KeralaLatest NewsNews

ജസ്‌നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശിയുടെ മൊഴിയില്‍ ദുരൂഹത : സിസി ടിവിയില്‍ ഇവരുടെ ദൃശ്യങ്ങളില്ല

പത്തനംതിട്ട: ജസ്‌നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശിയുടെ മൊഴിയില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. അതേസമയം, വെച്ചൂച്ചിറ കൊല്ലമുളയില്‍ നിന്നു കാണാതായ ജെസ്‌ന മരിയ ജയിംസിനെ ബംഗളൂരുവില്‍ കണ്ടതായ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയില്‍ വിശദമായ തെരച്ചില്‍ നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.. ബംഗളൂരുവില്‍ പെരുനാട് സിഐ എം.ഐ. ഷാജിയുടെ നേതൃത്വത്തിലും മൈസൂരുവില്‍ തിരുവല്ല എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലും ഷാഡോ പോലീസ് കൂടി ഉള്‍പ്പെടുന്ന സംഘം ക്യാമ്പ ്‌ചെയ്ത് അന്വേഷണം നടത്തുകയാണ്. വ്യാഴാഴ്ച രാവിലെ വരെ ജെസ്‌ന അവിടങ്ങളില്‍ എത്തിയതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

ഇതിനിടെ ജെസ്‌നയെ ബംഗളൂരുവിലെ ധര്‍മാരാമില്‍ കണ്ടതായ മൊഴിയുടെ വിശ്വാസ്യത തേടി ഇന്നും പോലീസ് അവിടെ അന്വേഷണം നടത്താനും ഇത്തരത്തില്‍ ഒരു പ്രചാരണം ഉണ്ടായതില്‍ എന്തെങ്കിലും ദുരൂഹതയുള്ളതായി അന്വേഷിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കി. മൊഴി നല്‍കിയ പൂവരണി സ്വദേശി ഇതില്‍ ഉറച്ചു നില്‍ക്കുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. എഎസ്ഐ നാസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു മാത്യു, റെജി എന്നിവരാണ് ബംഗളൂരുവിലെ സംഘത്തിലുള്ളത്.

ബംഗളൂരുവിനു സമീപമുള്ള ധര്‍മാരാമിലെ ആശ്വാസഭവനില്‍ ജെസ്‌ന എത്തിയിരുന്നതായാണ് അവിടെയുള്ളവര്‍ പറയുന്നത്. പൂവരണി സ്വദേശി ജെസ്‌നയുമായി സംസാരിച്ചതായും ഒപ്പം തൃശൂര്‍ സ്വദേശിയായ യുവാവുണ്ടായിരുന്നുവെന്നുമാണ് ലഭിച്ച മൊഴി. എന്നാല്‍ ധര്‍മാരാം ആശ്വാസഭവനിലെയോ തൊട്ടടുത്ത നിംഹാന്‍സ് ആശുപത്രിയിലെയോ സിസിടിവികളില്‍ ജെസ്‌നയുടെയോ ഒപ്പമുള്ളതായി പറയുന്ന യുവാവിന്റെയോ ഒരു ദൃശ്യവും പോലീസിനു കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ ഒന്നുകൂടി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പൂവരണി സ്വദേശിയുടെ മൊഴി പൂര്‍ണമായും തള്ളാതെ മൈസൂരുവിലും വിശദമായ അന്വേഷണത്തിനാണ് പോലീസ് സംഘത്തിനു നിര്‍ദേശം നല്കിയിരിക്കുന്നത്. മുടി നീട്ടിവളര്‍ത്തിയ ഒരു യുവാവ് ജെസ്‌നയ്‌ക്കൊപ്പമുണ്ടായിരുന്നതായാണ് പൂവരണി സ്വദേശി നല്‍കുന്ന വിവരം. തിരക്കിയപ്പോള്‍ തൃശൂര്‍ സ്വദേശിയാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ജെസ്‌നയുടെ മാതൃഗൃഹം തൃശൂര്‍ ഒല്ലൂരിലായതിനാാല്‍ ഇതിനു സമീപമുള്ളയാളാണെന്നും പറഞ്ഞിരുന്നു.

ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഇന്നലെ തൃശൂര്‍ ഒല്ലൂരില്‍ തിരുവല്ല എസ്ഐയും സംഘവും അന്വേഷണം നടത്തി. എന്നാല്‍ ഇങ്ങനെയൊരു യുവാവിനെക്കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. ജെസ്‌നയുടെയും യുവാവിന്റെയും കഥകളും ഇവര്‍ സഞ്ചരിച്ചതായി പറയുന്ന വില കൂടിയ ബൈക്കിനെക്കുറിച്ചും ഇവരുടെ കൈവശമുണ്ടായിരുന്ന പണം നഷ്ടമായതും തുടര്‍ന്ന് അപകടത്തില്‍ പരിക്കേറ്റ് നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും തരത്തില്‍ മറ്റൊരാള്‍ക്ക് വിശ്വസനീയമായ രീതിയില്‍ ജെസ്‌നയുടെ തിരോധാന കഥ അവതരിപ്പിച്ചതിനു പിന്നിലെ ചേതോവികാരം എന്തെന്നു മനസിലാക്കാനാണ് അന്വേഷണസംഘം ബംഗളൂരുവില്‍ തങ്ങുന്നത്. ആന്റോ ആന്റണി എംപിയുമായാണ് പൂവരണി സ്വദേശി ആദ്യം സംഭവങ്ങള്‍ പങ്കുവച്ചത്.

എംപി ആവശ്യപ്പെട്ടതനുസരിച്ചാണ് പോലീസ് ബംഗളൂരുവിലേക്കെത്തിയത്. എംപിയുമായുള്ള സംസാരത്തിന്റെ വീഡിയോ ദൃശ്യം പോലീസ് പരിശോധിച്ചു. ജെസ്‌നയുടെ ചിത്രത്തില്‍ ധരിച്ചിരുന്ന സ്‌കാര്‍ഫു പോലും തിരിച്ചറിഞ്ഞാണ ്പൂവരണി സ്വദേശി സംസാരിച്ചത്. എന്നാല്‍ സ്‌കാര്‍ഫ് കൊല്ലമുളയിലെ വീട്ടിലുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്തു ജെയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് ബികോം വിദ്യാര്‍ഥിനിയുമായ ജെസ്‌ന കഴിഞ്ഞ മാര്‍ച്ച് 22നാണ് വീട്ടില്‍ നിന്നു പോയത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞുപോയ കുട്ടി പിന്നീട് മടങ്ങിവന്നില്ല. എരുമേലി ബസ് സ്റ്റാന്‍ഡ് വരെ കുട്ടി എത്തിയിരുന്നത് കണ്ടവരുണ്ട്. മൊബൈല്‍ഫോണോ എടിഎം കാര്‍ഡോ കുട്ടിയുടെ കൈവശമുണ്ടായിരുന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button