ജാതിയുടെയും മതത്തിന്റെയും കൂച്ച് വിലങ്ങുകള്‍ പൊട്ടിച്ച് അവര്‍ ഒന്നായി. വിവാഹ നിശ്ചയം കഴിഞ്ഞ് മിന്നുകെട്ടിനായി കാത്തിരിക്കുമ്പോഴാണ് വിധി തന്റെ വില്ലത്തരം കാട്ടിയത്. വധുവിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. അപകടത്തില്‍ ചലനമറ്റു കിടന്ന അവളുടെ കൈകളില്‍ അവന്‍ മുറുകെ പിടിച്ചു. അവളെ നെഞ്ചോടു ചേര്‍ത്തു. കൊച്ചു കുട്ടിയെപ്പോലെ പരിചരിച്ചു, ഒടുവില്‍ കാലം അവളെ മടക്കി നല്‍കിയപ്പോള്‍ എല്ലാവരുടെയും അനുഗ്രഹത്തോടെ അവന്‍ അവളുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.
വിഷ്ണുവിന്റെയും വാണിയുടെയും ജീവിത കഥയാണ് പറയുന്നത്. വാണിയുടെ അമ്മയാണ് മരുമകന്റെ കരുതലുകളെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. വാണിയുടെ അമ്മ ബെറ്റിമോളാണ് കടന്നു പോയ കനല്‍ വഴികളെക്കുറിച്ച് മുഖപ്പുസ്തകത്തില്‍ കുറിച്ചത്. ക്രിസ്ത്യന്‍ സമുദായാംഗമായ വാണിയും നായരായ വിഷ്ണുവും തമ്മിലുള്ള വിവാഹം കഴിഞ്ഞ മാസം 27നാണ് നടന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
പ്രിയപ്പെട്ടവിഷ്ണുവിന്..
27/4/2018ല്‍ വാണിയെ നിനക്കൊപ്പം പറഞ്ഞയച്ചപ്പോള്‍ ഒരു പക്ഷേ ഈ ലോകത്ത് ഏറ്റവും സന്തോഷിച്ച വ്യക്തി ഞാനാവും.. കാരണം നമ്മളെല്ലാവരും തരണം ചെയ്ത യാതനാപൂര്‍ണ്ണമായ വഴികള്‍ അത്ര ഭീകരമായിരുന്നല്ലോ..! ഇപ്പോഴും ഇത് കുറിക്കുമ്പോള്‍ എന്തിനെന്നറിയാതെ എന്റെ കണ്ണു നിറയുന്നുണ്ട്..! എന്നിട്ടും എഴുതിപ്പോകുന്നത് ഇങ്ങനെയും ജീവിതം തളിര്‍ക്കുകയും പൂക്കുകയും ചെയ്യുമെന്ന് കുറച്ചു പേരെങ്കിലും അറിയട്ടെ എന്നു കരുതിയാണ്..!
നാലു വര്‍ഷം മുമ്പാണ്… നല്ല ബുദ്ധിയും കഴിവുമൊക്കെയുള്ള രണ്ടു കുട്ടികള്‍ അമ്മമാരോടു പറയുന്നു.. ഞങ്ങള്‍ സ്‌നേഹിക്കുന്നു.. കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്.. അദ്ധ്യാപകരായ അമ്മമാര്‍ മറുപടി തരുന്നു.. മോളു പോയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷില്‍പഠിച്ച് എം.എ.പൂര്‍ത്തിയാക്ക്.. മോന്‍ പോയി പി.എച്ച്.ഡി.ചെയ്യ്.. രണ്ടു വര്‍ഷം കഴിഞ്ഞും തീരുമാനത്തിനു മാറ്റമില്ലെങ്കില്‍ ജീവിത കാലം മുഴുവനും അന്യോന്യം സഹിക്കാമെന്നുള്ള നിങ്ങളുടെ തോന്നല്‍ നിലനിന്നാല്‍ അന്ന് കല്യാണക്കാര്യം പരിഗണിക്കാം.. 2016 ആയപ്പോഴേക്കും മോള്‍ എം.എ ഗംഭീരമായി പൂര്‍ത്തിയാക്കി.. ഇരുവരും പഴയ തീരുമാനം ആവര്‍ത്തിച്ചു..
