ശിവാനി ശേഖര്‍
മലയാളികളുടെ മനസ്സിൽ ഒരിക്കലും മായാത്ത അമ്മമുഖമാണ് കവിയൂർ പൊന്നമ്മയുടേത്!! വലിയ കുങ്കുമപ്പൊട്ടും തങ്കനിലാപ്പുഞ്ചിരിയുമായി മലയാള സിനിമയുടെ തറവാട്ടു മുറ്റത്ത് വെറ്റിലച്ചെല്ലത്തിൽ താളം പിടിച്ചിരിപ്പുണ്ട് ഈ “”പൊന്നമ്മ””!!!
മലയാളിയുടെ അമ്മസങ്കല്പങ്ങൾക്ക് മാറ്റു കൂട്ടിയ അഭിനയശൈലിയിലൂടെ മലയാളത്തിന്റെ സ്വന്തം അമ്മയായി മാറി ഈ തനിത്തങ്കം!!മികച്ച അഭിനയ ചാതുര്യം കൈമുതലായുള്ള ഈ അമ്മ അഭിനയിച്ച ചിത്രങ്ങളിലെല്ലാം കഥാപാത്രമായി ജീവിക്കുക തന്നെയായിരുന്നു!! കുടുംബത്ത് ഒരമ്മയുണ്ടെങ്കിൽ ഈ അമ്മയെപ്പോലെയായിരിക്കണം എന്ന് ഓരോ മലയാളിയും ആഗ്രഹിച്ചു! വെള്ളിത്തിരയിലെ മക്കളെ കൊഞ്ചിക്കുമ്പോൾ, ശാസിക്കുമ്പോൾ, സ്നേഹ വാത്സല്യങ്ങൾ കോരിച്ചൊരിയുമ്പോൾ ഇത് തന്റെ അമ്മയായിരുന്നെങ്കിലെന്ന് ഓരോ പ്രേക്ഷകനും കൊതിച്ചു!
മോഹൻലാൽ ചിത്രങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായിരുന്നു കവിയൂർ പൊന്നമ്മ! അതിനാൽ തന്നെ “മോഹൻലാലിന്റെ അമ്മ” എന്നൊരു വിശേഷണവും ഈ അമ്മയ്ക്കുണ്ട്! പഴയ തലമുറയിലെ സത്യൻ മുതൽ ഇളം തലമുറയിലെ നിരവധി താരങ്ങളുടെ അമ്മയായി വെള്ളിത്തിരയിൽ പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ അമ്മനടി!! ഒരു പക്ഷേ,മലയാള ചലച്ചിത്ര രംഗത്ത് ഇത്രയധികം അമ്മവേഷങ്ങൾ തകർത്തഭിനയിച്ച മറ്റൊരു അഭിനേത്രിയുണ്ടാവില്ല!
പമ്പാനദിയുടെ കൈവഴികളിലൊന്നായ മണിമലയാറിന്റെ തീരത്തെ “കവിയൂർ” എന്ന ഗ്രാമത്തിൽ ജനിച്ച് സംഗീതത്തിന്റെ ചുവടു പിടിച്ച് , പിന്നീട് നാടകങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്തേയ്ക്ക് അമ്മക്കഥാപാത്രങ്ങൾക്ക് മിഴിവേകാൻ വലതു കാലെടുത്തു വച്ചു കയറുകയായിരുന്നു! (പ്രശസ്തമായ” തൃക്കല്ക്കുടി ഗുഹാ ക്ഷേത്രവും, തൃക്കവിയൂർ മഹാദേവക്ഷേത്രവും ആണ് കവിയൂർ ഗ്രാമത്തിന്റെ പ്രത്യേകത!!)
