കൊച്ചി: പലപ്പോഴും പുരുഷന്മാര്‍ക്കെതിരെ പീഡനത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കുന്ന വാര്‍ത്തകള്‍ പുറത്തെത്തിയിട്ടുണ്ട്. ഇനി മുതല്‍ മന:പൂര്‍വ്വം പുരുഷന്മാര്‍ക്കെതിരെ പീഡനത്തിന് കള്ളക്കേസ് കൊടുത്ത് അകത്താക്കാന്‍ ശ്രമിച്ചാല്‍ സ്ത്രീകള്‍ തന്നെ അകത്താകും.
കേരള ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ത്രീകളുടെ പരാതിയില്‍ കണ്ണടച്ചു നടപടി സ്വീകരിക്കാതെ വ്യാജ പരാതികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. വ്യാജ പീഡനക്കുറ്റം ആരോപിച്ച് യുവാവിനെ കുടുക്കിയ കേസില്‍ പരാതിക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും ജസ്റ്റിസ് സുനില്‍ തോമസ് ഉത്തരവിട്ടു.
തിരുവനന്തപുരം ശ്രീകാര്യം പൊലീസ് 2013-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണു ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍. വിവാഹ വാഗ്ദാനം നല്‍കി ഒപ്പം താമസിച്ചയാള്‍ പീഡിപ്പിച്ച ശേഷം വഞ്ചിച്ച് ഉപേക്ഷിച്ചു എന്നായിരുന്നു പരാതി. പ്രതിയായ യുവാവ്, നാലുവര്‍ഷത്തിനു ശേഷം നിയമനടപടികള്‍ അവസാനിപ്പിക്കാനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഒത്തു തീര്‍പ്പിനായി 2016- ഉണ്ടാക്കിയ കരാറും യുവാവ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കരാര്‍ പരിഗണിക്കാന്‍ തയാറാകാതെ കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു.
also read: വിമുക്തഭടനെ വ്യാജ പീഡനക്കേസില്‍ കുടുക്കിയ കോണ്‍ഗ്രസ് നേതാവും വൈദികനും കുടുങ്ങി
ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നതിന് മുന്‍പേ യുവതിക്ക് മറ്റു ചില വിവാഹബന്ധങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ ഒന്നില്‍ നിന്നു നിയമപ്രകാരം യുവതി മോചനം നേടിയിട്ടുമില്ല. അതുപ്രകാരം യുവാവിനു നിയമപരമായി തന്നെ വിവാഹം ചെയ്യാനാവില്ലെന്നു പരാതിക്കാരിക്കും ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.
പീഡനം സംബന്ധിച്ച പരാതികളില്‍ ഇരയുടെ മൊഴിക്കു കോടതികള്‍ നല്‍കുന്ന പ്രാധാന്യം വലുതാണെന്നും ഈ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതിനെ ഗൗരവമായി കാണണമെന്നും ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതിയുടെ ഈ ഉത്തരവ്.
Post Your Comments