തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടിത്തുടങ്ങി. നാല് കോളേജുകള്‍ പൂട്ടാനുള്ള അനുമതി തേടി മാനേജ്മെന്റുകള്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് കത്ത് നല്‍കുകയും മൂന്ന് കോളേജുകള്‍ പോളിടെക്നിക്കുകളാക്കി മാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുട്ടികള്‍ കുറഞ്ഞതിനെത്തുടര്‍ന്നാണ് കോളേജുകള്‍ ഇത്തരത്തില്‍ നീങ്ങുന്നത്.
പോളിടെക്നിക്കാക്കി മാറ്റാന്‍ നിലവിലുള്ള കോളേജുകള്‍ക്ക് അനുമതി നല്‍കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതനുവദിച്ചാല്‍ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളുടെ സ്ഥിതിയിലേക്ക് പോളിടെക്നിക്കുകളും മാറുമെന്നാണ് വിലയിരുത്തല്‍. കുട്ടികളില്ലാത്ത കോഴ്സുകള്‍ നിര്‍ത്താന്‍ അപേക്ഷനല്‍കിയ കോളേജുകളുമുണ്ട്. മുന്‍ വര്‍ഷം അപേക്ഷ നല്‍കിയ നാല് കോളേജുകളില്‍ രണ്ടെണ്ണം പൂട്ടി. രണ്ടെണ്ണം ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്.
നിലവിലുള്ള കുട്ടികളെ മറ്റ് കോളേജുകളിലേക്ക് മാറ്റിയാണ് അപേക്ഷ നല്‍കിയ കോളേജുകള്‍ക്ക് പൂട്ടാന്‍ അനുമതി നല്‍കുക. കുട്ടികളുടെ പഠനം തടസ്സപ്പെടാതെ നോക്കുമെന്നും സാങ്കേതിക സര്‍വകലാശാലാധികൃതര്‍ പറഞ്ഞു. സ്വകാര്യ സ്വാശ്രയ മേഖലയില്‍ 120 കോളേജുണ്ട്. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍ 32-ഉം. ഇരുപത്തഞ്ചോളം കോളേജുകളിലെ സീറ്റുകളേ ഒരുവിധം നിറയുന്നുള്ളൂ. 28 കോളേജുകളില്‍ ആകെ സീറ്റിന്റെ 25 ശതമാനത്തില്‍ താഴെ കുട്ടികളേയുള്ളൂ. ഈ കോളേജുകളുടെ നിലനില്‍പ്പ് ഭീഷണിയിലാണ്.
അതേസമയം സ്വാശ്രയ കോളേജുകള്‍ പൂട്ടാന്‍ മാനേജ്മെന്റുകള്‍ അപേക്ഷ നല്‍കിയാല്‍ അതംഗീകരിക്കും. സര്‍ക്കാര്‍ നിര്‍ബന്ധിച്ച് കോളേജുകള്‍ പൂട്ടിക്കില്ല. നിലവാരമുള്ള കോളേജുകള്‍ നിലനില്‍ക്കട്ടെ. നിര്‍ത്താന്‍ പോകുന്ന എന്‍ജിനീയറിങ് കോളേജുകള്‍ പോളിടെക്നിക്കുകളാക്കാന്‍ അനുവദിക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി.
Post Your Comments