ArticleSpecials

അമ്മമാരെ സ്നേഹിക്കാൻ പ്രത്യേകമായി ഒരു ദിനം വേണോ????

ശിവാനി ശേഖര്‍

ഭാഷയിലും, വേഷത്തിലും , എന്തിന്.. ജീവിതശൈലിയിൽപ്പോലും പാശ്ചാത്യ സംസ്കാരം കടമെടുക്കുന്നത് അഭിമാനമായി കരുതുന്ന ഇന്നത്തെ തലമുറയിൽ അമ്മമാരെ ഓർമ്മിക്കാനും ഒരു ദിവസം വേണമെന്നായിരിക്കുന്നു! അമ്മയുടെ കൺവെട്ടത്തുനിന്നകന്ന് സ്വന്തം കാലിൽ നില്ക്കാറായപ്പോൾ,അമ്മയെന്നത് സമയാസമയത്ത് വല്ലതും വെച്ചുവിളമ്പിത്തന്നിരുന്ന, വസ്ത്രങ്ങൾ അലക്കി വെളുപ്പിച്ചിരുന്ന ഒരാൾ എന്നത് മാത്രമായി ചുരുങ്ങി! സുഖവിവരങ്ങളന്വേഷിക്കുവാനോ,ഒന്നു പോയി കാണുവാനോ നേരമില്ലാത്തത്ര തിരക്കുകൾ അഭിനയിച്ച് ജീവിതമാടിത്തീർക്കുന്നു ഇന്നത്തെ തലമുറയിൽ പെട്ട പലരും! അങ്ങനെയുള്ള മക്കൾക്ക് സോഷ്യൽമീഡിയയിലൂടെ അമ്മസ്നേഹം പ്രകടിപ്പിക്കാനുള്ള ദിനമാണ് “മാതൃദിനം” എന്ന് നിസ്സംശയം പറയാം! വാട്സാപ്പിൽ അമ്മയോടൊപ്പമുള്ള ഫോട്ടോകൾ സ്റ്റാറ്റസിട്ട് സ്നേഹം പ്രകടമാക്കുന്നു!! പാവം അമ്മ ഒരു പക്ഷേ അറിഞ്ഞു കാണില്ല!! ഫെയ്സ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളിൽ അതേ ചിത്രങ്ങൾ അപ്ഡേറ്റ് ചെയ്ത് ലൈക്കും കമന്റും വാരിക്കൂട്ടി കൃതാർത്ഥരാവുന്നു!! അമ്മയെ കണ്ടിട്ടോ,വിളിച്ചിട്ടോ ചിലപ്പോ മാസങ്ങളായി ട്ടുണ്ടാവും ! ചിലർക്ക് തങ്ങളുടെ കാവ്യഗുണം തെളിയിക്കാനുള്ള അവസരമാണ് മാതൃദിനം!! മിനുട്ടിന് മിനുട്ടിന് കവിതകൾ പടച്ചു വിട്ട് അമ്മയോടുള്ള സ്നേഹത്തിൽ ഊറ്റം കൊള്ളുന്നു! എല്ലാവരും ഇങ്ങനെയാവണമെന്നില്ല,എന്നാൽ ഒരു വലിയ വിഭാഗം ഇങ്ങനെ തന്നെയാണ്!!

അമ്മയെ സ്നേഹിക്കുന്നവർക്ക്,അമ്മയുടെ സ്നേഹം ആവോളമനുഭവിച്ചർക്ക്,അമ്മയെന്ന പുണ്യം പകർന്ന നന്മകളെ കൂടെക്കൂട്ടിയവർക്ക് ..ദിവസത്തിലൊരു തവണയെങ്കിലും അമ്മയെ ഓർക്കാതിരിക്കാനാവില്ല!! അതിന് പ്രത്യേകമൊരു ദിവസത്തിന്റെ ആവശ്യവുമില്ല! ഈ ഒരു ദിനം മാത്രം അമ്മയെ ഓർത്തിട്ട് ബാക്കി ദിനങ്ങളിൽ ആ ജീവനെ വിസ്മൃതിയിലേക്ക് തള്ളുന്നതിൽ എന്തർത്ഥമാണുള്ളത്?

