തിരുവനന്തപുരം: ആരോഗ്യ മന്ത്രിക്കെതിരെ ആര്‍സിസിയില്‍ എച്ച്ഐവി ബാധിച്ച് മരിച്ച കുട്ടിയുടെ അച്ഛന്‍ ഷിജി. പരാതി പറഞ്ഞപ്പോള്‍ കെ.കെ ശൈലജ ധാര്‍ഷ്ഠ്യത്തോടെ പെരുമാറിയെന്ന് ഷിജി മാധ്യമങ്ങളോട് പറഞ്ഞു.
വേദന പങ്കുവച്ചപ്പോള്‍ നിങ്ങള്‍ക്ക് കുഴപ്പമില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണമെന്നും ഷിജി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കുട്ടിയുടെ രക്തം വീണ കിടക്കവിരി ആശുപത്രി ജീവനക്കാര്‍ കഴുകാതെ വേറെ പുതിയ ബക്കറ്റ് കൊണ്ടുവന്ന് ഗ്ലൗസിട്ട് തന്നെ കൊണ്ട് ഷീറ്റ് കഴുകിച്ചെന്ന് അമ്മ ലേഖാ ഷിജി പറഞ്ഞു. മറ്റുള്ളവര്‍ തങ്ങളുടെ കയ്യില്‍ നിന്ന് ചോറിനുള്ള കറി വാങ്ങുന്നത് പരസ്യമായി തടഞ്ഞു. വസ്ത്രങ്ങള്‍ പ്രത്യേകം കവറിലാക്കി സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ഉപയോഗിക്കാന്‍ പ്രത്യേകം ബക്കറ്റ് നല്‍കി. എച്ച്ഐവി രോഗം ഉണ്ടെന്ന വിവരം മറച്ചുവെച്ചുകൊണ്ടായിരുന്നു രണ്ടാഴ്ചയിലേറെ ഈ മാനസിക പീഡനം തുടര്‍ന്നെന്നും ലേഖാ ഷിജി പറഞ്ഞു.
എന്നാല്‍ ആര്‍സിസിയില്‍ ചികിത്സക്കെത്തിയ മറ്റൊരു കുട്ടിക്ക് കൂടി എച്ച്ഐവി ബാധിച്ചത് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പതിനായിരക്കണക്കിന് ആളുകള്‍ക്ക് ചികിത്സ നല്‍കുന്ന സ്ഥാപനമാണ് ആര്‍സിസി, ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Post Your Comments