Latest NewsKeralaNews

കുട്ടിക്ക് പേരിടുന്നതിൽ മാതാപിതാക്കൾ തമ്മിൽ തർക്കം ; ഒടുവിൽ കോടതി ചെയ്തതിങ്ങനെ

കൊച്ചി: കുട്ടിക്ക് പേരിടുന്നതിൽ മാതാപിതാക്കൾ തമ്മിൽ തർക്കം ഒടുവിൽ പ്രശ്‌നം പരിഹരിച്ചത് ഹൈക്കോടതി. വിവാഹ മോചനത്തി​​ന്റെ വക്കില്‍ നില്‍ക്കുന്ന ദമ്പതികൾ തമ്മിലുള്ള തർക്കം മൂലം കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം മുടങ്ങുമെന്ന്​ ചൂണ്ടിക്കാട്ടി ഹൈക്കോടതിതന്നെ കുട്ടിക്ക്​ പേരിടുകയായിരുന്നു. കുട്ടിയുടെ മാതാവ് നിശ്ചയിച്ചിരുന്ന പേരില്‍നിന്ന്​ ജൊഹാന്‍ എന്ന ഭാഗവും പിതാവ് നിശ്ചയിച്ചിരുന്ന പേരില്‍ നിന്ന് സചിന്‍ എന്ന ഭാഗവും എടുത്ത് ‘ജൊഹാന്‍ സചിന്‍’ എന്നാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് കുട്ടിക്ക്​ പേരിട്ടത്.

ഭര്‍ത്താവ് ഹിന്ദു സമുദായ അംഗവും ഭാര്യ ക്രിസ്ത്യന്‍ സമുദായ അംഗവുമാണ്. 2010 ആഗസ്​റ്റ്​ 29നാണ് ക്രിസ്ത്യന്‍ മതാചാര പ്രകാരം വിവാഹിതരായത്. തൊട്ടടുത്ത ദിവസം ഹിന്ദുമത ആചാരപ്രകാരവും വിവാഹം രജിസ്​റ്റര്‍ ചെയ്തു. 2013 സെപ്റ്റംബര്‍ 20ന് ഇവര്‍ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചു. പിന്നീട് ഇരുവരും പിരിഞ്ഞു.

കുട്ടിയുടെ സ്കൂൾ പ്രവേശനത്തിന്റെ ഭാഗമായി ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഭാര്യയും ഭര്‍ത്താവും കോട്ടയം മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കി. പക്ഷേ , രണ്ടുപേരും തമ്മിലെ അഭിപ്രായവ്യത്യാസം ശ്രദ്ധയില്‍പെട്ട മുനിസിപ്പാലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടിക്ക് പേരിട്ട് മാമോദീസ മുക്കിയിരുന്നതായി മാതാവ് ഹൈക്കോടതിയെ അറിയിച്ചു. പക്ഷേ പിതാവ് പറഞ്ഞത് കുട്ടി ജനിച്ച് 28ാം ദിവസം നടന്ന ചടങ്ങില്‍ മറ്റൊരു പേര് വിളിച്ചിരുന്നുവെന്നുമാണ്​. കുടുംബ കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ കുട്ടിയുടെ അവകാശം ആര്‍ക്കാണെന്ന് അറിയില്ലെന്ന് വാദം കേട്ട ഹൈക്കോടതി നിരീക്ഷിച്ചു, തുടർന്നാണ് പേരിട്ടത് . ഭാര്യയുടെയും ഭര്‍ത്താവി​​ന്റെയും പേര് കുട്ടിയുടെ മാതാവി​​ന്റെയും പിതാവിന്റെയും സ്ഥാനത്ത് യഥാക്രമം രേഖപ്പെടുത്തണമെന്നും മുനിസിപ്പാലിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button