ന്യൂഡല്‍ഹി: ലാലുപ്രസാദ് യാദവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് വിവാദം കൊഴുക്കുന്നു. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെയാണ് ഡല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് റാഞ്ചി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു മാര്‍ച്ച് 29 മുതല്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഇന്ന് റാഞ്ചി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
മാര്‍ച്ച് 29 മുതല്‍ ആറ് ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ലാലുവിന്റെ ചികിത്സ. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. എന്നാല്‍ ആശുപത്രി മാറ്റിയത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലാലു പ്രസാദ് യാദവ് ആരോപിച്ചു. യാതൊരു സൗകര്യവുമില്ലാത്ത ആശുപത്രിയിലേക്കാണ് തന്നെ മാറ്റുന്നതെന്നും ലാലു കൂട്ടിച്ചേര്‍ത്തു.
അതേസമയം ലാലുവിന്റെ ആശുപത്രി മാറ്റത്തിനെതിരെ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ ഡല്‍ഹി എയിംസിലേക്ക് പ്രകടനം നടത്തി. പ്രവര്‍ത്തകര്‍ ആശുപത്രിയുടെ ഓഫീസ് കെട്ടിടം തല്ലിത്തകര്‍ത്തു. തന്നെ എയിംസില്‍ നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ലാലു പ്രസാദ് യാദവ് കത്തെഴുതിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ലാലു പ്രസാദ് യാദവിനെ എയിംസില്‍ നിന്ന് മാറ്റിയത്.
Post Your Comments