്‌നമാകും. മാത്രമല്ല പിറ്റേന്ന് ക്ഷീണം വരുകയും ചെയ്യും. നോമ്പ് തുറക്കുമ്പോള്‍ പഴങ്ങളും പച്ചക്കറികളുമാണെങ്കില്‍ ഉത്തമം. ഇവ ശരീരത്തിന് മികച്ച പോഷണം നല്‍കുകയും ദഹന പ്രക്രിയയെ ഊര്‍ജിതപ്പെടുത്തുകയും ചെയ്യും. വറുത്തതും പൊരിച്ചതുമായവ തീര്‍ത്തും ഒഴിവാക്കുന്നത് ഉത്തമം. ഭക്ഷണ ശേഷം ധാരാളം ശുദ്ധജലം കുടിയ്ക്കണം. രാവിലെ നോമ്പ് ആരംഭിക്കുന്നതിന് മുന്‍പ് തിളപ്പിച്ചാറിയ വെള്ളം ഉറപ്പായും കുടിയ്ക്കണം. ഇത് ദിവസം മുഴുവന്‍ ഉന്‍മേഷം കാക്കുന്നതിന് സഹായകരമാണ്. ശരീരത്തിലെ കൊഴുപ്പിന്‌റെ അളവ് കുറയുന്ന സമയം കൂടിയാണ് വ്രതം. ഇത് ആരോഗ്യത്തെ ഉത്തേജിപ്പിക്കും എന്ന കാര്യവും മറക്കണ്ട.
ശരീരത്തിന് മാത്രമല്ല മനസിന്‌റെ പുനര്‍നിര്‍മ്മാണം കൂടിയാണ് നോമ്പ്. ശരീരത്തിലെ പോസിറ്റീവ് എനര്‍ജി ഈ സമയത്ത് കൂടുമെന്നും പഠനങ്ങള്‍ പറയുന്നു. വ്രതം കൃത്യമായി പാലിയ്ക്കുക എന്ന ചിന്ത ഉള്ളത് തന്നെ മനസ് തരുന്ന ഏകാഗ്രതയ്ക്ക് ഉദാഹരണമാണ്. ഇവ നമ്മുടെ ചിന്തകളെയും പോസിറ്റീവാക്കി മാറ്റും. ഓരോ വര്‍ഷവും മനസിനെയും ശരീരത്തെയും പുതുക്കുന്നതില്‍ നോമ്പിനുള്ള പങ്ക് അമൂല്യമാണ്. ചിട്ടയായി നോമ്പിനെ സ്വീകരിച്ചാല്‍ നോമ്പ് തിരികെ നല്‍കുന്ന ആത്മീയവും ശാരിരീകവുമായ അനുഭവം അതുല്യമായ ഒന്നാണ്. അത് ചിട്ടയായി വിശുദ്ധിയോടെ പരിപാലിക്കുന്ന ധര്‍മ്മമാണ് അല്ലാഹു മനുഷ്യകുലത്തിന് പകര്‍ന്നു നല്‍കിയത്. ഈ നോമ്പിലും വിശുദ്ധിയൊടെ വ്രതമെടുക്കാനും മനസിനും ശരീരത്തിനും പൂര്‍ണ ആരോഗ്യത്തൊടെ സംരക്ഷണം നല്‍കുവാനും, സ്‌നേഹത്തിന്‌റെയും സഹാനുഭൂതിയുടെയും വഴിയില്‍ ജീവിത യാത്രയില്‍ മുന്നോട്ട് പോകുവാനും നാം ഓരോരുത്തര്‍ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
Post Your Comments