വിജയാപുരം: കര്‍ണടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസിനെയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിലൂടെ കര്‍ണാടകത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പിഴുതെറിയുമെന്നും വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് ദാരിദ്ര്യം എങ്ങനെ മനസിലാകാനാണെന്നും മോദി പറഞ്ഞു.
ചെങ്കോട്ടയില്‍ സ്വച്ഛ് ഭാരതിനെക്കുറിച്ചും ശൗചാലയ നിര്‍മാണത്തെക്കുറിച്ചും പ്രസംഗിച്ചതിനെ ചിലര്‍ പരിഹസിച്ചത് അതുകൊണ്ടാണെന്നും സിദ്ധരാമയ്യ സര്‍ക്കാരില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെടാത്ത ഒരു മന്ത്രിപോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സരദ്വാദിലെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയില്‍ സംസാരിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് അധ്യക്ഷനെ പ്രധാനമന്ത്രി കടന്നാക്രമിച്ചത്.
വീട്ടിലും ഓഫീസിലുമിരുന്നു വരാനിരിക്കുന്ന തോല്‍വിക്കു ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുകയാണു കോണ്‍ഗ്രസ് നേതാക്കളെന്നും തെരഞ്ഞെടുപ്പുവരെ ജനങ്ങളോട് എന്താണു പറയേണ്ടതെന്നുള്ള ചിന്ത അവര്‍ നിര്‍ത്തി മോദി പരിഹസിച്ചു. കൂടാതെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോറ്റുകഴിയുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നെന്നു പഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments