അശ്വിന്‍ കുമാര്‍ എസ് ജി
മാതൃത്വം ലോകത്തെ തന്നെ ഏറ്റവും പുണ്യകരമായ അവസ്ഥയായും , വികാരമായും പ്രവൃത്തി ആയും കരുതി പോരുന്നത് അത് ഒരു സ്ത്രീക്ക് നല്‍കുന്ന ദൈവ തുല്യ പരിവേഷത്തില്‍ ആണ്. സ്വന്തം സന്തതികള്‍ക്ക് വേണ്ടി, കുടുംബത്തിനു വേണ്ടി അതിന്റെ കെട്ടുറപ്പിനും സന്തോഷത്തിനും വേണ്ടി ഒരു സ്ത്രീ ജീവിതം ഉഴിഞ്ഞു വെയ്ക്കുമ്പോള്‍ അവര്‍ പാര്‍വതീ ദേവിയായും , ലക്ഷ്മീ ദേവിയായും സ്വന്തം സന്താനങ്ങള്‍ക്കോ ഭര്‍ത്താവിനോ ഒരപകടം വരുമ്പോള്‍ ശ്രീ ദുര്‍ഗ്ഗയായും പരിണാമം നേടുന്നു. ഈ പലവിധ ഭാവങ്ങള്‍ നമ്മുടെ ഭാരതീയ ദേവതാ സങ്കല്‍പത്തില്‍ ഇടം പിടിച്ചത് തന്നെ സ്ത്രീത്വത്തിനും മാതൃത്വത്തിനും ആ സംസ്കാരം നല്‍കുന്ന പരമോന്നത സ്ഥാനം വിളിച്ചോതുന്നു.ഏതൊരു സ്ത്രീയും, അവള്‍ കര്‍ഷകയോ വീട്ടു ജോലിക്കാരിയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥയോ ആരോ ആയി കൊള്ളട്ടെ മാതൃത്വം എന്ന അവസ്ഥയിലൂടെ അതിന്റെ ത്യാഗോജ്വലമായ പ്രവൃത്തി പദങ്ങളിലൂടെ അവള്‍ ആര്‍ജ്ജിക്കുന്നത് ദേവീ ഭാവം ആണ്.നമ്മുടെ സുജാതയെ പോലെ.
അല്ല , ആരാണ് ഈ സുജാത ? ഒരു വീട്ടുജോലിക്കാരി. പല പല വീടുകളില്‍ ഓടി നടന്നു പണിയെടുക്കുന്നു. തൂപ്പും, തുടപ്പും, പാചകവും അലക്കലും എല്ലാം ഈ അമ്മ ചെയ്യുന്നത് ഒറ്റ ലക്‌ഷ്യം മനസ്സില്‍ വച്ചിട്ടാണ്, തനിക്കു മുടങ്ങിയ പഠിപ്പ് മകള്‍ക്ക് ലഭിക്കണം. ആ മകള്‍ അമ്മയെ പോലെ ഒരു വീട്ടു ജോലിക്കാരി ഒരിക്കലും ആവരുത്. തൊഴില്‍ വച്ച് സാമൂഹിക മാന്യത കല്‍പ്പിക്കുന്ന ഒരു സമൂഹത്തില്‍ സ്വന്തം മകള്‍ ചൂലും കയ്യിലെടുത്തു വീടുകള്‍ കയറി നടക്കുന്ന കാഴ്ച ആ അമ്മയ്ക്ക് അചിന്തനീയം. അതിനാല്‍ താന്‍ എത്ര കഷ്ടപെട്ടാലും വേണ്ടില്ല, തന്റെ മകള്‍ ഉയരങ്ങളില്‍ എത്തണം അതാണ് സുജാതയുടെ ആഗ്രഹം.
നവാഗത സംവിധായകനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഒരു ചിത്രം ആണ് “ഉദാഹരണം സുജാത”. ഈ മാതൃദിനത്തില്‍ ഓരോ മക്കള്‍ക്കും കാണാന്‍ പറ്റിയ ഒരു നല്ല ചിത്രം. കഥാനായികയായ സുജാതയുടെ റോള്‍ ചെയ്തിരിക്കുന്നത് മഞ്ജു വാരിയര്‍ ആണ്. മകളായ ആതിരയായി വേഷമിട്ടിരിക്കുന്നതു അനശ്വര രാജനും. സുജാത തന്റെ മനസ്സ് തുറന്നു ദുഖങ്ങളും, പരിഭവങ്ങളും, സ്വപ്നങ്ങളും പങ്കു വെയ്ക്കുന്നത് തന്റെ തൊഴില്‍ ദാതാവും പഴയ കാല സംവിധായകനുമായ ജോര്‍ജ് പോളിനോട് (നെടുമുടി വേണു) ആണ്. അദ്ദേഹം അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്ന മനുഷത്വം ഉള്ളൊരു വ്യക്തി ആണ്.