എന്നാപ്പിന്നെ പിള്ളേരുടെ കല്യാണമാകാം എന്നു ഞങ്ങളും കരുതി.. പിന്നെ ചടങ്ങുകളുടെ വരവായി. അത്യാവശ്യം ബന്ധുക്കളൊക്കെപോയി വന്നു.. നമുക്കു ജാതിയില്ല എന്നു പണ്ടേ പ്രഖ്യാപിച്ചഞങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരാചാരത്തോടും മതിപ്പോ വെറുപ്പോ ഇല്ലാത്തതിനാല്‍ വിഷ്ണുവിന്റെ അമ്മയുടെ ആഗ്രഹം പോലെ നായര്‍സമുദായത്തിന്റെ ആചാരപ്രകാരം വിവാഹ ചടങ്ങുകള്‍ നടത്താനും തീരുമാനമായി.. പാവം രമ ടീച്ചര്‍ കുറിപ്പിച്ച ശുഭമുഹൂര്‍ത്തത്തില്‍ തന്നെ ഭംഗിയായി വിവാഹ നിശ്ചയം നടന്നു.. അത് 2016 ഒക്ടോബര്‍ 20 നു ആയിരുന്നു..
2016 നവംബര്‍ 2 നു, വിവാഹ നിശ്ചയത്തിന്റെ 13 ആംനാള്‍ രാവിലെ വാണി അപകടത്തില്‍ പെടുന്നു.. മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തിലെ ദിനരാത്രങ്ങള്‍.ഐ.സി.യുവിലെ തണുത്ത രാപകലുകള്‍.. ജീവന്‍ കിട്ടിയാലും വൈകല്യങ്ങള്‍ ഉണ്ടാവുമോയെന്ന ഉത്കണ്ഠകള്‍…!
ജ്യോത്സ്യന്മാര്‍, ഉപദേശകര്‍..ഒപ്പം നിന്നവര്‍.. അവസരം നോക്കി കുത്തിനോവിച്ചവര്‍.., ദ്രോഹിച്ചവര്‍..!
വിഷ്ണു വിവാഹത്തില്‍ നിന്നും പിന്മാറിയോ..? എന്ന ചോദ്യമാണ് ആ ദിവസങ്ങളില്‍ ഞാനേറ്റവും കേട്ടത്..! വേറൊരു വിഭാഗം ഉപദേശിച്ചത് ജാതകദോഷമുള്ള ആ പയ്യനുമായി ഇനിയെങ്കിലും ഒരു ബന്ധവും പാടില്ലെന്നാണ്.. ഈ ബന്ധം ഇവിടംകൊണ്ടവസാനിപ്പിക്കണമെന്ന് ഉപദേശിച്ചവരുമേറെ…!അവിശ്വാസികളെ അന്ധവിശ്വാസികളാക്കാനുള്ള സൈക്കളോ ജിക്കല്‍ മൂവ്..
