Latest NewsNewsInternational

ഭൂകമ്പങ്ങള്‍ക്ക് പിന്നാലെ അഗ്നിപര്‍വ്വത സ്‌ഫോടനം : വിഷവാതകം വമിയ്ക്കുന്നു : ഒപ്പം ലാവയും

ഹവായി: ഭൂകമ്പങ്ങള്‍ക്കു പിന്നാലെ അഗ്നിപര്‍വതം സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് വിഷവാതകവും ഒപ്പം ലാവയും വമിയ്ക്കുന്നു. ഇതേതുടര്‍ന്നു ഹവായി ദ്വീപില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളെ ഒഴിപ്പിക്കാനായി സൈന്യത്തിന്റെ സഹായം തേടി. ഹവായി നാഷണല്‍ ഗാര്‍ഡും രക്ഷാപ്രവര്‍ത്തനവുമായി രംഗത്ത് ഉണ്ട്. 1700 പേരെ സുരക്ഷാ സ്ഥാനത്തേയ്ക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ദ്വീപിലെ കിലവെയ് അഗ്നിപര്‍വതത്തില്‍ നിന്നാണു വന്‍തോതില്‍ ലാവയും പുകയും വിഷവാതകവും പുറന്തള്ളുന്നത്.

റോഡിലൂടെ പോകുന്ന കാറുകള്‍ക്കു തൊട്ടുപിന്നിലായി ലാവ ഒലിച്ചെത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുന്നുണ്ട്. വിഷവാതകമായ സള്‍ഫര്‍ ഡൈഓക്‌സൈഡും വന്‍തോതില്‍ വ്യാപിച്ചിട്ടുണ്ട്. കിലവെയ്യയുടെ കിഴക്കന്‍ ഭാഗത്തുണ്ടായ, ഏകദേശം 492 അടി നീളമുള്ള വിള്ളലില്‍ നിന്നാണു ലാവ വന്നത്. തുടര്‍ച്ചയായി രണ്ടു മണിക്കൂറോളം ലാവ പുറന്തള്ളപ്പെട്ടു. ഒട്ടേറെ വൃക്ഷങ്ങള്‍ക്കിടയിലൂടെ ലാവ ഒഴുകിനീങ്ങുന്നതിന്റെ ആകാശ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദ്വീപിലെ അഞ്ചു അഗ്നിപര്‍വതങ്ങളില്‍ സജീവമായ അഗ്നി പര്‍വതമാണു കിലവെയ്യ. ഈ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നൂറിലേറെ ചെറുചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയില്‍ 5 തീവ്രത രേഖപ്പെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അഗ്നി പര്‍വതം പൊട്ടിത്തറിച്ചത്. അഗ്നിപര്‍വതത്തില്‍ നിന്നു നേരിയ തോതില്‍ പുകയും ലാവയും വന്നു തുടങ്ങിയപ്പോള്‍തന്നെ ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയിരുന്നു. ഈ മേഖലയില്‍ 1700 പേരാണ് താമസിച്ചിരുന്നത് ഒഴിപ്പിച്ചവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറ്റി പാര്‍പ്പിച്ചു. പേടിപ്പെടുത്തുന്ന രീതിയിലാണു ലാവ ഒഴുകിയെത്തുന്നത്. 38 മീറ്റര്‍ വരെ ഉയരത്തിലേയ്ക്കു ലാവ ചീറ്റി തെറിച്ചു എന്ന് പ്രദേശവാസികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button