സുജാതയ്ക്ക് മകളെ കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ ഒക്കെ തന്നെയാണെങ്കിലും ആതിര അതിനെ കുറിച്ചൊന്നും ആവലാതി ഉള്ള ഒരു കുട്ടിയല്ല. അവളുടെ ആഗ്രഹം 10ആം ക്ലാസിനു ശേഷം പഠിത്തം നിര്‍ത്തി എവിടെയെങ്കിലും വീട്ടു ജോലിക്ക് പോയി ഒരു കല്യാണം ഒക്കെ കഴിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ ആണ്. തല്‍കാലം ദുല്‍ക്കര്‍ സല്‍മാന്റെ കടുത്ത ആരാധിക ആയ അവള്‍ , 10ആം ക്ലാസ് പഠനത്തിനു ശേഷം ഉടന്‍ കല്യാണം കഴിക്കും എന്ന് ഉറപ്പിച്ച തന്റെ സുഹൃത്തിനെ ഓര്‍ത്തു അഭിമാനം കൊള്ളുന്നും ഉണ്ട് ! ഇതേ സമയം മകള്‍ക്ക് വേണ്ടി വട്ടി പലിശയ്ക്കു കടം എടുത്തും , വീട്ടു ജോലികള്‍ ചെയ്തും സുജാത ഒഴുക്കുന്ന ചുടു വിയര്‍പ്പിന്റെ താപം പോലും ആതിരയെ അല്‍പ്പം പോലും അലട്ടുന്നില്ല. സ്കൂളില്‍ നടക്കുന്ന പരീക്ഷകളില്‍ ഒക്കെ മകള്‍ വളരെ മോശം മാര്‍ക്കുകള്‍ ആണ് വാങ്ങുന്നത് എന്ന് കണ്ട് ഉത്കണ്ഠപ്പെടുന്ന സുജാത അവളെ വഴക്ക് പറയുന്നു. എന്നാല്‍ വേലക്കാരിയായ അമ്മയുടെ മകള്‍ക്ക് വേലകാരി തന്നെ അയാള്‍ മതി എന്ന പേരില്‍ അവള്‍ തിരിച്ചടിക്കുന്നു. പ്രശ്നം ജോര്‍ജ്ജ് പോള്‍ സാറുമായി ചര്‍ച്ച ചെയ്ത സുജാത ഒടുവില്‍ ഒരമ്മയും ഏറ്റെടുക്കാത്ത “റിസ്ക്” ഏറ്റെടുക്കുന്നു.
സുജാത ഒരു സ്കൂള്‍ കുട്ടിയാവാന്‍ തീരുമാനിച്ചു ! അതെ , തലമുടി ഒക്കെ പിന്നി കെട്ടി യൂണിഫോം ഒക്കെ ധരിച്ചു ഒരു പത്താം ക്ലാസ് കുട്ടി. സ്വന്തം മകള്‍ പഠിക്കുന്ന സ്കൂളില്‍ അതെ ക്ലാസ്സില്‍ കയറി അവളെ കടത്തി വെട്ടി മാര്‍ക്ക് വാങ്ങി , ഒടുവില്‍ ആ വാശിയില്‍ മകള്‍ അമ്മയെ കടത്തി വെട്ടി മാര്‍ക്ക് വാങ്ങും.ഇതൊക്കെയായിരുന്നു സ്നേഹനിധിയായ ആ അമ്മയുടെ കണക്കു കൂട്ടല്‍.ചെറുപ്പക്കാരിയായ സുജാത സ്വന്തം ഭര്‍ത്താവിന്റെ മരണ ശേഷവും വേറൊരു വിവാഹ ജീവിതത്തെ കുറിച്ച് ചിന്തികാത്തതും ആതിര എന്ന തന്റെ ഈ മകളെ കുറിച്ചോര്‍ത്താനെന്നും നാം ഈ ഘട്ടത്തില്‍ ഓര്‍ക്കണം.സുജാതയെ കെട്ടണം എന്ന മോഹവുമായി പഠിച്ചു സര്‍ക്കാര്‍ ഉദ്യോഗം വാങ്ങിയ അയല്‍ക്കാരനായ യുവാവിന്റെ വിവാഹാഭ്യര്‍ഥന പോലും സുജാത തള്ളി കളയാന്‍ കാരണവും വേറൊന്നല്ല.ജീവിതം മുഴുവന്‍ മകള്‍ക്ക് വേണ്ടി ത്യജിച്ച സുജാത എന്ന അമ്മ ഒടുവില്‍ മകള്‍ക്ക് വേണ്ടി പഠിക്കാന്‍ തീരുമാനിച്ചു.ആതിര പഠിക്കുന്ന സ്കൂളില്‍, അതെ ക്ലാസ്സില്‍ ജോര്‍ജ്ജ് സാറിന്റെ സുഹൃത്തായ ‘കുതിര’ എന്ന് വട്ടപേരുള്ള ഹെഡ്മാസ്റ്ററിന്റെ സഹായത്തോടെ സുജാത അഡ്മിഷന്‍ നേടുന്നു.
