Latest NewsNewsInternational

ചൈന കൃത്രിമ മഴ പെയ്യിച്ചാല്‍ ഇന്ത്യന്‍ നഗരങ്ങള്‍ മുങ്ങും

ബെയ്ജിംഗ് : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ എന്തും പ്രയോഗിയ്ക്കാന്‍ തക്കം കാത്തിരിക്കുന്ന ചൈന പുതിയ തന്ത്രവുമായി രംഗത്ത്. ചൈനയില്‍ മഴയില്ലാത്തതിന് പരിഹാരമായി കൃത്രിമമായി വലിയ മഴ പെയ്യിക്കാന്‍ പോകുകയാണ് ചൈന. എന്നാല്‍ ഈ മഴ ഏറ്റവും വലിയ ഭീഷണി അയല്‍ക്കാരായ ഇന്ത്യയ്ക്ക് തന്നെയാണ്.

തിബറ്റിലും സമീപ പ്രദേശങ്ങളിലും മഴ പെയ്യിച്ച് വെള്ളം ശേഖരിച്ചുവെക്കാനാണ് ചൈനീസ് പദ്ധതി. ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് ചൈന പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്ത്യയ്ക്ക് ഇതൊരു വന്‍ മുന്നറിയിപ്പ് തന്നെയാണ്. കൃത്രിമ മഴയിലൂടെ ഹിമാലയത്തില്‍ നിന്നുള്ള നദികളും ഡാമുകളും നിറഞ്ഞാല്‍ ചൈനയ്ക്ക് എന്നല്ല ഭൂമിയിലെ ഒരു ശക്തിക്കും പിടിച്ചുനിര്‍ത്താന്‍ കഴിയില്ല.

അതിര്‍ത്തിയില്‍ ശീതയുദ്ധം തുടരുന്ന ചൈന ഇന്ത്യയ്‌ക്കെതിരായ നീക്കം ശക്തമാക്കാന്‍ മറ്റു വഴികള്‍ തേടുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് കൃത്രിമ മഴ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ജലം ഒരായുധമായി പ്രയോഗിക്കാന്‍ ചൈന നേരത്തെയും നീക്കം നടത്തിയിട്ടുണ്ട്. ഇന്ത്യ-ചൈന ബന്ധത്തിലെ പ്രധാന വിഷയമാണ് ജലം. ഈ വിഷയം തന്നെ വീണ്ടും പ്രയോഗിക്കാന്‍ തന്നെയാണ് ചൈനയുടെ നീക്കം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലാവസ്ഥയെ കുറിച്ചുള്ള ഡേറ്റകളെല്ലാം ചൈന ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. മഴയും മഞ്ഞും സംബന്ധിച്ചുള്ള സാറ്റ്ലൈറ്റ് വിവരങ്ങള്‍ കൈമാറണമെന്നതാണ് ഇന്ത്യ-ചൈന ധാരണ. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കാലാവസ്ഥാ വിവരങ്ങളൊന്നും ചൈന ഇന്ത്യയെ അറിയിക്കാറില്ല. ഇതിനിടെ കൃത്രിമ മഴ പെയ്താല്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. എത്രത്തോളം മഴ ലഭിക്കുമെന്നോ എവിടെ എല്ലാം പെയ്യുമെന്നോ കൃത്യമായി പറയാന്‍ കഴിയില്ല. എന്നാല്‍ ഹിമാലയത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളിലെ ജലനിരപ്പ് കൂടുകയോ ചൈനയുടെ അധീനതയിലുള്ള ഡാമുകള്‍ തുറന്നുവിടുകയോ തകരുകയോ ചെയ്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ കിഴക്കന്‍ നഗരങ്ങള്‍ മുങ്ങുമെന്ന കാര്യം ഉറപ്പാണ്.

അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനു ശേഷമാണ് ജലം, മഴ ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ചൈന ഇന്ത്യയ്ക്ക് കൈമാതെ വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. അവസാനമായി 2016 മേയിലാണ് ഹൈഡ്രോളജിക്കല്‍ ഡേറ്റ ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ ഇത് രണ്ടു രാജ്യങ്ങള്‍ക്കും നല്ലതല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ കൈമാറുന്നത് ഇരുരാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുന്നും. ചൈനീസ് നദികളിലെ ജലത്തിന്റെ അളവും മഴലഭ്യതയുടെ കണക്കുകളും ഇന്ത്യയ്ക്ക് കൈമാറമെന്ന വിഷയം കഴിഞ്ഞ മാസവും ലോക്‌സഭയില്‍ ചര്‍ച്ച ചെയ്തിരുന്നു.

ഹൈഡ്രോളജിക്കല്‍ ഡേറ്റ ലഭിക്കാതെ വന്നാല്‍ ചൈനയുടെ ഭാഗത്തുള്ള നദികളിലെ ജലത്തിന്റെ അളവ് കണക്കാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. ഇത് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രളയത്തിനു വരെ കാരണമാകും. ഇന്ത്യയ്‌ക്കെതിരെ വാട്ടര്‍ ബോംബ് തന്ത്രം പ്രയോഗിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് പരിസ്ഥിതി ഗവേഷകര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു.

അതേസമയം, ഇന്ത്യയുടെ ഭാഗത്തേക്ക് ഒഴുകുന്ന നിരവധി നദികളില്‍ കൂടുതല്‍ വെള്ളം സംഭരിക്കാന്‍ ചൈന അനധികൃതമായി ഡാമുകളും ബണ്ടുകളും നിര്‍മിക്കുന്നുണ്ട്. വന്‍ ഡാമുകളാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. ഈ ഡാമുകള്‍ പെട്ടെന്ന് തുറന്നു വിട്ടാല്‍ ഇന്ത്യയുടെ നിരവധി കിഴക്കന്‍ പ്രദേശങ്ങള്‍ വെള്ളത്തിലാകും. നിരവധി പേര്‍ മരിക്കും. ഒരു ആക്രമണവും നടത്താതെ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി നല്‍കാന്‍ ചൈനയ്ക്ക് സാധിക്കും. നേരത്തെയും ചൈനീസ് ഡാമുകള്‍ തുറന്നുവിട്ടു ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. ഇതു തന്നെയാണ് ചൈന പെയ്യിക്കാന്‍ പോകുന്ന ഭീമന്‍ കൃത്രിമ മഴയും ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കാന്‍ കാരണം.

ടിബറ്റന്‍ സമതല ഭാഗത്താണ് കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കം നടത്തുന്നത്. വന്‍ മഴ ലഭിച്ചാല്‍ ഇവിടെ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന പ്രധാന മൂന്നു നദികളിലെ ഡാമുകള്‍ നിറഞ്ഞൊഴുകും. ഈ മൂന്നു നദികളും ചൈനയുടെ നിയന്ത്രണത്തിലാണ്. 2700 കിലോമീറ്റര്‍ നീളമുള്ള ബ്രഹ്മപുത്ര നദി തന്നെയാണ് ഏറ്റവും വലിയ ഭീഷണി. അസം, അരുണാചല്‍ പ്രദേശ് പ്രദേശങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ബ്രഹ്മപുത്ര. ബ്രഹ്മപുത്രയിലെ ചൈനീസ് ഡാമുകള്‍ തുറന്നുവിട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കിഴക്കന്‍ സംസ്ഥാനങ്ങള്‍ പൂര്‍ണമായും വെള്ളത്തിലാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. സത്ലജ്, ഇന്‍ഡസ് നദികളാണ് ടിബറ്റില്‍ നിന്നു വരുന്ന മറ്റു പ്രധാന നദികള്‍. ഹിമാചല്‍ പ്രദേശ്, പഞ്ചാബ് പ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് സത്ലജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button