സംഘര്‍ഷങ്ങളുടെ ആ നാളുകള്‍ നമ്മെ കൂടുതല്‍ അടുപ്പിക്കുകയായിരുന്നു..!വിഷ്ണുവും വീട്ടുകാരും ഒരേ മനസ്സോടെ വാണിക്കായി കാത്തിരുന്നു…! ഒന്നരക്കൊല്ലം നീണ്ട ചികില്‍സ.. സങ്കീര്‍ണ്ണമായ ആറു സര്‍ജറികള്‍..! രണ്ടു സാധാരണ സര്‍ജറികള്‍..!ഐ.സി.യു.കളും ആശുപത്രി വരാന്തകളും ജീവിതത്തിന്റെ ഭാഗമായ കാലം.. നീണ്ട ചികില്‍സയ്ക്കിടയിലെ പല തരം തിരിച്ചടികള്‍.. മരണം അവളെ തട്ടിയെടുക്കുമോ എന്നു ഭയന്ന നിരവധി സന്ദര്‍ഭങ്ങള്‍.. നാലു മാസം നീണ്ട കിടപ്പില്‍ നിന്നും എണീറ്റിരുന്നത്., കാലു മെല്ലെ അനക്കിയത്, വോക്കറില്‍ പിടിച്ച് എണീറ്റു നിന്നത്.. പല തരം വോക്കറുകളിലൂടെ പിച്ചവച്ചത്… പോസ്റ്റ്‌ട്രോമാ ഡിസോര്‍ഡറിന്റെ സങ്കീര്‍ണ്ണമായ മാനസികാവസ്ഥകളിലൂടെ കടന്നുപോയത്… എഴുതിഫലിപ്പിക്കാനാവാത്ത ഈ ദുരവസ്ഥ കളിലെല്ലാം അവളെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച് നീ ഒപ്പമുണ്ടായിരുന്നു… എത്ര വലിയ വൈകല്യം സംഭവിച്ചാലും നിന്നെ വിട്ടു പോവില്ലെന്ന് ഉറക്കെ പറയാന്‍ നിനക്കൊരു മടിയുമില്ലായിരുന്നു… ആര്‍ക്കും അവളെ വിട്ടു കൊടുക്കില്ല… എന്ന ഉറപ്പോടെ എല്ലാ ദിവസവും നീ അവളെ കാണാന്‍ വന്നു.. കൂട്ടിരുന്നു.. ആശുപത്രി വരാന്തയിലും ഓപ്പറേഷന്‍ തീയേറ്ററുകളുടെ മുന്നിലും നീ എനിക്കു കൂട്ടായിരുന്നു… എനിക്കുപിറക്കാതെ പോയ മകനാണു നീ… അല്ല…. എന്റെ മകള്‍ക്കായി ഒരുപാടു നന്മയുള്ള ഒരമ്മയുടെ വയറ്റില്‍ പിറന്ന എന്റെ മകന്‍…..!
പണത്തിന്റെ പേരില്‍, രോഗത്തിന്റെ പേരില്‍, ദുരന്തങ്ങളുടെ പേരില്‍, വിവാഹശേഷം പോലുംവിട്ടകലുന്നവര്‍ ഏറെയുള്ള ഈ ലോകത്ത് നിന്റെ മനസ്സിന്റെ നന്മ ലോകം അറിയേണ്ടതാണ്…
കല്യാണം കഴിഞ്ഞ് പതിറ്റാണ്ടിനു ശേഷവും ഉണ്ടായ ചെറിയ അസുഖങ്ങളെ ചൂണ്ടി ഈ രോഗം വീട്ടീന്നേഉള്ളതാണോ? എന്ന ചോദ്യം ഒരുപാടു കേട്ട ആളാണു ഞാന്‍… അവിടെയാണ് നിന്റെ തീരുമാനങ്ങളെ പിന്‍തുണച്ച ഒപ്പം നിന്ന അമ്മ സ്‌നേഹത്തിന്റെ പ്രതിരൂപമാകുന്നത്..!
കാലാന്തരത്തില്‍ സ്വതന്ത്ര വ്യക്തികളെന്ന നിലയില്‍ അഭിപ്രായവ്യത്യാസങ്ങളും സൗന്ദര്യപ്പിണക്കങ്ങളുമൊക്കെ നിങ്ങള്‍ക്കിടയിലുണ്ടാവാം…! പക്ഷേ മനസ്സുകളെ ദൂരങ്ങളിലേക്ക് തള്ളിവിടാതെ ചേര്‍ത്തു നിര്‍ത്താന്‍ വിവാഹപൂര്‍വ്വകാലത്തിന്റെ വില തീരാത്ത നൊമ്പരങ്ങളുടെ തീവ്രാനുഭൂതികള്‍ നിങ്ങളെ പ്രാപ്തരാക്കുമെന്ന വിശ്വാസത്തോടെ സ്വന്തം അമ്മ…
ബെറ്റിമോള്‍ മാത്യു..
Post Your Comments