Latest NewsNewsWriters' Corner

യേശുദാസിനെയും ഫഹദിനെയും ആക്രമിക്കുന്നവര്‍ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ : വികലമായ നവമാധ്യമ വിനാശ വിപ്ലവം ക്രൂരതയുടെ രാഷ്ട്രീയ മുഖങ്ങളായി മാറുമ്പോള്‍

അഞ്ജു പാര്‍വതി പ്രഭീഷ്

അവാർഡ് വിവാദം കൊഴുക്കുകയാണല്ലോ.. നടക്കട്ടെ !കലക്കവെളളത്തിൽ മീൻ പിടിക്കുന്ന രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്.. മാധ്യമങ്ങൾ എരിത്തീയിൽ എണ്ണ ആവോളം ഒഴിച്ചു കൊടുക്കുന്നുമുണ്ട്..വിഗ്രഹങ്ങളാക്കി പ്രതിഷ്ഠിച്ചവർ തന്നെ തച്ചുടയ്ക്കുന്നുമുണ്ട്. ഈ വിവാദത്തിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട രണ്ടുപേരാണല്ലോ ശ്രീ. യേശുദാസും ഫഹദ് ഫാസിലും.. ഒരാൾ പുരസ്കാരം സ്വീകരിച്ചതിന്റെ പേരിലും മറ്റൊരാൾ ചടങ്ങ് ബഹിഷ്കരിച്ചതിന്റെ പേരിലും വിമർശനങ്ങളുടെ കൂരമ്പുകളേറ്റു വാങ്ങുന്നുണ്ട്.

അവാർഡ് വിവാദത്തിനൊപ്പം സെൽഫിയുമായി ബന്ധപ്പെട്ട പ്രശ്നം ( ആ വീഡിയോയിലെ അദ്ദേഹത്തിന്റെ ശരീരഭാഷയെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. ) ശ്രീ യേശുദാസിനെ അനഭിമതനാക്കിയെന്നു വയ്ക്കാം. എന്നാൽ ഇവിടെ രാഷ്ട്രീയ താൽപര്യം കണ്ടില്ലെന്നു നടിക്കാനും കഴിയില്ല. കാരണം ഒരിക്കൽ സെൽഫിയെ അന്യന്റെ സ്വകാര്യതയ്ക്ക് മേലുളള കടന്നുകയറ്റമായി വ്യാഖ്യാനിച്ചു ന്യായീകരിച്ചവർ ഇന്ന് സെൽഫിയുമായി ബന്ധപ്പെട്ട വിവാദത്തെ അഹന്ത തലയ്ക്ക് പിടിച്ചവന്റെ പ്രതികരണമായി അവലോകനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ സെൽഫി വിവാദം ഇത്രമേൽ കൊഴുക്കാനും കാരണം വികൃതമായ രാഷ്ട്രീയ ബോധം

പക്ഷേ എന്ത് കൊണ്ട് ഫഹദ് ഫാസിൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?? 66 പേർ പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ചവരിൽ മലയാളത്തിൽ നിന്നും ഫഹദും പാർവ്വതിയും സജീവ് പാഴൂരും അഭിലാഷുമൊക്കെ ഉൾപ്പെട്ടിരുന്നുവെങ്കിലും ഫഹദ് മാത്രം എന്ത് കൊണ്ട് ഇത്രമേൽ വിമർശിക്കപ്പെടുന്നു?? ഫഹദ് ഹേറ്റ് ക്യാംമ്പയിനുകൾ യൂട്യൂബിൽ അഴിഞ്ഞാടുന്നു? അതിനു തക്ക കുറ്റം എന്താണ് അദ്ദേഹം ചെയ്തത്??

ഉത്തരം ഒന്നേയുള്ളൂ.. “മതം”. ഇവിടെയാണ് മലയാളിയുടെ പൊയ്മുഖം പിച്ചിചീന്തിയെറിയപ്പെടുന്നത്. ഫഹദെന്ന കലാകാരന്റെ മതം ടാർഗറ്റ് ചെയ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ ബാഗ്ദാദിയാക്കി ചിത്രീകരിക്കുന്നത്. കുത്തഴിഞ്ഞ രാഷ്ട്രീയ മത ചിന്തകളുടെ ബലിയാടാകുന്നുണ്ട് ആ മികച്ച നടൻ.. ദൈവികമായി കിട്ടിയ ശബ്ദത്തിനുടമയുടെ സ്വഭാവത്തിന്റെ നെഗറ്റീവ്സ് എന്തിനു സർഗ്ഗാത്മകതയുടെ തുലാസ്സിൽ വച്ചളക്കുന്നുവെന്നു ചോദിക്കുന്നവർ തന്നെയാണ് ഒരൊറ്റ ചെയ്തിയിലൂടെ, അതും വ്യക്തിപരമായ തീരുമാനമെടുത്തതിന്റെ മാത്രം പേരിൽ അദ്ദേഹത്തിന്റെ അഭിനയത്തെയും സ്വഭാവത്തെയും ചോദ്യം ചെയ്യുന്നത്.

