പലയിടങ്ങളിലേക്കും യാത്രകൾ പോകാം. എന്നാൽ ആ സ്ഥലം എന്നതിലുപരി എങ്ങനെ യാത്ര ചെയ്യുന്നു എന്നതിനും പ്രത്യേകതകൾ ഉണ്ട്. തീവണ്ടി യാത്രകളെ പ്രണയിക്കുന്നവർ ഒരുപാടുണ്ട്. ഇത്തരത്തില്‍ ട്രെയിന്‍ യാത്രയെ ഇഷ്ടപ്പെടുന്ന ആളുകള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട കുറച്ച് ഇടങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രത്യേകത നിറഞ്ഞതാണ് ഇവിടുത്തെ മലഞ്ചെരുവിലൂടെയും മലമ്പ്രദേശങ്ങളിലൂടെയും മഞ്ഞുപുതച്ച പര്‍വ്വതങ്ങളുടെ ചരിവിലൂടെയും കടന്നു പോകുന്ന തീവണ്ടിയാത്രകള്‍. തീവണ്ടിയില്‍ സാഹസികത തിരയുന്നവര്‍ക്ക് തീര്‍ച്ചയായും പോയിരിക്കേണ്ട ചില സ്ഥലങ്ങൾ പരിചയപ്പെടാം……..!
പാമ്പന്‍ പാലം ധനുഷ്‌കോടി
ഇന്ത്യന്‍ റെയില്‍വേയുടെയും എന്‍ജിനീയറിങ് വൈദഗ്ധ്യത്തിന്റെയും എക്കാലത്തെയും മികവായി നിലനില്‍ക്കുന്ന ഒരു നിര്‍മ്മിതിയാണ് തമിഴ്‌നാട്ടിലെ ധനുഷ്‌കോടിക്കു സമീപം സ്ഥിതി ചെയ്യുന്ന പാമ്പന്‍ പാലം. നൂറിലധികം വര്‍ഷം പഴക്കമുള്ള ഈ റെയില്‍വേ പാലം 1914 ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്. രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിന് ഇടയിലുള്ള പാക് കടലിടുക്കിന് കുറുകെയാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ ആദ്യരൂപം ബ്രിട്ടീഷുകാരാണ് നിര്‍മ്മിച്ചത്. വ്യാപാര ആവശ്യങ്ങള്‍ക്കായി ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് നിര്‍മ്മിക്കുന്നത്. 145 തൂണുകളിലാണ് ഈ പാലം നിലനില്‍ക്കുന്നത്. ധനുഷ്‌കോടിയെ പിടിച്ചുകുലുക്കിയ 1964 ലെ ചുഴലിക്കാറ്റില്‍ പട്ടണം ഒലിച്ചുപോയെങ്കിലും പാലം കരുത്തോടെ തന്നെ നിലകൊണ്ടു. പാലത്തിന്റെ ചുരുക്കം ചിലഭാഗങ്ങള്‍ക്കു മാത്രമാണ് അന്ന് കേടുപാട് സംഭവിച്ചത്. പിന്നീട് പുതുക്കിപ്പണിത പാലമാണ് ഇന്നു കാണുന്ന പാമ്പന്‍ പാലം.
കൊങ്കണ്‍ റെയില്‍വേ പാത
മഹാരാഷ്ട്രയെയും കര്‍ണ്ണാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പാതയാണ് കൊങ്കണ്‍ പാത എന്നപേരില്‍ അറിയപ്പെടുന്നത്. 91 തുരങ്കങ്ങളും 1858 പാലങ്ങളും ഉള്‍പ്പെടുന്ന കൊങ്കണ്‍ പാതയുടെ സൗന്ദര്യം വാക്കുകളാല്‍ വിശദീകരിക്കുവാന്‍ കഴിയുന്നതല്ല. പശ്ചിമഘട്ടത്തിന്റെ മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്ത ഭംഗിയാണ് കൊങ്കണ്‍ പാതയിലുള്ളത്. മഹാരാഷ്ട്രയിലെ റോഹയെയും കര്‍ണ്ണാടകയിലെ മംഗളുരുവിനെയുമാണ് കൊങ്കണ്‍പാത ബന്ധിപ്പിക്കുന്നത്. ദൂത്സാഗര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രശസ്തമായ വെള്ളച്ചാട്ടങ്ങള്‍ക്കു സമീപത്തുകൂടി കടന്നുപോകുന്ന കൊങ്കണ്‍പാത തീവണ്ടി യാത്രകളില്‍ സുഖം കണ്ടെത്തുന്നവരുടെ ഇഷ്ടയാത്രകളില്‍ ഒന്നുകൂടിയാണ്.
