ന്യൂഡല്‍ഹി: ഗുണമേന്‍മയുള്ള ഭക്ഷണം യാത്രക്കാരിലേക്കെത്തിക്കുവാന്‍ എയര്‍ലൈന്‍ കേറ്ററിങ് രീതി പരീക്ഷിക്കുവാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ബില്ലടയ്ക്കാന്‍ പണമില്ലാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന പദ്ധതി നടപ്പിലാക്കിയതിനു പിന്നാലെയാണ് റെയില്‍വേയുടെ അടുത്ത പദ്ധതി. വിമാനത്തില്‍ ലഭിക്കുന്ന തരത്തിലുള്ള ലഘു ഭക്ഷണ പായ്ക്കറ്റുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുക. ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‌റെ (ഐആര്‍ടിസിടി) നിയന്ത്രണത്തിലുള്ള ശതാബ്ദി എക്‌സ്പ്രസ് മുതലായ ട്രെയ്‌നുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. അഞ്ചു മുതല്‍ ആറു മണിക്കൂര്‍ വരെ തുടര്‍ച്ചയായി സര്‍വീസ് നടത്തുന്ന ട്രെയ്‌നുകളില്‍ അടുത്ത മൂന്നു മാസത്തിനകം പദ്ധതി നടപ്പിലാക്കും. ഗുണമേന്‍മ ഉറപ്പു വരുത്തുന്ന ഭക്ഷണം മാത്രമേ ട്രെയ്‌നില്‍ വിളമ്പൂ.
പദ്ധതിയുടെ നടത്തിപ്പിനായി റെയില്‍വേ അധികൃതരും കേറ്ററിങ് രംഗത്തെ വമ്പന്മാരായ ഹാല്‍ഡിറാം, ടിഎഫ്എസ്, ഐടിസി, എംടിആര്‍ എന്നീ കമ്പനികളുടെ അധികൃതരുമായി ചര്‍ച്ച നടത്തി. പദ്ധതിയ്ക്കായുള്ള പണം ട്രെയിന്‍ ടിക്കറ്റുകളില്‍ നിന്നും സ്വരൂപിക്കുന്നതിനുള്ള നടപടികളും നേരത്തെ ആരംഭിച്ചിരുന്നു. വെജിറ്റേറിയന്‍ ഭക്ഷണത്തിന് 80 രൂപ വരെയും നോണ്‍ വെജിറ്റേറിയന് 150 രൂപ വരെയും വിലയാവും ഈടാക്കുക. ഇതിനു പുറമേ കൂള്‍ഡ്രിങ്ക്‌സ് പോലുളളവ വാങ്ങുന്നതിന് വേറെ പണമടയ്ക്കണം. കുറഞ്ഞ വിലയില്‍ മികച്ച നിലവാരമുള്ള ഭക്ഷണം യാത്രക്കാരിലെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു
Post Your Comments