കുമളി: ഏലത്തോട്ടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് വനംവകുപ്പ് ഡ്രൈവര്‍. വനംവകുപ്പിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോണറ്റിന് മുകളില്‍ മദ്യവും ടച്ചിംഗ്‌സും വെച്ചായിരുന്നു ഡ്രൈവറുടെയും സുഹൃത്തുക്കളുടെയും മദ്യപാനം. സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയതോടെ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു.
പമ്പ റേഞ്ച് ഓഫീസിലെ ഡ്രൈവര്‍ സുരേന്ദനെതിരെയാണ് നടപടി. ഒട്ടകത്തലമേട്ടിലെ സ്വകാര്യ ഏലത്തോട്ടത്തില്‍ ഞായറാഴ്ച രാത്രിയാണ് ഇവര്‍ വനംവകുപ്പിന്റെ വാഹനത്തിലെത്തിയത്. മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നു നാട്ടുകാര്‍ സംഘടിച്ചെത്തി. ഇവരുടെ പരിശോധനയില്‍ മദ്യക്കുപ്പിയും ഗ്ലാസും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി. സമീപത്തെ ഷെഡ്ഡിനുള്ളില്‍ ഭക്ഷണം പാകം ചെയ്തതിന്റെ ലക്ഷണവുമുണ്ടായിരുന്നു.
നാട്ടുകാരില്‍ ഒരാള്‍ ഇതു ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വിവാദമായി. വണ്ടിയുടെ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ പമ്പ റേഞ്ചിനു കീഴിലുള്ള വാഹനമാണെന്നു കണ്ടെത്തി. മംഗളാദേവി ഉത്സവത്തിനായി പമ്ബയില്‍നിന്ന് ഉദ്യോഗസ്ഥരുമായി തേക്കടിയിലേക്കു വന്ന വാഹനമാണിത്.
വഴിയില്‍ വാഹനം തകരാറിലായതോടെ ഉദ്യോഗസ്ഥര്‍ മറ്റൊരു വണ്ടിയില്‍ യാത്ര തുടര്‍ന്നിരുന്നു. നന്നാക്കുന്നതിനായി വണ്ടിപ്പെരിയാറിലെ വര്‍ക്ക്ഷോപ്പിലേക്കു സുരേന്ദ്രന്‍ വാഹനം കൊണ്ടുപോയതായാണ് വനം വകുപ്പിന്റെ വിശദീകരണം.
Post Your Comments