കല്‍ക്ക ഷിംല റെയില്‍പാത
ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയില്‍ പാതകളിലൊന്നാണ് കല്‍ക്ക-ഷിംല റെയില്‍വേ റൂട്ട്. നിലയില്ലാക്കയത്തിനു സമീപത്തെ പാളത്തിലൂടെ കിതച്ചുകൊണ്ടോടുന്ന തീവണ്ടിയും അതിനു തൊട്ടടുത്തുകൂടി ഒന്നിനെയും കൂസാതെ നടന്നുപോകുന്ന ഗ്രാമീണരും മലകളും കാടുകളും എല്ലാം ചേര്‍ന്ന കല്‍ക്ക-ഷില റെയില്‍പാത മലമുകളില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിലൊന്നാണ്. മലമ്പ്രദേശങ്ങളായ ഹരിയാനയിലെ കല്‍ക്കയെയും ഹിമാചലിലെ ഷിംലയെയും തമ്മില്‍ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ പാത നാരോ ഗേജ് കൂടിയാണ്. 107 ടണലുകളും 864 പാലങ്ങളുമാണ് 96 കിലോമീറ്റര്‍ നീളമുള്ള ഈ പാതയിലുള്ളത്. കല്‍ക്ക, തക്‌സാല്‍, ധരംപൂര്‍,ബരോങ്, സോലാന്‍, കമ്ടാഘട്ട്,സമ്മര്‍ഹില്‍സ്, ഷിംല തുടങ്ങി വളരെ മനോഹരങ്ങളായ പ്രദേശങ്ങളിലൂടെയാണ് ഈ യാത്ര കടന്നുപോകുന്നത്. യുനസ്‌കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിലും ഇവിടം ഇടംനേടിയിട്ടുണ്ട്.
ഡാര്‍ജലീങ് ഹിമാലയന്‍ റെയില്‍വേ
യുനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ ഡാര്‍ജലീങ് ഹിമാലയന്‍ റെയില്‍വേ തേയിലത്തോട്ടങ്ങളും മലനിരകളും കാടുകളും ഒക്കെ കടന്നു പോകുന്ന മനോഹരമായ റെയില്‍വോ പാതകളിലൊന്നാണ്. പശ്ചിമബംഗാളിലെ സില്‍ഗുഡി-ഡാര്‍ജലിങ് എന്നീ മലയോര നഗരങ്ങളെയാണ് ആ പാത ബ്‌നധിപ്പിക്കുന്നത്. 1879 നും 1881 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ഈ റെയില്‍വേ പാതയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് അതിന്റെ വളവുകളും തിരിവുകളുമാണ്.
മതേരാന്‍ റെയില്‍വേ പാത
മോട്ടോര്‍വാഹനങ്ങള്‍ക്കു വിലക്കുള്ള ഏഷ്യയിലെ ഏക ഹില്‍ സ്‌റ്റേഷനാണ് മഹാരാഷ്ട്രയിലെ മഥേരാന്‍. സഹ്യാദ്രിയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ഇവിടം റായ്ഗഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 800 മീറ്റര്‍ അഥവാ 2625 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്റ്റേഷന്‍ കൂടിയാണ്. ഇവിടേക്ക് എത്തിച്ചേരുവാന്‍ മനോഹരമായ ഒരു തീവണ്ടിപ്പാതയുണ്ട്. നാഥേരാനില്‍ നിന്നും മാഥേരന്‍ വരെയുള്ള തീവണ്ടിപ്പാത. മഹാരാഷ്ട്രയിലെ പൈതൃക റെയില്‍വേകളില്‍ ഒന്നാണ് മഥേരാന്‍ ഹില്‍ റെയില്‍വേ അഥവാ എം.എച്ച്.ആര്‍. സെന്‍ട്രല്‍ റെയില്‍വേയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇത് നേരാല്‍ എന്ന സ്ഥലത്തെ മാതേരനുമായി ബന്ധിപ്പിക്കുന്ന റൂട്ടാണ്. 21 കിലോമീറ്റര്‍ നീളമുള്ള റൂട്ടാണിത്. നെരാല്‍ മഥേരന്‍ ലൈറ്റ് റെയില്‍വേ 1901 നും 1907 നും ഇടയിലാണ് നിര്‍മ്മിക്കുന്നത്. പിന്നീട് 2005 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇത് അടച്ചുപൂട്ടി. പിന്നീട് 2007 ലാണ് ഇത് തുറന്നുകൊടുത്തത്. 2015 വരെ കൃത്യമായി പ്രവര്‍ത്തിച്ചെങ്കിലും 2016-17 വര്‍ഷങ്ങളില്‍ ഇത് വളരെക്കുറച്ച് സര്‍വ്വീസുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. ഇപ്പോള്‍ 2018 ജനുവരി 26 മുതല്‍ സര്‍വ്വീസ് വീണ്ടും പുനരാരംഭിച്ചു.
Post Your Comments