ജീവിതത്തിന്റെ നല്ല പകുതി മുഴുവനും മക്കളെ വളർത്താനായി ഉഴിഞ്ഞു വെച്ച അമ്മമാർക്ക് വാർദ്ധക്യം പടിവാതിലിലെത്തുമ്പോൾ മാനസീകമായും ശാരീരികമായും ഏറെ പ്രയാസങ്ങളുണ്ടാവും..!! ആ സമയത്ത്, ഒരു പക്ഷേ കൊച്ചുമക്കളേക്കാൾ മക്കളുടെ സാന്നിധ്യമാണ് അമ്മമാർ ആഗ്രഹിക്കുന്നത്! മക്കളെത്ര വളർന്നാലും അമ്മയ്ക്കപ്പോഴും തന്റെ മകൻ/ മകൾ കുഞ്ഞു തന്നെയായിരിക്കും!

മക്കളുടെ തിരക്കുകൾ മറ്റാരെക്കാളും നന്നായി അറിയാവുന്ന അമ്മയ്ക്ക് സ്നേഹത്തോടെ വല്ലപോഴുമെങ്കിലും മക്കൾ അമ്മേയെന്നു വിളിച്ചാൽ പോലും സംതൃപ്തി നല്കും!! സമയമുള്ളപ്പോൾ അടുത്തിരുന്നു വെറുതേ ആ കൈകൾ ഒന്നെടുത്തു തലോടിയാൽ മതിയാവും!! ദൂരെയാണെങ്കിൽ ആ ശബ്ദമൊന്നു കേട്ടാൽ മാത്രം മതിയാകും!! കാരണം മക്കളുടെ കുറ്റം സ്വപ്നത്തിൽ പോലും അവർ ചിന്തികാനാഗ്രഹിക്കില്ല! മക്കളോട് വിഷമങ്ങൾ പറയുകയുമില്ല! സർവംസഹയാണ് അമ്മ!!

ഓർക്കുക…മകൻ / മകൾക്ക് നൂറൂ കൂട്ടം കാര്യങ്ങൾ ചിന്തിക്കാനുണ്ടെങ്കിൽ ഒരമ്മയുടെ ചിന്തകളിൽ അത് നൂറായാലും,പതിനായിരമായാലും തന്റെ മക്കളെക്കുറിച്ചു മാത്രമായിരിക്കും! ജീവിതത്തിന്റെ അസ്തമയങ്ങളിലെത്തി നില്ക്കുന്ന മാതാപിതാക്കളെ കണ്ടില്ലെന്ന് നടിക്കരുത്!! കാരണം അവർ ജീവിച്ചത്,ജീവിക്കുന്നത് മക്കൾക്കു വേണ്ടിയാണ്!! കൊച്ചുമക്കളുടെ കുസൃതികളിൽ പോലും അവർ മക്കളുടെ ബാല്യമായിരിക്കും റീവൈൻഡ് ചെയ്തു കാണുന്നത്! മാതാപിതാക്കളെ ഓർമ്മിക്കാനും സ്നേഹിക്കാനും പ്രത്യേകദിനം എന്നുള്ളത് മാറ്റി അവർ നമ്മുടെ ഭർത്താവ്/ഭാര്യയെപ്പോലെ, മക്കളെപ്പോലെ, സുഹൃത്തുക്കളെപ്പോലെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കി വല്ലപ്പോഴുമെങ്കിലും അവർക്കായി ഇത്തിരി നേരം കരുതി വെയ്ക്കുക!! ഇതളുകൾ പോലെ കൊഴിയുന്ന ജീവിതയാത്രയിൽ അവർ മൺമറഞ്ഞു പോകുമ്പോൾ നമ്മുടെ മനസ്സിൽ എന്നെന്നും കൃതാർത്ഥതയോടെ ഓർമ്മിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാകുമത്!! ഒപ്പം ഒരു മകന്റെ/ മകളുടെ കടമ നിറവേറ്റിയ ചാരിതാർത്ഥ്യവും!

shortlink

Related Articles

Post Your Comments

Related Articles


Back to top button