KeralaLatest NewsNews

പത്മനാഭന്റെ അമൂല്യ നിധി ഇനി ഏവര്‍ക്കും കാണാം, 300 കോടി ചെലവില്‍ പ്രദര്‍ശനം ഒരുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: 300 കോടി രൂപ മുടക്കി ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറയിലെ അമൂല്യനിധികള്‍ പ്രദര്‍ശനത്തിനൊരുക്കുന്നു. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷയൊരുക്കുന്നതുള്‍പ്പെടെ 300 കോടി രൂപ ചെലവില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം തന്നെ പ്രദര്‍ശനശാലയൊരുക്കാമെന്നാണ് തീരുമാനം. സന്ദര്‍ശകരില്‍ നിന്നു മാത്രം പ്രതിവര്‍ഷം 50 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നും വിലയിരുത്തുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറയിലെ അമൂല്യ നിധിയുടെ പ്രദര്‍ശനശാലയൊരുക്കാനുള്ള നിര്‍ദേശം തിരുവനന്തപുരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരുമായി ചര്‍ച്ച ചെയ്തു. സുപ്രീം കോടതിയുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും അനുവാദം ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന നിലപാടാണ് ഇരുവരുമെടുത്തത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ട്രിവാന്‍ഡ്രം സിറ്റി കണക്ട്, ട്രിവാന്‍ഡ്രം അജന്‍ഡ ടാസ്‌ക് ഫോഴ്‌സ്, കോണ്‍ഫെഡറഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തിലാണു കരടുപദ്ധതിക്കു രൂപംനല്‍കിയത്.

കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി സംഘടനാഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ സുപ്രീം കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും രാജകുടുംബത്തിന്റെയും അനുമതിയുണ്ടെങ്കില്‍ ഫണ്ട് അനുവദിക്കാന്‍ തടസ്സമില്ലെന്ന ഉറപ്പു ലഭിച്ചു. തുടര്‍ന്ന്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. മറ്റ് അനുമതികള്‍ ലഭിച്ചാല്‍, സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണസഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും സംഘടനാനേതാക്കള്‍ ചര്‍ച്ച നടത്തി. രാജകുടുംബത്തിന്റെ അനുമതിയോടെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കി സുപ്രീം കോടതിയെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും സമീപിക്കാനാണു സംഘടനകളുടെ തീരുമാനം.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറു നിലവറകളിലായാണു നിധിശേഖരം സൂക്ഷിച്ചിരിക്കുന്നത്. ആയിരക്കണക്കിനു സ്വര്‍ണമാലകള്‍, അമൂല്യ രത്‌നങ്ങള്‍, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വര്‍ണ കലശക്കുടങ്ങള്‍, രത്‌നങ്ങള്‍ പതിച്ച കിരീടം, രത്‌നങ്ങളാല്‍ കവചിതമായ ചതുര്‍ബാഹു അങ്കി, സ്വര്‍ണമണികള്‍, സ്വര്‍ണദണ്ഡുകള്‍, 750 കിലോ സ്വര്‍ണനാണയങ്ങള്‍ എന്നിങ്ങനെ 42,000 വിശുദ്ധവസ്തുക്കള്‍. ബി നിലവറ ഇനിയും തുറന്നിട്ടില്ല. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി ബി നിലവറ ഒഴികെയുള്ളവയിലെ വസ്തുക്കളുടെ മൂല്യനിര്‍ണയം നടത്തിയപ്പോഴാണു നിധിരഹസ്യം ലോകമറിഞ്ഞത്. നിധിപ്രദര്‍ശനം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ വിപ്ലവകരമായ കുതിപ്പിനു വഴിയൊരുക്കുമെന്നാണു വിലയിരുത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button