KeralaLatest NewsNewsIndia

ഡൽഹിയിൽ പൊടിക്കാറ്റിനെത്തുടർന്ന് കനത്ത ജാഗ്രതാ നിർദ്ദേശം ; സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരു മരണം

ഡൽഹി: ഡൽഹിയിൽ ഇന്നലെ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞുവീശി. 39.6 ഡിഗ്രി സെൽഷ്യസ് താപനില തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയതിനു പിന്നാലെയാണു ഡൽഹിയിലേക്കു മഴയും കാറ്റും എത്തുന്നത്.

കാറ്റിനെത്തുടര്‍ന്ന്‍ ഡൽഹിയിലെ എല്ലാ ഈവനിങ് സ്കൂളുകൾക്കും സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചു. അഗ്നിശമന സേന പ്രവർത്തകരെയും രക്ഷാപ്രവർത്തകരെയും സജ്ജമാക്കിയതായി അധികൃതർ വ്യക്തമാക്കി. റോഡിൽ മാർഗതടസ്സമുണ്ടാക്കും വിധം മരങ്ങളോ മറ്റോ വീണാൽ നടപടിയെടുക്കാൻ ട്രാഫിക് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

കേരളത്തിൽ മഴയും ഇടിമിന്നലോടു കൂടിയ കാറ്റുമാണ് ഉണ്ടായത്. ഇന്നും ഇതേ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്
ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം ജില്ലകൾക്കാണു ജാഗ്രതാനിർദേശം.

ഇടുക്കിയിൽ വീട്ടിനുള്ളിൽ വച്ച് ഇടിമിന്നലേറ്റു വയോധിക മരിച്ചു. തൊടുപുഴ വണ്ണപ്പുറം മുണ്ടൻമുടി തെക്കഞ്ചേരിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (മാമ്മി–75) ആണു മരിച്ചത്. വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ശക്തമായ മഴയ്ക്കിടെയായിരുന്നു സംഭവം. അപകടത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു.

ഡൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹിയിൽ ചൊവ്വാഴ്ച മഴയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്. യാത്ര പുറപ്പെടും മുൻപ് കാലാവസ്ഥ മുന്നറിയിപ്പ് നോക്കണമെന്നു ജനങ്ങൾക്കു നിർദേശമുണ്ട്. ഡൽഹി മെട്രോ സർവീസുകളിലും ചൊവ്വാഴ്ച കാലാവസ്ഥയ്ക്കനുസരിച്ച് നിയന്ത്രണമുണ്ടാകും. കാറ്റിന്റെ വേഗം കൂടുന്നതിനനുസരിച്ചായിരിക്കും ട്രെയിൻ വേഗത്തിൽ നിയന്ത്രണം. ഇലക്ട്രിക് ലൈനുകൾക്കു താഴെയും തകര മേൽക്കൂരയ്ക്കും മരങ്ങൾക്കും ചുവടെയും കൊടുങ്കാറ്റ് സമയത്തു നിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, പടിഞ്ഞാറൻ യുപി, സിക്കിം, ബംഗാൾ എന്നിവിടങ്ങളിൽ തിങ്കളും ചൊവ്വയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 50-70 കി.മീ. വേഗതയിലായിരിക്കും ഇവിടങ്ങളിൽ കൊടുങ്കാറ്റ് വീശുക. ഉത്തർപ്രദേശിൽ പലയിടത്തും മണിക്കൂറിൽ 100 കി.മീ. വേഗത്തിൽ തിങ്കളാഴ്ച കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button