ആരും വിമർശനങ്ങൾക്കതീതരല്ല.എന്നാൽ വിമർശനങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് സ്വഭാവഹത്യയും വ്യക്തിഹത്യയും നിന്ദ്യമായ ആക്ഷേപ-അപഹാസങ്ങളും നിർല്ലോഭം ചൊരിയപ്പെടുന്നത് എങ്ങനെ ആരോഗ്യകരമായ വിമർശനമാകും?? പീഡന കുറ്റമാരോപിക്കപ്പെട്ട് ജയിലിൽ കിടന്ന വ്യക്തിയുടെ ചിത്രങ്ങളെ ഹർഷാരാരവങ്ങളോടെ സ്വീകരിച്ചവരാണ് നമ്മൾ.. ആ നമ്മൾ തന്നെയാണ് കുറ്റമൊന്നും ആരോപിക്കപ്പെടാത്ത ഫഹദിനു മേൽ ചെളിവാരിയെറിയുന്നതും അദ്ദേഹത്തിന്റെ ചിത്രങ്ങളെ തിരസ്കരിക്കുന്നുവെന്നും പറയുന്നത്..

ഇനി ഫഹദെന്ന നടനെ കുറിച്ച്: ഫാൻസുകളുടെ ആർപ്പുവിളികളില്ലാതെ, ഫാൻസ് ക്ളബ്ബുകളുടെ കട്ടൗട്ടുകളില്ലാതെ ,തിയറ്ററുകളിലെത്തുന്ന ഫഹദ് ചിത്രങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകർ നെഞ്ചേറ്റുന്നത് മികവാർന്ന അഭിനയചാതുരി കൊണ്ടുതന്നെയാണ്. ആദ്യ ചിത്രമായ കൈയ്യെത്തും ദൂരത്തിലെ അപക്വമാർന്ന അഭിനയത്തിൽ നിന്നും ചാപ്പാ കുരിശിലേക്കെത്തുമ്പോഴേക്കും ഫഹദെന്ന നടൻ കൈയെത്തി പിടിച്ചത് നടനചാരുതിയുടെ തന്മയീഭാവമായിരുന്നു.22 ഫീമെയിലിലെ സിറിളും, ഡയമണ്ട് നെക് ലേസ്സിലെ അരുണും ആമേനിലെ സോളമനും, ഇന്ത്യൻ പ്രണയകഥയിലെ സിദ്ധാർത്ഥനുമൊക്കെ വേഷപ്പകർച്ചയുടെ പുതുമാനങ്ങൾ കാണിച്ചുതന്നു. മഹേഷായിനാട്ടിൻപ്പുറത്തിന്റെ നിഷ്കളങ്കതയെയും നിസഹായതയെയും ആത്മവിശ്വാസത്തെയും സ്വാഭാവികാഭിനയത്തിലൂടെ കാണിച്ചു തന്നപ്പോൾ “ബിഹേവ് റ്റു ബിലീവ് ” എന്ന അഭിനയത്തിന്റെ അർത്ഥത്തിനു യഥാർത്ഥ വ്യാഖ്യാനം കിട്ടി.കണ്ണുകളിലൂടെ അനായാസേന ഭാവങ്ങളെ പ്രകടിപ്പിക്കാൻ കഴിയുന്ന ഫഹദ് കളളൻ പ്രസാദായി നിറഞ്ഞാടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചുരുക്കം ചിത്രങ്ങളിൽ ഒന്നാണ്. ഇന്നിപ്പോൾ എല്ലാ അർത്ഥത്തിലും പൂർണ്ണതയുളള ഒരഭിനേതാവാണ് ഫഹദ്! ദൈവദത്തമായ കഴിവുകളെ തടയിടാൻ ഒരു വിമർശനങ്ങൾക്കും ഹേറ്റ് ക്യാംമ്പയിനുകൾക്കും കഴിയില്ല.

രാഷ്ട്രീയവും മതവും മലയാളികളുടെ സ്വത്വത്തെ, പൊതുബോധത്തെ എത്രമേൽ കീഴടക്കുന്നുവെന്നതിന്റെ നേർ ദൃഷ്ടാന്തങ്ങളാണ് ഫഹദിനെയും യേശുദാസിനെയുമൊക്കെ കരിവാരിത്തേയ്ക്കുന്ന ഈ പ്രവണത. സ്വന്തം രാഷ്ട്രീയ മത വിശ്വാസത്തിനെതിരെ ആരെങ്കിലും പ്രവർത്തിച്ചാൽ, അവരെ സമൂഹത്തിൽ ഒറ്റുകാരനാക്കുക.. അതു വരെ ചെയ്ത സംഭാവനകളെ മറന്ന് ഒന്നോ രണ്ടോ തെറ്റുകളുടെ പേരിൽ ക്രൂശിക്കുക.. അതിൽ വന്യമായ ആത്മരതി കണ്ടെത്തുക… ഇതായി പോയി മലയാളി.. സെലിബ്രിറ്റികളും മറ്റേവരെയും പോലെ വികാരവിചാരങ്ങളുളള മനുഷ്യരാണ്. കല്ലെറിയും മുമ്പ് സ്വയമൊരു അവലോകനം നമ്മൾ സ്വയം ചെയ്യുക.. വികാരവിചാരങ്ങളുടെ തിരത്തളളലിൽ സ്വയം ചെയ്ത കർമ്മങ്ങളുടെ ആകെ തുകയെടുക്കുമ്പോൾ എത്ര വട്ടം നമ്മൾ ഒറ്റുകാരായിരുന്നുവെന്നു കാണാം.

നാടകമേ ഉലകം!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button