KeralaLatest NewsNews

വിദേശ വനിത ലിഗയുടെ മരണത്തില്‍ നാലംഗ സംഘത്തെ കസ്റ്റഡിയില്‍ എടുത്തെന്ന് സൂചന

തിരുവനന്തപുരം: ലിത്വാനിയ സ്വദേശി ലിഗയുടെ കൊലപാതകത്തിന് പിന്നില്‍ ചീട്ടുകളി സംഘമാണെന്ന് സംശയം. സംഭവത്തോടനുബന്ധിച്ചു നാലംഗ സംഘം പൊലീസ് കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്. എന്നാല്‍ പൊലീസ് ഇത് സ്ഥിരീകരിക്കുന്നില്ല. ഈ സംഘം അറിയാതെ ലിഗയുടെ മൃതദേഹം ഇത്രയും നാള്‍ ഈ ആളൊഴിഞ്ഞ സ്ഥലത്ത് കിടക്കില്ലെന്നാണ് പൊലീസ് നിഗമനം. ഈ സാഹചര്യത്തിലാണ് കസ്റ്റഡിയില്‍ എടുക്കല്‍. മൃതദേഹം കണ്ട കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാട് പ്രദേശമായ ചേന്തിലക്കരയില്‍ സ്ഥിരമായി ചീട്ടുകളിക്കാനെത്തുന്ന സംഘമാണ് കസ്റ്റഡിയിലായത്.

പിടിയിലായവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ലിഗയുടെ മരണവുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഒതളങ്ങ ചെടികള്‍ നിറഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. അതിനാല്‍ ലിഗ ഇത് ഭക്ഷിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഒതളങ്ങ ശേഖരിച്ച്‌ പൊലീസ് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രാസപരിശോധനാ ലാബിലെ ഫലം വന്നാലേ ഇതാണോ മരണകാരണമെന്ന് വ്യക്തമാവൂ. ശാസ്ത്രീയ പരിശോധനകളിലൂടെ ലിഗയുടേതുകൊലപാതകമാണോ എന്ന് ഉറപ്പിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. അതിന് ശേഷമാകും കസ്റ്റഡിയില്‍ ഉള്ളവരെ വിശദമായി ചോദ്യം ചെയ്യുക.

മൃതദേഹ പരിശോധനയില്‍ മാനഭംഗത്തിന്റെയോ ആക്രമണത്തിന്റെയോ ലക്ഷണങ്ങളില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുന്നുണ്ട്. പണംവച്ചുള്ള ചീട്ടുകളിയും മദ്യപാനവും സ്ഥിരമായി നടക്കാറുള്ള സ്ഥലത്താണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. ഏറെ പഴക്കമില്ലാത്ത ഭക്ഷണവും വെള്ളക്കുപ്പികളും സിഗരറ്റ് കുറ്റികളും അവിടെ നിന്ന് ലഭിച്ചു. ഇവ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇത് ലഭിച്ചു കഴിഞ്ഞാല്‍ ചീട്ടുകളി സംഘത്തിന്റെ പങ്ക് വ്യക്തമാകും.

ലിഗയുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ടുദിവസം മുന്‍പ് കാറിലെത്തിയ സംഘം നാട്ടുകാരുമായി വഴക്കുണ്ടാക്കിയെന്നും പൊലീസിന് വിവരം കിട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അവിടെ സ്ഥിരമായെത്തുന്ന ചീട്ടുകളി സംഘം പിടിയിലായതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button