കൊല്ലം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ ആശാ നിവാസില്‍ ആര്.രാജേഷ്കുമാറിനെ(34) കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായ വഴിത്തിരിവ്. കേസിലെ ഗൂഢാലോചനയെ കുറിച്ച് കൃത്യമായി അറിവുണ്ടായിരുന്നതായി വ്യക്തമാക്കുന്ന കണ്ണിയെ പൊലീസ് പിടികൂടി. രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ ഒന്നാം പ്രതി ഖത്തറിലെ വ്യവസായി അബ്ദുല്‍ സത്താറിന്റെ വനിതാ സുഹൃത്താണ് അറസ്റ്റിലായത്.
വര്‍ക്കല കിഴക്കേപ്പുറം റീനാ ഡെയില്‍ നിന്ന് എറണാകുളം കപ്പലണ്ടിമുക്കിനു സമീപം ദുറുല്‍ഇസ്ലാം റോഡില്‍ ഹയറുന്നീസ മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന ഷിജിന ഷിഹാബ് (34) ആണ് അറസ്റ്റിലായത്. എറണാകുളം തേവരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ഷിജിന. ഇവരെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. സത്താര്‍ ക്വട്ടേഷന്‍ നല്കിയ അലിഭായി എന്ന ജെ.മുഹമ്മദ്സാലിഹിനും കായംകുളം അപ്പുണ്ണിക്കും പണം നല്കിയയതതാണ് ഷിജിനയെ വെട്ടിലാക്കിയത്.
എന്നാല്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചും ഇവര്‍ക്ക് അറിവുണ്ടായിരുന്നതായാണ് പൊലീസ് കരുതുന്നത്. ഷിജിനയുടെ ഭര്‍ത്താവ് ഓച്ചിറ സ്വദേശിയാണ്. ഷിജിന ആറു മാസത്തോളം ഖത്തറില്‍ ഉണ്ടായിരുന്നു. ഈ കാലത്താണു സത്താറുമായി പരിചയത്തിലാകുന്നത്. രാജേഷിന്റെ കൊലയ്ക്കു മുന്‍പും പിമ്പും ഷിജിന സത്താറുമായി നിരന്തരം വാട്സാപ്പിലൂടെ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതെല്ലാം യുവതിയെ വെട്ടിലാക്കുന്ന ഘടകങ്ങളായി.
എന്നാൽ ഒന്നാം പ്രതി അബ്ദുള്‍ സത്താറിനെ നാട്ടിലെത്തിക്കാൻ പൊലീസിന് ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ട്. ഇയാൾക്ക് യാത്രാ വിലക്കുള്ളതിനാൽ നാട്ടിലെത്തിക്കാൻ പൊലീസിന് കഴിയുന്നില്ല. ഇതിനിടെ അപ്പുണ്ണിയുടെ സഹോദരി, ഇവരുടെ ഭര്‍ത്താവ്, അപ്പുണ്ണിയുടെ കൊച്ചിയിലുള്ള കാമുകി എന്നിവര്‍ക്കു കോടതി ജാമ്യം അനുവദിച്ചു.
Post Your Comments