തോപ്പിൽ ഭാസിയുടെ”മൂലധനം”എന്ന നാടകത്തിലൂടെ അഭിനയലോകത്തേയ്ക്ക് എത്തിപ്പെട്ട ഈ അനുഗ്രഹീത നടിയുടെ ആദ്യചിത്രം”ശ്രീരാമ പട്ടാഭിഷേകം” ആയിരുന്നുവെങ്കിലും “കുടുംബിനി” എന്ന ചിത്രത്തിലെ രണ്ടു കുട്ടികളുടെ അമ്മയായ മുഴുനീള റോളിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്! പിന്നീടങ്ങോട്ട് സമാനതകളില്ലാത്ത അഭിനയത്തികവിൽ മലയാള സിനിമാലോകത്തെ വാത്സല്യനിധിയായ അമ്മയുടെ പദവിയിലേക്ക് ഉയരുകയായിരുന്നു ഈ ആദരണീയ വ്യക്തിത്വം!!
വലിപ്പച്ചെറുപ്പമില്ലാതെ താരങ്ങളെല്ലാം ഒരു പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടിയാണ് ശ്രീമതി കവിയൂർ പൊന്നമ്മ! കൂടെ അഭിനയിച്ചവരിൽ ആരെയാണ് ഏറെയിഷ്ടം എന്ന ചോദ്യത്തിന് എല്ലാവരെയും ഇഷ്ടമാണെന്നും എന്നാൽ മോഹൻലാലിനോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ടെന്നും കുസൃതിച്ചിരിയുമായി പറയാതെ പറയുന്നു !
എം എസ് സുബ്ബലക്ഷ്മിയെപ്പോലെ വലിയൊരു സംഗീതജ്ഞയാവാൻ കൊതിച്ച “പൊന്നമ്മ” യ്ക്ക് കാലം കരുതി വച്ചിരുന്നത് മലയാള സിനിമയുടെ “അമ്മ മഹാറാണി” പട്ടമായിരുന്നു! മഹാനടൻ സത്യന്റെ നായികയായി ഒരു സിനിമയിൽ അഭിനയിച്ചുവെങ്കിലും പിന്നീട് അമ്മവേഷങ്ങളിലേക്ക് പകർന്നാട്ടം നടത്തുകയായിരുന്നു കവിയൂർ പൊന്നമ്മ!! “അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ” എന്ന ഗാനം കവിയൂർ പൊന്നമ്മ നായികയായി അഭിനയിച്ച ചിത്രത്തിലേതാണ്! 1971,72,73,94 എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്!1974 ൽ പുറത്തിറങ്ങിയ “നെല്ല്” എന്ന ചിത്രത്തിലെ അഭിനയം മലയാളിക്ക് മറക്കാനാവാത്ത ഒന്നാണ്!
ന്യൂ ജനറേഷൻ സിനിമകളിൽ അമ്മമാരെ ആവശ്യമില്ലാത്തതിനാൽ പുതിയ സിനിമകളിലൊന്നും താനില്ലെന്ന് വിഷമത്തോടെ പങ്കു വെയ്ക്കുന്നുണ്ട് ഈ അമ്മ!എഴുതിരിവിളക്കിന്റെ ശോഭയോടെ എപ്പോഴും പുഞ്ചിരിക്കുന്ന കവിയൂർ പൊന്നമ്മ മലയാളികളുടെ,മലയാള സിനിമാലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ്!! ആലുവാപ്പുഴയുടെ തീരത്തെ സ്വപ്നഗൃഹത്തിൽ വിശ്രമജീവിതം നയിക്കുകയാണ് മലയാളത്തിന്റെ സ്വന്തം അമ്മ! എഴുപതിന്റെ നിറവിൽ ഇന്നും ഊർജ്ജസ്വലതയോടെ ഓടി നടക്കുന്ന സ്നേഹനിധിയായ അമ്മയ്ക്ക്, മുത്തശ്ശിക്ക് ഈ മാതൃദിനത്തിൽ ആശംസകളോടൊപ്പം ആയുരാരോഗ്യ സൗഖ്യങ്ങളും,സർവ്വ മംഗളങ്ങളും നേർന്നു കൊള്ളുന്നു!!
Post Your Comments