Latest NewsNewsIndia

ഇന്ത്യയിലെ ഈ സംസ്ഥാനത്ത് അടിമവേല വ്യാപകമാകുന്നു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

അഹമ്മദാബാദ്: അടിമവേല വ്യാപകമാകുന്നുവെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഗുജറാത്തിലെ കരിമ്പു തോട്ടങ്ങളില്‍ പണിയെടുക്കുന്ന ആദിവാസികളില്‍ പകുതിയും അടിമജോലിക്കാരാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സൂറത്തില്‍ അടിമപ്പണിക്കെത്തിച്ച യുവതിയെയും പതിനൊന്നുകാരിയായ മകളെയും കൊലപ്പെടുത്തിയ സംഭവം ദേശീയതലത്തില്‍ നടുക്കം സൃഷ്ടിച്ചിരുന്നു. രാജസ്ഥാനില്‍നിന്ന് 35,000 രൂപയ്ക്ക് മാര്‍ബിള്‍ കമ്പനിയില്‍ ജോലിക്ക് കൊണ്ടുവന്ന ഒരു സ്ത്രീയെയും കുട്ടിയെയുമാണ് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

ഇത് കാണാനിടയായ മകളേയും കൂട്ടബലാത്കാരം നടത്തിയശേഷം കൊന്ന് മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും പ്രധാന പ്രതിയായ കരാറുകാരന്‍ ഹര്‍ഷസായ് ഗുജ്ജര്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടുകയും ചെയ്തു. തെക്കന്‍ ഗുജറാത്തില്‍ ബര്‍ദോളി മേഖലയിലെ കരിമ്പുപാടങ്ങളിലെ 1.25 ലക്ഷം തൊഴിലാളികളില്‍ 50.4 ശതമാനവും കടക്കെണിയിലായ അടിമപ്പണിക്കാരാണെന്ന് പ്രയാസ് സെന്റര്‍ ഫോര്‍ ലേബര്‍ റിസര്‍ച്ച്‌ ആന്‍ഡ് ആക്ഷന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ഏപ്രില്‍ 22-ന് രാജ്കോട്ടിലെ ഒരു ഇമിറ്റേഷന്‍ ജ്വല്ലറി നിര്‍മാണകേന്ദ്രത്തില്‍ നിന്ന് ബംഗാളികളായ അഞ്ചുകുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. 10-15 വയസ്സുള്ള ഈ കുട്ടികളെ ദിവസവും പത്തുമണിക്കൂര്‍വരെ പണിയെടുപ്പിച്ചിരുന്നു. രാത്രിയിലും വെല്‍ഡിങ്പോലുള്ള ജോലികള്‍ ഇവരെക്കൊണ്ട് ചെയ്യിക്കാറുണ്ട്. കഴിഞ്ഞമാസം 27 കുട്ടികളെയാണ് പൊലീസ് രാജ്കോട്ടില്‍ നിന്ന് മോചിപ്പിച്ചത്. മഹാരാഷ്ട്രയിലെ ധുലെ, നദുര്‍ബാര്‍, ഗുജറാത്തിലെ തപി, ഡാങ്സ് ജില്ലകളിലെ ആദിവാസികളാണിവര്‍. നാലുമുതല്‍ ആറുവരെ മാസത്തേക്കുള്ള ജോലിക്ക് 20,000 മുതല്‍ 30,000 രൂപ വരെ മുന്‍കൂറായി ഒരു കുടുംബത്തിന് ഇടനിലക്കാര്‍ നല്‍കും.

പലിശയും, ഭക്ഷണം, താമസം എന്നിവയ്ക്കുള്ള ചിലവും ഉള്‍പ്പെടെ ഈ പണം ശമ്പളത്തില്‍നിന്ന് കുറയ്ക്കുമ്പോള്‍ ഭൂരിപക്ഷവും വീണ്ടും കടക്കാരാവുന്നുവെന്ന് പഠനം കണ്ടെത്തിയത്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ രാജ്യത്തെ ചെറുകിട വ്യവസായമേഖലയിലെ ബാലവേലക്കാരില്‍ ആറുശതമാനവും ഗുജറാത്തിലാണ്. തൊഴിലാളികളില്‍ 75 ശതമാനവും ഭൂരഹിതരും 20 ശതമാനവും രണ്ടേക്കറില്‍ത്താഴെ മാത്രം ഭൂമിയുള്ളവരും ആകയാല്‍ ഈ അടിമപ്പണിക്ക് നിര്‍ബന്ധിതരാവുകയാണ്.

വര്‍ഷം 2000 കോടി രൂപയോളം വിറ്റുവരവുള്ള ഗുജറാത്തിലെ സഹകരണ പഞ്ചസാരമില്ലുകളില്‍ പതിനാറും ഈ തൊഴിലാളികള്‍ ജോലിയെടുക്കുന്ന തെക്കന്‍ഗുജറാത്തിലാണ്. നാലുമുതല്‍ ആറുവരെ മാസമുള്ള ഒരു സീസണ്‍ അവസാനിക്കുമ്പോള്‍ ഇടനിലക്കാര്‍ വഴിയാണ് ശമ്പളവിതരണം നടത്തുന്നത്. 53 ശതമാനം തൊഴിലാളികളും കൂലിയില്ലാതെ വീണ്ടും മുന്‍കൂര്‍ പണം കൈപ്പറ്റുന്നു.

35 ശതമാനം കുടുംബങ്ങള്‍ക്ക് 10,000 മുതല്‍ 20,000 രൂപവരെ മാത്രമാണ് ലഭിക്കുന്നത്. ധനികരായ മേല്‍ജാതിക്കാരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളില്‍ ഭര്‍ത്താവിനും ഭാര്യക്കുംകൂടി ദിവസം 238 രൂപയാണ് കൂലി കിട്ടുക. സംസ്ഥാനത്ത് കര്‍ഷകത്തൊഴിലാളിയുടെ അംഗീകൃതകൂലിയായ 178 രൂപയിലും കുറവാണിത്. തലമുറകളിലൂടെ തുടരുന്ന ഈ അടിമപ്പണി ഉടമകള്‍ക്ക് കൊള്ളലാഭവും തൊഴിലാളികള്‍ക്ക് തീരാദുരിതവും നല്‍കുന്നുവെന്ന് ഈ മേഖലയില്‍ പഠനം നടത്തിയിട്ടുള്ള ഡച്ച്‌ സാമൂഹികശാസ്ത്രജ്ഞന്‍ യാന്‍ ബ്രമാന്‍ നിരീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button