Latest NewsDevotional

സന്ധ്യാ സമയത്ത് അനുഷ്ഠിക്കേണ്ടതും അരുതാത്തതുമായ കാര്യങ്ങള്‍

പരമ്പരാഗത കേരളീയ ഹൈന്ദവ കുടുംബങ്ങളില്‍ തൃസന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തി, നാമ ജപം നടത്തുന്ന രീതി ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം ന്യൂജനറേഷന്‍ ഫ്ലാറ്റുകളില്‍ ആര്‍ക്കും സമയമില്ല. എന്നാല്‍ പഴമക്കാര്‍ക്ക് തൃസന്ധ്യാ സമയത്തേക്കുറിച്ച്‌ വ്യക്‌തമായ ചില കാഴ്ചപ്പാടുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ചില കാര്യങ്ങള്‍ തൃസന്ധ്യ സമയത്ത് ചെയ്യാന്‍ പാടില്ലെന്നും നിഷ്കര്‍ഷിച്ചു. ഈശ്വരപ്രാർഥനയ്ക്കുള്ള സമയമായാണ്‌ പൂർവികർ തൃസന്ധ്യയെ കണ്ടിരുന്നത്‌. സന്ധ്യാ സമയത്ത് അനുഷ്ഠിക്കേണ്ടതും അരുതാത്തതുമായ ചില കാര്യങ്ങളെക്കുറിച്ച് അറിയാം.

തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ ഭവനങ്ങളില്‍ നിലവിളക്ക്‌ കൊളുത്തണം. ‘ദീപം… ദീപം…’ എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും സന്ധ്യാ മന്ത്രം ചൊല്ലുന്നത് ഉത്തമം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം.

ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്നു അറിവുള്ളവര്‍ പറയുന്നു.

എന്നാല്‍ തൃസന്ധ്യയ്ക്കു ഭക്ഷണം, അതിഥികളെ സൽക്കരിക്കൽ, പണം നൽകൽ, ധാന്യമോ തൈലമോ കൊടുക്കൽ ,സ്നാനം, വിനോദ വ്യായാമങ്ങൾ, തുണികഴുകൽ ,വീട് വൃത്തിയാക്കൽ ഇവയൊന്നുമരുതെന്നാണ് കാലങ്ങളായുള്ള വിശ്വാസം. ഈ സമയത്ത് ഭവനത്തിൽ കലഹമുണ്ടാക്കുന്നത് ഒഴിവാക്കുക. വീട്ടിൽ നിന്ന്‌ തൃസന്ധ്യയ്ക്ക്‌ പുറത്തോട്ടു പോകുകയുമരുത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button