
തിരുവനന്തപുരം•കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ രംഗം ഏറെ പിന്നിലാണ്. എന്നാല്‍ പരിമിതമായ ചുറ്റുപാടില്‍ നിന്നും കേരളം മാതൃകാപരമായ ആരോഗ്യ പുരോഗതി കൈവരിച്ചു എന്നത് അമ്പരപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘവുമായി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടത്തി.
കേരളത്തിലെ ജനകീയ സര്‍ക്കാരുകള്‍ ആരോഗ്യ മേഖലയ്ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസവും സാമൂഹ്യ പുരോഗതിയും ഒത്തുചേര്‍ന്നതിലൂടെയാണ് ഇവിടത്തെ ആരോഗ്യ മേഖല വലിയ പുരോഗതി കൈവരിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സവിശേഷ നേട്ടങ്ങളും സംവിധാനങ്ങളും നേരിട്ടറിയാനാണ് എത്തിയത്. ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ഡഗ്ലസ് ന്യൂമാന്‍, ആരോഗ്യ വകുപ്പിലെ ചീഫ് ഡയറക്ടര്‍ ഡോ. ക്രിഷ് വല്ലാബ്ജി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ വന്‍കിട ആശുപത്രികള്‍ നിരവധിയുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്കായി വേണ്ടി 80 ശതമാനവും ചെലവഴിക്കുന്നുവെങ്കിലും 20 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂവെന്നും ദക്ഷിണാഫ്രിക്കന്‍ സംഘം വ്യക്തമാക്കി. അതിനാല്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ കുറഞ്ഞ ചിലവിലെ മികച്ച ചികിത്സ എങ്ങനെയെന്നും പഠിക്കും. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവവര്‍ത്തനങ്ങളേയും സംഘം അഭിനന്ദിച്ചു.
ദക്ഷിണാഫ്രിക്ക പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. എച്ച്.ഐ.വി. ബാധിതരേക്കാള്‍ വളരെയധികം കൂടുതലാണ് ക്ഷയരോഗികള്‍. മദ്യപാനം, മയക്കുമരുന്ന്, അനാരോഗ്യകരമായ ജീവിത ശൈലി, വനിതകളുടെ പുകവലി എന്നിവ വലിയ പ്രശ്‌നമാണ്. ഇതെല്ലാം അവബോധത്തിലൂടെ കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. മാനസികാരോഗ്യ രംഗത്തും ദക്ഷിണാഫ്രിക്ക വളരെയധികം വെല്ലുവിളി നേരിടുന്നുണ്ട്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ അനിതാ ജേക്കബ്, എസ്.എച്ച്.ആര്‍.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു എന്നിവര്‍ പങ്കെടുത്തു.
പാറശാല താലൂക്ക് ആശുപത്രി, പാറശാല ആയുര്‍വേദ ആശുപത്രി, ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം, ആയുര്‍വേദ കോളേജ് എന്നിവയും സംഘം സന്ദര്‍ശിക്കും.
Post Your Comments