തിരുവനന്തപുരം : വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ തെളിവിനായി പൊലീസ് കാത്തിരിപ്പു തുടരുന്നു. രാസപരിശോധനാ ഫലം ഉടന്‍ ലഭിക്കുമെന്നാണു സൂചന. പ്രതികള്‍ എന്നു സംശയിക്കുന്ന ആറുപേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ടെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്താനാകാത്ത സ്ഥിതിയിലാണു പൊലീസ്. അതിനിടെ, കസ്റ്റഡിയിലെടുത്ത ചിലരെ തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു പൊലീസിനു വിട്ടയയ്ക്കേണ്ടി വന്നു. തങ്ങളുടെ പ്രവര്‍ത്തകരെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു ഭീഷണി.
കൊലയില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന പലരെയും ഒന്നിലേറെ ദിവസം കസ്റ്റഡിയില്‍ സൂക്ഷിക്കുകയും അറസ്റ്റ് രേഖപ്പെടുത്താതെ തന്നെ ഇവരുമായി തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഭീഷണിപ്പെടുത്തിയ സംഘത്തിന്റെ കൈവശം ലഭിച്ചതാണു പൊലീസിനെ വെട്ടിലാക്കിയത്. സംഭവത്തിനു ദൃക്സാക്ഷികളായ ചിലര്‍ സത്യം പറയാന്‍ മടിക്കുന്നത് ഈ സംഘടനയെ ഭയന്നാണെന്നും സൂചനയുണ്ട്. മരിച്ചതു ലിഗയാണെന്നു ഡിഎന്‍എ പരിശോധനയിലും കൊലപാതകമാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലമാണു വൈകുന്നത്. ഡിജിപിക്കു കീഴിലെ ഫൊറന്‍സിക് ലാബിലാണു പരിശോധന നടക്കുന്നത്.
ഒരു മാസം പഴകിയ മൃതശരീരത്തിന്റെ പരിശോധന ആയതിനാലാണു റിപ്പോര്‍ട്ട് വൈകുന്നതെന്നു പൊലീസ് പറഞ്ഞു. വിഷാംശം ശരീരത്തിലുണ്ടോയെന്നും ലൈംഗികാതിക്രമമുണ്ടായോ എന്നുമാണ് ഇനി അറിയേണ്ടത്. ഇതെല്ലം ഈ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. മാനഭംഗശ്രമം ചെറുത്തതിനെ തുടര്‍ന്നുണ്ടായ ബലപ്രയോഗമാണു മരണത്തില്‍ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. എന്നാല്‍, ലിഗ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ എങ്ങനെ എത്തിയെന്നും ആരാണ് ഇവരെ ഇവിടെ എത്തിച്ചതെന്നും പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. പഠിപ്പിച്ചു വിട്ടതു പോലെയാണു കസ്റ്റഡിയിലുള്ളവര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത്.
ലിഗ തന്നെയാണു വശീകരിക്കാന്‍ നോക്കിയതെന്നു വിട്ടയയ്ക്കപ്പെട്ട ഒരാള്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞതു പൊലീസിനെ ഞെട്ടിച്ചു. കണ്ടല്‍ക്കാട്ടില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങളും മുടി ഉള്‍പ്പെടെ തെളിവുകളും കസ്റ്റഡിയില്‍ ഉളളവരുടേതാണെന്നു തെളിഞ്ഞാലുടന്‍ അറസ്റ്റ് എന്നാണു പൊലീസ് പറയുന്നത്. എന്നാല്‍, സമീപവാസികളായ തങ്ങള്‍ സ്ഥിരമായി അവിടെ പോകാറുണ്ടെന്നാണ് ഇവരുടെ വാദം. അതിനാല്‍, ലിഗയെ കാണാതായ സമയത്തുള്ളതാണ് ഈ തെളിവെല്ലാം എന്നു തെളിയിക്കുക അന്വേഷണ സംഘത്തിനു വെല്ലുവിളിയാണ്. ഇവിടെ നിന്നു ലഭിച്ച തലമുടിയും വിരലടയാളങ്ങളും ഫൊറന്‍സിക് വിഭാഗം പരിശോധിക്കുകയാണ്. വിട്ടച്ചയവരില് ചിലരുടെ പങ്കിനു തെളിവു ലഭിച്ചാല്‍ അവരെയും അറസ്റ്റ് ചെയ്തേക്കും. ഇവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്.
Post Your Comments