അൽഹസ്സ•സ്‌പോൺസറുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികൾ മൂലം പണവും നഷ്ടമായി ഹുറൂബിലുമായി നിയമക്കുരുക്കിലായ ഇന്ത്യക്കാരനായ തൊഴിലാളി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ശക്തമായ ഇടപെടൽ മൂലം, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയേക്ക് മടങ്ങി.
തമിഴ്‌നാട് കന്യാകുമാരി സ്വദേശി വിൻസന്റാണ് ദുരിതങ്ങളുടെ ഒരു പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വർഷം മുൻപാണ് വിൻസന്റ് അൽഹസ്സയിൽ ഒരു സൗദി പൗരന്റെ ചെറിയ വർക്ക്‌ഷോപ്പിൽ ജോലിയ്ക്ക് എത്തിയത്. വളരെ മോശം അവസ്ഥയായിരുന്നു ജോലിസ്ഥലത്ത് ഉണ്ടായിരുന്നത്. വർക്ക്‌ഷോപ്പിൽ ജോലി കുറവായിരുന്നു. സ്പോൺസർ വിൻസന്റിന് ശമ്പളമോ ഇക്കാമയോ നൽകിയില്ല. പുറത്ത് ചില്ലറ പണികൾ ചെയ്താണ് വിൻസന്റ് നിത്യചിലവിനുള്ള വക കണ്ടെത്തിയത്.
അങ്ങനെയിരിയ്ക്കുമ്പോൾ അമ്മയ്ക്ക് അസുഖം കൂടുതലായതായി വിവരം കിട്ടിയതിനെത്തുടർന്ന്, വിൻസന്റ് ജോലി മതിയാക്കി നാട്ടിൽ പോകാൻ എക്സിറ്റ് നൽകാൻ സ്പോൺസറോട് അപേക്ഷിച്ചു. എന്നാൽ ഇക്കാമ പുതുക്കാനും, നിയമപരമായ നടപടികൾ പൂർത്തിയാക്കാനുള്ള ചിലവുകൾക്കുo മറ്റുമായി 9000 റിയാൽ നൽകിയാൽ മാത്രമേ എക്സിറ്റ് നൽകൂ എന്ന് സ്പോൺസർ പറഞ്ഞു.
നാട്ടിലുള്ള അഞ്ചു സെന്റ് സ്ഥലം പണയപ്പെടുത്തി കാശ് കടം വാങ്ങി പറഞ്ഞ തുക സംഘടിപ്പിച്ച് വിൻസന്റ് സ്പോണ്‍സര്‍ക്ക് നൽകി. എന്നാൽ പിന്നീട് അന്വേഷിച്ചപ്പോൾ, സ്പോൺസർ വിന്സന്റിനെ ചതിയിൽ ഹുറൂബ് ആക്കിയതായി അറിയാൻ കഴിഞ്ഞു. സ്പോൺസറോട് ഇതിനെച്ചൊല്ലി വഴക്കിട്ടപ്പോൾ , അയാൾ വിന്സന്റിനെ വർക്ക്‌ഷോപ്പിൽ നിന്നും പുറത്താക്കി. വഴിയാധാരമായ വിൻസന്റ് ലേബർ കോടതിയിൽ സ്പോണ്സർക്കെതിരെ കേസ് കൊടുത്തെങ്കിലും, പണം നൽകിയതിന് തെളിവില്ല എന്ന കാരണത്താൽ അനുകൂലമായ വിധിയൊന്നും ഉണ്ടായതുമില്ല.
ജീവിതം വഴിമുട്ടി എന്ത് ചെയ്യുമെന്നറിയാതെ കഴിയുമ്പോഴാണ് ഒരു സുഹൃത്ത് നൽകിയ ഫോൺ നമ്പറിൽ വിൻസന്റ് നവയുഗം ജീവകാരുണ്യപ്രവർത്തകനായ ഹുസ്സൈൻ കുന്നിക്കോടിനെ ബന്ധപ്പെടുന്നത്. വിൻസെന്റിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ഹുസ്സൈൻ, സാമൂഹ്യപ്രവർത്തകനായ മണി മാർത്താണ്ഡവുമൊത്ത് വിൻസെന്റിന്റെ സ്‌പോൺസറെ നേരിട്ട് പോയിക്കണ്ട് സംസാരിച്ചു. ഒത്തുതീർപ്പ് ചർച്ചകൾ പലപ്രാവശ്യം നടത്തിയെങ്കിലും, സ്പോൺസർ വഴങ്ങിയില്ല.
തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ വിൻസന്റ്, അമീർ കോടതിയിൽ സ്പോണ്സർക്കെതിരെ കേസ് കൊടുത്തു. ഹുസ്സൈന്റെയും മണിയുടെയും സഹായത്തോടെ കേസ് നടത്തിയപ്പോൾ, തന്റെ അവസ്ഥ കോടതിയെ ബോധ്യപെടുത്താൻ വിന്സന്റിന് കഴിഞ്ഞു. കോടതിയിൽ കേസ് തോൽക്കുമെന്ന അവസ്ഥ വന്നപ്പോൾ സ്പോൺസർ ഒത്തുതീർപ്പിന് തയ്യാറായി. അതുപ്രകാരം സ്പോൺസർ നിയമനടപടികൾ പൂർത്തിയാക്കി, ഹുറൂബ് നീക്കി, ഫൈനൽ എക്സിറ്റ് അടിച്ചിട്ട് പാസ്സ്‌പോർട്ട് വിന്സന്റിന് തിരികെ നൽകി. നവയുഗം അൽഹസ്സയിലെ പ്രവർത്തകർ പണം സ്വരൂപിച്ച് വിന്സന്റിന് വിമാനടിക്കറ്റ് എടുത്തു കൊടുത്തു.
നവയുഗത്തിന് നന്ദി പറഞ്ഞ് വിൻസന്റ് നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments