തോമസ് ചെറിയാന്‍ കെ
ഉള്ളിലെ ചേരിപ്പോര് മുറുകുമ്പോഴും വരുന്ന തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നിന്ന് അഭിമുഖീകരിക്കാനുള്ള കരുനീക്കങ്ങള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ശക്തമായി ആരംഭിച്ചു എന്നുള്ളതിന്റെ സൂചനയാണ് ഏതാനും ദിവസം മുന്‍പ് സമാപിച്ച ഹൈദരാബാദ് സമ്മേളനം. രാഷ്ട്രീയ കോളിളക്കങ്ങളില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടി ഐക്യമത്യത്തിന്റെ മുഖം മൂടിയാണോ അതോ നേരിന്റെ സംശുദ്ധ പ്രതിച്ഛായയാണോ ജനങ്ങള്‍ക്ക് മുന്‍പില്‍ കാഴ്ച്ചവയ്ക്കുന്നത് എന്ന് സംശയം തോന്നിപ്പിക്കും വിധമായിരുന്നു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കഴിഞ്ഞ ഏതാനും മാസത്തെ സഞ്ചാരം. വരുന്ന മുഖ്യ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സീതാറാം യെച്ചൂരിയുടെ വാക്കുകളെ അപ്പാടെ തള്ളുന്ന നയങ്ങളാണ് പാര്‍ട്ടിയുടെ നാലു ഭാഗത്തു നിന്നും കണ്ടത്.
കേരള ഘടകത്തിലുള്‍പ്പടെയുള്ള നേതാക്കള്‍ കാരാട്ട് പക്ഷത്തിനു പിന്തുണ നിന്നപ്പോഴും പാര്‍ട്ടിക്കുള്ളിലും പുറത്തും നിന്നവര്‍ സ്വപ്നം കണ്ടത് യെച്ചൂരിയുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ അസ്തമയമാണ്. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങളെ തകിടം മറിച്ചു കൊണ്ടായിരുന്നു ഹൈദരബാദ് സമ്മേളനത്തില്‍ സീതാറാം യെച്ചൂരി മാന്ത്രിക വിജയം നേടിയത്. സിപിഎമ്മില്‍ യെച്ചൂരി എന്ന നായകനുള്ള സ്ഥാനത്തിന് യാതൊരു ഇളക്കവും തട്ടിയിട്ടില്ലെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസുമായുള്ള സഖ്യം ഒഴിവാക്കാനാത്തതെന്നും കേരളമുള്‍പ്പടെയുള്ള ഘടകങ്ങള്‍ക്ക് അല്പം ശബ്ദം കുറച്ചാണെങ്കലും ശരിയെന്ന് മൂളേണ്ടി വന്നു.
മൂന്നു സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളോളം തുടര്‍ച്ചയായി ഭരണം നിലനിര്‍ത്തിയ പാര്‍ട്ടി അതിന്റെ ഏറ്റവും ദാരുണമായ തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുന്ന നാളുകളാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. യെച്ചൂരി നയത്തെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് സഖ്യം വേണ്ട എന്ന് കാരാട്ട് പക്ഷം ആണയിട്ട് ആവര്‍ത്തിച്ചപ്പോള്‍ ഇവരുടെ ബഹളങ്ങള്‍ക്ക് അയവു വരുത്തുകയും യെച്ചൂരി പക്ഷത്തിന്റെ തീരുമാനത്തിലെ യുക്തി ഏവര്‍ക്കും ഒരുപോലെ വെളിവാക്കുകയും ചെയ്ത ഒന്നാണ് ത്രിപുര തിരഞ്ഞെടുപ്പ് ഫലം. വര്‍ഷങ്ങളോളം ത്രിപുരയെ മുന്നില്‍ നിന്നും നയിച്ച മണിക്ക് സര്‍ക്കാര്‍ എന്ന രാഷ്ട്രീയ രംഗത്തെ അതികായന് മടങ്ങി വരാനാവാത്ത വിധമുള്ള തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞു പോയതെന്ന് ചേരി വ്യത്യാസമില്ലാതെ ഏവര്‍ക്കം സമ്മതിക്കേണ്ടി വന്നു കഴിഞ്ഞു .
എന്നാല്‍ ത്രിപുരയില്‍ ബിജെപി നേടിയ വിജയത്തിനു പിന്നില്‍ കോണ്‍ഗ്രസുമുണ്ടെന്നും അതിനാല്‍ തന്നെ മുഖ്യതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്നും പാര്‍ട്ടിയിലെ ഉന്നത സ്ഥാനികര്‍ തങ്ങളുടെ പക്ഷം ശരിയെന്നു വരുത്താന്‍ വിളിച്ചു പറയുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ തമ്മില്‍ മത്സരിച്ച ഒരു പാര്‍ട്ടിയാണ് മറ്റൊരു പാര്‍ട്ടിയെ വിജയിപ്പിച്ചതെന്ന ന്യായം വെറും മുട്ടാപ്പോക്കാണെന്ന് അരിമണിയില്‍ അക്ഷരങ്ങള്‍ എഴുതിപഠിക്കുന്ന കൊച്ചു കുഞ്ഞിനു വരെ അറിയാമെന്ന വസ്തുതയും പാര്‍ട്ടിക്കുള്ളിലെ ബുദ്ധികേന്ദ്രങ്ങള്‍ അതു മറന്നുവെന്നതും പാര്‍ട്ടിക്കുണ്ടായിരുന്ന ജന സ്വീകാര്യതയ്ക്ക് ശക്തമായ മങ്ങലാണ് ഏല്‍പ്പിച്ചത്.
കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മുന്നോട്ട് പോകണമെന്ന യെച്ചൂരി നിലപാടിനെ കാരാട്ട് പക്ഷം ശബ്ദം കനപ്പിച്ചല്ലെങ്കിലും ശരിയെന്ന് ഇപ്പോള്‍ പറഞ്ഞെങ്കിലും പാര്‍ട്ടി ഉള്‍പ്പോരിന് അയവു വരാത്തതിനാല്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ശക്തമാകുമെന്നും തിരഞ്ഞെടുപ്പ് അവസാനിക്കും വരെ കോണ്‍ഗ്രസുമായുള്ള സഖ്യം വിള്ളല്‍ കൂടാതെ പോകുമോ എന്നതും കണ്ടു തന്നെ അറിയണം. യെച്ചൂരി നയത്തെ കഴിഞ്ഞ മാസങ്ങളില്‍ നടന്ന ഓരോ സംസ്ഥാന സമ്മേളനത്തിലും ജില്ലാ സമ്മേളനത്തിലും എതിര്‍ത്ത് അഭിപ്രായം വ്യക്തമാക്കിയ കാരാട്ട് പക്ഷത്തിന്റെ മൗനത്തിന്റെ മൂടുപടമുള്ള തല്‍സ്ഥിതി ‘തോല്‍വി സമ്മതമാണോ’, അതോ വരാന്‍ പോകുന്ന രാഷ്ട്രീയ അടവുകളുടെ കോളിളക്കത്തിനു മുന്‍പുള്ള ശാന്തതയാണോ ഇതെന്നും പാര്‍ട്ടിയും ജനങ്ങളും ആങ്കയോടെ ഉറ്റു നോക്കുന്നു.
ഇതോടെ കമ്മ്യുണിസ്റ്റ് ഭരണം അവശേഷിക്കുന്ന കേരള ഘടകവും ഭരണം നഷ്ടമായ ത്രിപുര ഘടകവും ഇത്രയും നാള്‍ ഘോരഘോരം നടത്തിയ നിലപാട് വ്യക്തമാക്കല്‍ വെറും പുക ചുരുളുകളായി പോയോ എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് ഐക്യകണ്ഠേനെ അംഗീകരിച്ച പ്രമേയം കോണ്‍ഗ്രസുമായി സഖ്യം അനുവദിക്കുന്നതല്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞത്. വൃന്ദ കാരാട്ടിന്റെ പ്രസ്താവന വന്നതോടെ പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും ആശയക്കുഴപ്പങ്ങള്‍ക്കും ആരംഭം കുറിച്ചു. രാഷ്ട്രീയ പ്രമേയത്തില്‍ വന്ന ശ്രദ്ധേയമായ തിരുത്തലുകള്‍ ആരുടെയും വിജയമോ തോല്‍വിയോ സൂചിപ്പിക്കുന്നതല്ലെന്ന യെച്ചൂരിയുടെ അഭിപ്രായവും ഇരു കക്ഷികള്‍ക്കിടയിലുള്ള ചേരി തിരിവു അവസാനിച്ചോ അതോ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് നടത്തിയ വെറും പൊള്ളയായ വെളിപ്പെടുത്തലാണോ എന്നും പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ മുറുമുറുപ്പും ഉയര്‍ത്തുന്നു.
ഇത്രയും ചിന്തകള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നില നില്‍ക്കുമ്പോള്‍ ഓര്‍ക്കേണ്ട സംഗതി ഇതു വരെ പാര്‍ട്ടിയുടെ ചിന്താചക്രവാളത്തില്‍ കടന്നു വന്നിട്ടില്ല. കോണ്‍ഗ്രസ് നേതൃനിര തിരഞ്ഞെടുപ്പ് ഈ സഖ്യത്തെ എങ്ങനെ സ്വീകരിയ്ക്കും ?. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന ഉത്തരവാദിത്വത്തിലേക്ക് കടന്ന ശേഷം നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ എടുക്കുന്ന തീരുമാനങ്ങളില്‍ പിഴവുണ്ടാകരുതെന്ന് രാഹുലിനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതൃത്വത്തിനും നിര്‍ബന്ധമുണ്ട്. കഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനിയ പരാജയത്തില്‍ നിന്ന് മാറ്റത്തിന്റെ മുഖവുമായെത്തുന്ന കോണ്‍ഗ്രസിന് സഖ്യം എന്നത് ശക്തി കൂട്ടുമോ കുറയ്ക്കുമോ എന്നതിലും നേതൃത്വത്തിന് അന്തിമ തീരുമാനത്തിലെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നതും ഇവിടെ നാം ഓര്‍ക്കണം. കര്‍ണാടക തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് എന്താണോ അതാകും കോണ്‍ഗ്രസിനു ഇന്ത്യന്‍ മണ്ണിലുള്ള ഭാവി എന്നും രാഷ്ട്രീയ നിരീക്ഷകര്‍ സംശയം കൂടാതെ പറയുന്നു. അതിനാല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രമേയത്തിന് തീരുമാനമായതുപോലെ കോണ്‍ഗ്രസിന് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയോടുള്ള സമീപനം വ്യക്തമായാല്‍ മാത്രമേ തിരഞ്ഞെടുപ്പ് ഗോദായില്‍ ഏതടവ് സ്വീകരിക്കണമെന്ന് ഇരു പാര്‍ട്ടികള്‍ക്കും തീരുമാനിക്കാന്‍ സാധിക്കൂ.
കോണ്‍ഗ്രസ് സഖ്യത്തിനു മുന്‍തൂക്കം നല്‍കി പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കാന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സീതാറാം യച്ചൂരി പടപ്പുറപ്പാട് നടത്തുമ്പോള്‍ നേരിടാനിരിക്കുന്ന വെല്ലുവിളികളും ചെറുതല്ല. ഉള്‍പാര്‍ട്ടി പോര് തിരഞ്ഞെടുപ്പ് നേരത്ത് ശക്തമായാല്‍ വിജയലക്ഷ്യമായി കണ്ട കോണ്‍ഗ്രസ് സഖ്യം തന്നെയാകും പാര്‍ട്ടിക്കുണ്ടാകാന്‍ പോകുന്ന ഏറ്റവും വലിയ തിരിച്ചടി. രാജ്യത്തെ ഭരണ രംഗത്ത് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തനം കൊണ്ടും നേതൃനിരയുടെ മികവുകൊണ്ടും കാലുറപ്പിച്ച ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് സഖ്യം മാത്രം മതിയോ അതോ പാര്‍ട്ടിക്കുള്ളിലെ സുതാര്യമായ ഐക്യത കൂടി ഉറപ്പു വരുത്തി മുന്നോട്ട് പോകണമോ എന്നും യെച്ചൂരി പക്ഷം കാര്യമായി ചിന്തിക്കുന്നുണ്ടാകാം.
ഇതില്‍ പാര്‍ട്ടിയും ജനങ്ങളും ആശങ്കപെടുന്ന വസ്തുത എന്തെന്നാല്‍ കാരാട്ട് പക്ഷത്തിന്റെ ഇപ്പോഴുള്ള മൗന സമ്മതം വരാന്‍ പോകുന്ന രാഷ്ട്രീയ അടവു നയത്തിനുള്ള ലക്ഷണങ്ങളാണോ എന്നതാണ്. എന്തായാലും കമ്മ്യുണിസ്റ്റ് പാര്‍ട്ടി അതിന്റെ ഏറ്റവും വലിയ ദയനീയ സ്ഥിതിയില്‍ കടന്നു പോകുമ്പോള്‍ നേതൃത്വം ഇപ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യാന്‍ പ്രാപ്തമാകുന്നതായിരിക്കട്ടെ എന്ന് ആശംസിക്കാം. പാര്‍ട്ടിയിലും മറ്റു കക്ഷികള്‍ക്കിടയിലുമുള്ള ചേരിപ്പോര് അവസാനിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനും ഇന്ത്യയെന്ന ജനാധിപത്യ ശക്തിയെ ലോകത്തിനു മുന്‍പില്‍ പ്രഥമ സ്ഥാനത്തു നിലനിര്‍ത്തുവാനും കഴിയുന്ന ഭരണകൂടം അടുത്ത തിരഞ്ഞെടുപ്പിലും പിറക്കട്ടെ എന്ന് നമുക്ക് ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാം.
Post Your Comments