ത്രിപുര: ദേശീയ സ്നേഹം വർധിപ്പിച്ച് ത്രിപുര സർക്കാർ . സംസ്ഥാനത്തെ പ്രാദേശിക ഭാഷയായ കോക്ബൊറോക് മാറ്റി ദേശീയ ഭാഷയായ ഹിന്ദിയെ ത്രിപുരയിലെ പ്രാദേശിക ചാനലുകളിലെ വാര്‍ത്താ ഭാഷയാക്കാനുള്ള ബിജെപി സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. ദേശീയത പ്രോൽസാഹിപ്പിക്കുന്നതിനും സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവർക്കു വാര്‍ത്തകൾ മനസിലാക്കുന്നതിനുമാണു പുതിയ പരിഷ്കാരമെന്നാണു സർക്കാര്‍ നിലപാട്.
ഒട്ടേറെ പ്രാദേശിക ഭാഷകളുള്ള ത്രിപുരയിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണു കോക്ബൊറോക്. ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളായ സിപിമ്മും കോൺഗ്രസ്സും ശക്തമായി പ്രതികരിച്ചു. ഹിന്ദിയെ മൂന്നാം ഭാഷയായി ഉപയോഗിക്കാം അതിനുവേണ്ടി പ്രദേശിക ഭാഷയെ തഴയുന്നത് ശരിയല്ലെന്ന് സിപിഎം നേതാവ് രാധാചരൺ ദേബ്‍ബർമ പ്രതികരിച്ചു. സര്‍ക്കാർ നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇൻഡിജീനസ് പീപ്പിൾ ഫ്രണ്ട് ഓഫ് ത്രിപുര) വ്യക്തമാക്കി. ഈ തീരുമാനം പിൻവലിക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.
അതേസമയം പ്രാദേശിക ഭാഷയായ കോക്ബൊറോക്കിലുള്ള വാർത്തകൾ ഇനിയും തുടരുമെന്നു ത്രിപുര സാംസ്കാരിക മന്ത്രാലയ ഡയറക്ടർ ബിഷ്ണു ദാസ് ഗുപ്ത പ്രതികരിച്ചു. മന്ത്രാലയത്തിന്റെ പട്ടികയിൽ പേരു ചേർത്തിട്ടുള്ള 13 പ്രാദേശിക വാർത്താ ചാനലുകളിൽ അഞ്ചിൽ കുറയാത്ത ചാനലുകളിൽ കോക്ബൊറോക് വാർത്തകളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments