പാലക്കാട്•എടപ്പാള്‍ തീയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി മൊയ്തീന്‍കുട്ടി നേരത്തെയും ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയും അമ്മയും താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വച്ചായിരുന്നു പീഡനം. അമ്മയുടെ ഒത്താശയോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.
തീയറ്ററിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മൊയ്തീന്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടും സമ്മതത്തോടും ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമ്മയായ 35 കാരിയെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
യുവതി ഏറെനാളായി മൊയ്തീന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലായിരുന്നു താമസം. കഴിഞ്ഞ 18-നു മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍നിന്നു തൃത്താലയിലേക്കു കൊണ്ടുപോകാന്‍ യുവതി മൊയ്തീന്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഈ യാത്രയ്ക്കിടെയാണ് ഇവര്‍ എടപ്പാള്‍ തീയറ്ററില്‍ സിനിമ കാണാന്‍ കയറിയതും ബാലികയെ ക്രൂരപീഡനത്തിന് ഇരയാക്കിയതും.
തീയറ്റര്‍ ഉടമ സി.സി.ടി.വി ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ഏപ്രില്‍ 26-നു തെളിവുസഹിതം പരാതിപ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്.ഐ: കെ.ജി. ബേബിയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെയും പോസ്കോ നിയമപ്രകാരം കേസെടുക്കും
പീഡനത്തിനിരയായ ബാലികയ്ക്കു പ്ലസ്വണിനും ബിരുദത്തിനും പഠിക്കുന്ന രണ്ടുസഹോദരിമാരുണ്ട്. പീഡനത്തിനിരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം സാമൂഹികനീതി വകുപ്പിന്റെ നിര്‍ഭയ ഭവനിലേക്കു മാറ്റി. പ്രതികള്‍ കുട്ടിയുമൊത്തു തീയറ്ററിലെത്തിയ ബെന്‍സ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
മൊയ്തീന്‍കുട്ടിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികളെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് കോടതി പരിസരത്ത് എത്തിച്ചേര്‍ന്നത്. ഇരുവര്‍ക്കും എതിരേ അസഭ്യവര്‍ഷം നടത്തി ജനക്കൂട്ടം രോഷാകുലരായി. ഇവരെ പിന്തിരിപ്പിച്ച് പ്രതികളെ വാഹനത്തില്‍ കയറ്റാന്‍ പോലീസിനു ബലപ്രയോഗം വേണ്ടിവന്നു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും.
മലപ്പുറം ഡി.സി.ആര്.പി. ഡി.വൈ..എസ്.പി: ഷാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments