കൊച്ചി: കുട്ടിക്ക് പേരിടുന്നതിൽ മാതാപിതാക്കൾ തമ്മിൽ തർക്കം ഒടുവിൽ പ്രശ്നം പരിഹരിച്ചത് ഹൈക്കോടതി. വിവാഹ മോചനത്തിന്റെ വക്കില്‍ നില്ക്കുന്ന ദമ്പതികൾ തമ്മിലുള്ള തർക്കം മൂലം കുട്ടിയുടെ സ്കൂള്‍ പ്രവേശനം മുടങ്ങുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിതന്നെ കുട്ടിക്ക് പേരിടുകയായിരുന്നു. കുട്ടിയുടെ മാതാവ് നിശ്ചയിച്ചിരുന്ന പേരില്‍നിന്ന് ജൊഹാന്‍ എന്ന ഭാഗവും പിതാവ് നിശ്ചയിച്ചിരുന്ന പേരില്‍ നിന്ന് സചിന് എന്ന ഭാഗവും എടുത്ത് ‘ജൊഹാന്‍ സചിന്’ എന്നാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് കുട്ടിക്ക് പേരിട്ടത്.
ഭര്‍ത്താവ് ഹിന്ദു സമുദായ അംഗവും ഭാര്യ ക്രിസ്ത്യന്‍ സമുദായ അംഗവുമാണ്. 2010 ആഗസ്റ്റ് 29നാണ് ക്രിസ്ത്യന്‍ മതാചാര പ്രകാരം വിവാഹിതരായത്. തൊട്ടടുത്ത ദിവസം ഹിന്ദുമത ആചാരപ്രകാരവും വിവാഹം രജിസ്റ്റര്‍ ചെയ്തു. 2013 സെപ്റ്റംബര്‍ 20ന് ഇവര്‍ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചു. പിന്നീട് ഇരുവരും പിരിഞ്ഞു.
കുട്ടിയുടെ സ്കൂൾ പ്രവേശനത്തിന്റെ ഭാഗമായി ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഭാര്യയും ഭര്‍ത്താവും കോട്ടയം മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്കി. പക്ഷേ , രണ്ടുപേരും തമ്മിലെ അഭിപ്രായവ്യത്യാസം ശ്രദ്ധയില്‍പെട്ട മുനിസിപ്പാലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടിക്ക് പേരിട്ട് മാമോദീസ മുക്കിയിരുന്നതായി മാതാവ് ഹൈക്കോടതിയെ അറിയിച്ചു. പക്ഷേ പിതാവ് പറഞ്ഞത് കുട്ടി ജനിച്ച് 28ാം ദിവസം നടന്ന ചടങ്ങില്‍ മറ്റൊരു പേര് വിളിച്ചിരുന്നുവെന്നുമാണ്. കുടുംബ കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ കുട്ടിയുടെ അവകാശം ആര്‍ക്കാണെന്ന് അറിയില്ലെന്ന് വാദം കേട്ട ഹൈക്കോടതി നിരീക്ഷിച്ചു, തുടർന്നാണ് പേരിട്ടത് . ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേര് കുട്ടിയുടെ മാതാവിന്റെയും പിതാവിന്റെയും സ്ഥാനത്ത് യഥാക്രമം രേഖപ്പെടുത്തണമെന്നും മുനിസിപ്പാലിറ്റിക്ക് കോടതി നിര്‍ദേശം നല്കി.
Post Your Comments