കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നേരത്തേ തന്നെ സിപിഎമ്മും പോലീസും ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലേക്ക് നയിച്ച കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെ പോലീസ് ശ്രീജിത്തിനെ ആളുമാറി പിടിച്ച് കൊണ്ടുപോകുകയായിരുന്നു പ്രതികള്‍ കോടതിയില്‍ ആവര്‍ത്തിച്ചുു.
എന്നാല്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് പിന്നില്‍ സിപിഎമ്മിന്റെ പക ആണെന്നാണ് റിപ്പോര്‍ട്ട്. മംഗളമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ തന്നെയാണ് ശ്രീജിത്തിനെ പിടികൂടിയതെന്ന് വാര്‍ത്തയില്‍ പറയുന്നു.
വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ദേവസ്വംപാടം സേനായ് പറമ്പുവിട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്ത് (26) നേയും സഹോദരനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുള്‍പ്പെടെ 10 പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രദേശത്തെ ഒരു സംഘം ആളുകള്‍ വാസുദേവന്റെ വീട് ആക്രമിക്കുകയും ഇതില്‍ മനംനൊന്താണ് വാസുദേവന്‍ ആത്മഹത്യ ചെയ്യുന്നതും. തുടര്‍ന്നാണ് പ്രദേശത്തുകാരായ ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ ഇരിക്കെ ശ്രീജിത്ത് മരിച്ചു. ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് ആദ്യമേ തന്നെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും അല്ലെന്ന് സ്ഥാപിക്കാനായിരുന്നു പോലീസിന്റെ ശ്രമം.
കേസിലെ യഥാര്‍ത്ഥ പ്രതികള്‍ പോലീസിനെ വെട്ടിച്ച് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങി. വിപിന്‍ (28), അജിത് കെബി (25), ശ്രീജിത്ത് എന്ന് വിളിക്കുന്ന തുളസീദാസ് (23) എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്. വീടുകയറി ആക്രമിച്ച കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളാണ് ഇവര്‍.കൊല്ലപ്പെട്ട ശ്രീജിത്ത് നിരപരാധിയായിരുന്നെന്ന് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇതോടെ പോലീസ് പ്രതിരോധത്തിലായി.
ബിജെപിയുടെ പോഷക സംഘടനയായ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകനായിരുന്നു ശ്രീജിത്തും ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തും. ഇവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് സംഘപരിവാര്‍ വളരുന്നത് സിപിഎമ്മിനെ അസ്വസ്ഥരാക്കി.ഇതിനിടെയാണ് വാസുദേവന്റെ വീടാക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുക്കുന്നത്. കേസെടുത്തവരുടെ പട്ടികയില്‍ ശ്രീജിത്ത് എന്നൊരാളുടെ പേര് ഉണ്ടായിരുന്നു. ഇതറിഞ്ഞ സിപിഎം പ്രാദേശിക രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ശ്രീജിത്തിനേയും സഹോദരന്‍ സജിത്തിനേയും കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് എസ്പി ജോര്‍ജ്ജിന്റെ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ സംഘം ശ്രീജിത്തിന്റെ വീട്ടിലെത്തി ശ്രീജിത്തനേയും സഹോദരന്‍ സജിത്തിനേയും കസ്റ്റഡിയില്‍ എടുത്തു. ശ്രീജിത്തിനെ ആളുമാറിയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ വാദമെങ്കില്‍ എങ്ങനെ സഹോദരന്‍ സജിത്ത് കസ്റ്റഡിയില്‍ ആയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
ശ്രീജിത്തിനോട് സിപിഎം പ്രാദേശിക ഘടകത്തിന് വൈരാഗ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടെയുളള പട്ടിക പോലീസിന് നല്‍കിയിരുന്നെങ്കിലും പോലീസ് അക്കാര്യങ്ങളൊന്നും അന്വേഷിച്ചില്ല. സിഐക്കും എസ്പി ജോര്‍ജ്ജിനെതിരേയും ചെറിയ നടപടികള്‍ മാത്രം സ്വീകരിച്ച് കണ്ണില്‍ പൊടിയിടാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം നടത്തിയെന്നും വാര്‍ത്തയില്‍ പറയുന്നു.
Post Your Comments