അബുദാബി : സാമൂഹ്യ മാധ്യമങ്ങളില്‍ പണമടച്ച് പോസ്റ്റുകള്‍ ഇടുന്നവര്‍ സര്‍ക്കാരിനെ വിവരമറിയിക്കണമെന്ന് കര്‍ശന നിലപാടിലുറച്ച് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടുന്നവര്‍ പണം അടയ്ച്ചുള്ള പോസ്റ്റുകളാണോ സ്വകാര്യ പോസ്റ്റുകളാണോ എന്ന് കൃത്യമായി രേഖപ്പെടുത്താറില്ല. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ ഏറി വരുന്ന സാഹചര്യത്തില്‍ നീരീക്ഷണം ശക്തമാക്കുമെന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അറിയിച്ചു.
നിയമ വിരുദ്ധമായി ഇത്തരത്തില്‍ നടത്തുന്ന ബ്രാന്‍ഡ് പരസ്യങ്ങള്‍ക്ക് തടയിടാന്‍ കൂടിയാണ് നിരീക്ഷണം കര്‍ശനമാക്കുന്നത്. ഇത്തരത്തില്‍ പരസ്യം ചെയുന്ന ചില കമ്പനികള്‍ ഉപയോക്താക്കളോട് പരസ്യം പണമടയ്ക്കേണ്ടതാണോ അല്ലയോ എന്ന് വെളിപ്പെടുത്താറില്ല. ഇതിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. ജൂണ്‍ അവസാനത്തോടു കൂടി ഈ വിഷയം സംബന്ധിച്ച ചട്ടങ്ങള്‍ നിലവില്‍ വരും. യുഎഇയിലെ ഉപയോക്താക്കള്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ കൂടുതല്‍ വിശ്വാസ്യത ഉറപ്പുള്ളതാക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നാഷണല്‍ മീഡിയ കൗണ്‍സില്‍ ഏതാനും ചട്ടങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടു വന്നിരുന്നു.
യുഎഇയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പണമടയ്ച്ചുളള പരസ്യം, ഉല്പന്ന -സേവന പരസ്യങ്ങള്‍ നല്കുന്നവര് ജൂണ്‍ അവസാനത്തിനുള്ളില്‍ ലൈസന്‍സ് നേടിയിരിക്കണം. ഇതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്ക് 5000 ദിര്‍ഹം പിഴയടയ്ക്കേണ്ടി വരികയും ഇവര്‍ക്ക് സമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് കര്‍ശനമായ വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ഇടുന്ന പോസ്റ്റുകളില്‍ പരസ്യമാണോ സ്വകാര്യ പോസ്റ്റാണോ എന്ന് രേഖപ്പെടുത്താത്തവര്‍ക്കും നിയമ നടപടികള്‍ നേരിടേണ്ടി വരും.
Post Your Comments