കാസര്‍കോട്: ബാങ്ക് കവര്‍ച്ചാക്കേസിൽ മാപ്പുസാക്ഷിയാകാന്‍ അപേക്ഷ നല്‍കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി പ്രതി. കൂഡ്‌ലു ബാങ്ക് കവര്‍ച്ചാക്കേസിലെ ആറാംപ്രതി മാപ്പുസാക്ഷിയാകാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത് വര്‍ഷങ്ങളോളം നീണ്ട പ്രണയബന്ധം തകര്‍ന്നതിലെ മനോവിഷമം മൂലമെന്നാണ് സൂചന. ജോമോന്‍ അഞ്ചുവര്‍ഷക്കാലമായി ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. കവര്‍ച്ചാക്കേസില്‍ പ്രതിയായതോടെ ജോമോനെ കാമുകി കോടതിയില്‍ തള്ളിപ്പറഞ്ഞു.
ഈ സാഹചര്യത്തിലാണ് മാപ്പുസാക്ഷിയാകാന്‍ തീരുമാനിച്ചതത്രെ. വിചാരണതടവുകാരനായിരിക്കെ ജോമോന്‍ കാമുകിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണനക്കെടുത്തപ്പോഴാണ് കാമുകി തള്ളിപ്പറഞ്ഞത്. കേസുകള്‍ ജോമോന്‍ സ്വയമാണ് വാദിക്കുന്നത്. കവര്‍ച്ചാസംഘത്തിന്റെ ഭീഷണിയുള്ളതിനാല്‍ ഇയാള്‍ക്ക് പൊലീസ് സംരക്ഷണമുണ്ട്.
ജോമോന്റെ മുന്‍കാലചരിത്രം കൂടി പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും പ്രതിയുടെ ആവശ്യം വിശദമായി പരിശോധിച്ചുവരികയാണെന്നും 10ന് പ്രോസിക്യൂഷന്‍ ഇക്കാര്യത്തിലുള്ള നിലപാട് കോടതിയെ അറിയിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ പറഞ്ഞു. കവര്‍ച്ചാ കേസില്‍ 208 സാക്ഷികളാണുള്ളത്. ജോമോന്‍ മാപ്പുസാക്ഷിയായാല്‍ കണ്ടെടുക്കാനാകാത്ത കവര്‍ച്ചാസ്വര്‍ണങ്ങള്‍ തിരിച്ചുപിടിക്കാനാകുമെന്നാണ് പോലീസ് വിലയിരുത്തുന്നത്.
ബാങ്ക് കവര്‍ച്ചാക്കേസിലെ ആറാംപ്രതിയായ ഫെലിക്‌സ് നെറ്റോ എന്ന ജോമോനാണ് തന്നെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ അഡീഷണല്‍സെഷന്‍സ് (ഒന്ന്) കോടതിയില്‍ അപേക്ഷ നല്‍കിയത്. ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതിക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് യുവതി കോടതിയെ അറിയിച്ചത്. ഇതോടെ താന്‍ കടുത്ത മനോവിഷമത്തിലായെന്നും ഇനിയുള്ള കാലം വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജോമോന്‍ വ്യക്തമാക്കി.
Post Your Comments