ആ പ്ലാന്‍ വിജയിക്കുന്നു , സ്വന്തം അമ്മയോട് മത്സരിച്ചു ആതിര പത്താം ക്ലാസ് നല്ല മാര്‍ക്കോടെ പാസ്സാകുന്നു.അപ്പോഴാണ് സുജാത ഞെട്ടലോടെ വേറൊരു കാര്യം മനസ്സിലാക്കുന്നത്. ആതിരയുടെ വാശി പഠിച്ചു മുന്നേറുന്നതില്‍ ആയിരുന്നില്ല പക്ഷെ അമ്മയോടോത്തുള്ള സ്കൂള്‍ ജീവിതം അവസാനിപ്പിക്കുന്നതില്‍ മാത്രം ആയിരുന്നു.വളരെയധിക്കം ദുഖിതയായ സുജാത തിരുവനന്തപുരം ജില്ലാ കളക്ടറും വനിതയുമായ മമതാ മോഹന്‍ദാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാണുന്നു. അവരുടെ വാക്കുകള്‍ സുജാതയ്ക്ക് വളരെയധികം പ്രചോദനം ഏകുന്നു. കാരണം അവരും വളരെ പാവപെട്ട സാധാരണ പശ്ചാത്തലത്തില്‍ നിന്നും പഠിച്ചു സിവില്‍ സര്‍വീസ് നേടിയ ഒരു വ്യക്തി ആയിരുന്നു. തന്റെ മകളെ എങ്ങനെയെങ്കിലും ഇത് പോലെ ഒരു കളക്ടര്‍ ആക്കാന്‍ തന്നെ സുജാത തീരുമാനിക്കുന്നു. എന്നാല്‍ അമ്മ പറയുന്ന ഓരോ വാക്കിനും അവരെ അടിച്ചു താഴ്ത്തുന്ന രീതിയില്‍ മകള്‍ തറുതല പറയുന്നു.
കടക്കെണി , അവഹേളനം, തുടങ്ങി പല വിധ പ്രശ്നങ്ങള്‍ക്ക് നടുവില്‍ നിന്നും , മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിന്റെ തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു സ്വന്തം മകളെ ഒടുവില്‍ അവര്‍ ആഗ്രഹിച്ച ഉന്നത പദവിയില്‍ സുജാത എന്ന അമ്മ എത്തിക്കുന്നു. അമ്മയോട് പറയുന്ന ഓരോ വാക്കും വളരെ സൂക്ഷിച്ചു വേണം എന്ന് കൗമാരക്കാരായ മക്കളെ ഉദാഹരണ സഹിതം ബോധ്യപ്പെടുത്തുന്നു ഈ സുജാത. മകളോടുള്ള സ്നേഹത്തില്‍ പാര്‍വതി ദേവിയായും , മകളുടെ ജീവിതത്തില്‍ ഐശ്വര്യം വിതറി ലക്ഷ്മീ ദേവിയായും സര്‍വ്വ പ്രതിബന്ധങ്ങളെയും ധീരതയോടെ നേരിട്ട് ദുര്‍ഗ്ഗാ ദേവിയായും വിളങ്ങുന്നു സുജാത എന്ന ഈ അമ്മ. പല പല ത്യാഗങ്ങള്‍ സഹിച്ചു ഓരോ മക്കളെയും പെറ്റ്, പോറ്റി , വളര്‍ത്തി വലുതാക്കിയ എല്ലാ അമ്മമാര്‍ക്കും വന്ദനം, മാതൃദിനാശംസകള്‍.
Post Your Comments