Latest NewsNewsGulf

ദുബായ്-അബുദാബി യാത്രയ്ക്ക് ഇനി വെറും 12 മിനിറ്റ്

ദുബായ് : സമയത്തെ തോല്‍പിച്ചു ദൂരങ്ങള്‍ കീഴടക്കാനൊരുങ്ങുന്ന അതിവേഗ ഗതാഗത പദ്ധതിയായ ഹൈപ്പര്‍ലൂപ് ദുബായിലേക്കും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനും (ഡിഎക്‌സ്ബി) ജബല്‍ അലിയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനും (ഡിഡബ്ല്യുസി) ഇടയില്‍ ഹൈപ്പര്‍ലൂപ് പദ്ധതിക്കുള്ള സാധ്യതാ പഠനത്തിനു തുടക്കമായി.

സാധാരണ യാത്രയ്ക്കു വേണ്ടിവരുന്നതില്‍നിന്നു 34 മിനിറ്റ് ലാഭിക്കാനാകും. വെറും ആറുമിനിറ്റുകൊണ്ട് എത്താം. ദുബായില്‍നിന്ന് അബുദാബിയിലേക്കുള്ള ഹൈപ്പര്‍ലൂപ് പാതയ്ക്കുള്ള നടപടികള്‍ അതിവേഗം മുന്നോട്ടു പോകുന്നതിനു പിന്നാലെയാണു ദുബായ് നഗരത്തിലെ സുപ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും പദ്ധതിയുടെ സാധ്യതകള്‍ തേടുന്നത്. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുത്ത വിദഗ്ധര്‍ യുഎഇയിലും ഗള്‍ഫ് മേഖലയിലും ഹൈപ്പര്‍ലൂപ്പിനുള്ള സാധ്യതകള്‍ വിലയിരുത്തി. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ യാത്രചെയ്യാന്‍ കഴിയുന്ന ഹൈപ്പര്‍ലൂപ്പില്‍ 12 മിനിറ്റുകൊണ്ടു 126 കിലോമീറ്റര്‍ താണ്ടി ദുബായില്‍നിന്ന് അബുദാബിയിലെത്താം. അല്‍ഐനും അബുദാബിക്കുമിടയിലും ഹൈപ്പര്‍ലൂപ്പിന്റെ സാധ്യതാപഠനങ്ങള്‍ നടക്കുകയാണ്. ഒന്‍പതു മിനിറ്റുകൊണ്ട് അല്‍ഐനില്‍നിന്നു തലസ്ഥാന നഗരത്തിലേക്കു യാത്രചെയ്യാനാകും. ഹൈപ്പര്‍ലൂപ് പദ്ധതിയുടെ ഗവേഷണങ്ങള്‍ക്കും ആസൂത്രണത്തിനും ഉള്‍പ്പെടെയുള്ള സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് അബുദാബിക്കും ദുബായിക്കും ഇടയില്‍ ഇന്നവേഷന്‍ കേന്ദ്രത്തിനു നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സീഹ് അല്‍ സിദൈറ മേഖലയില്‍ നിര്‍മിക്കുന്ന തന്ത്രപ്രധാന കേന്ദ്രത്തിനുള്ള ധാരണാപത്രത്തില്‍ കലിഫോര്‍ണിയയിലെ ഹൈപ്പര്‍ലൂപ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസും (ടിടി) അബുദാബിയിലെ അല്‍ദാര്‍ പ്രോപ്പര്‍ട്ടീസും കഴിഞ്ഞദിവസമാണ് ഒപ്പുവച്ചത്.

പത്തുകിലോമീറ്റര്‍ പാത നിര്‍മാണത്തിന്റെ ആദ്യഘട്ടം അടുത്തവര്‍ഷം തുടങ്ങി 2020 എക്‌സ്‌പോയ്ക്കു മുന്നോടിയായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഹൈപ്പര്‍ലൂപ്പിനു മണിക്കൂറില്‍ ഏകദേശം 3400 യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനാകുമെന്നു കണക്കാക്കുന്നു. ദിവസം 1.28 ലക്ഷം പേരെയും. ദുബായിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു രൂപകല്‍പന ചെയ്ത ഹൈപ്പര്‍ലൂപ് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ യുഎസിലെ നെവാദ മരുഭൂമിയില്‍ മണിക്കൂറില്‍ 310 കിലോമീറ്റര്‍ വേഗത്തില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു. എമിറേറ്റ്‌സ് എയര്‍ലൈന്‍ ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ഇന്നവേഷന്‍ ഓഫിസര്‍ ക്രിസ്റ്റഫ് മ്യൂളര്‍, മിഡിലീസ്റ്റ് ആന്‍ഡ് ഇന്ത്യ ഓപ്പറേഷന്‍സ് എംഡി: ഹര്‍ജ് ധലിവാല്‍ തുടങ്ങിയവരും പങ്കെടുത്തു.

ദുബായിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു പദ്ധതി വരുന്നതു വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു യാത്രക്കാര്‍ക്കു സൗകര്യമാകുമെന്നു ദുബായ് എയര്‍പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി) മൈക്കിള്‍ ഇബിറ്റ്‌സന്‍ പറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളം ഭാവിയില്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ക്കു മാത്രമാക്കി മാറ്റുമെന്നാണു റിപ്പോര്‍ട്ട്. മറ്റെല്ലാ വിമാനങ്ങളും അല്‍ മക്തൂം വിമാനത്താവളത്തിലേക്കു മാറും. ഇരുവിമാനത്താവളത്തിലേക്കും പോകേണ്ടിവരുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഹൈപ്പര്‍ലൂപ് ഏറെ ഗുണകരമാകും. നഗരത്തില്‍നിന്നു മാറിയുള്ള അല്‍ മക്തൂം വിമാനത്താവളത്തില്‍നിന്നു കുറഞ്ഞ സമയം കൊണ്ടു നഗരത്തിനകത്തുള്ള ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്താം. ഇവിടെയിറങ്ങി താമസസ്ഥലങ്ങളിലേക്കു പോകാന്‍ അനുബന്ധ സൗകര്യമൊരുക്കാനും സാധിക്കും.

പ്രത്യേകമായി രൂപകല്‍പന ചെയ്ത ടണലിലൂടെയാണു ഹൈപ്പര്‍ലൂപ് യാത്ര. വായുരഹിതമായ കുഴലില്‍ കാന്തികശക്തി ഉപയോഗിച്ചു ക്യാബിനെ അതിവേഗത്തില്‍ മുന്നോട്ടു ചലിപ്പിക്കുന്നു. ഇതിനു പ്രത്യേക മോട്ടോര്‍ ഉപയോഗിക്കുന്നു. വായുരഹിത സംവിധാനത്തില്‍ ഒരു വസ്തുവിനെ പ്രതലത്തില്‍നിന്നുയര്‍ത്തി വെടിയുണ്ട കണക്കെ മുന്നോട്ടു പായിക്കുന്ന സാങ്കേതികവിദ്യയാണ് ഇതിനടിസ്ഥാനമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടുഭാഗമായിട്ടാണു ക്യാബിന്‍ ചേസിസ്. മുകള്‍ഭാഗത്തെ എയറോഷെല്‍ കാര്‍ബണ്‍ പാളികള്‍കൊണ്ടുണ്ടാക്കിയതാണ്. കാര്‍ബണ്‍ ഫൈബറിനു ഭാരം കുറവും ഉരുക്കിനെക്കാള്‍ ബലവുമുണ്ട്. പ്രത്യേകതരം അലൂമിനിയം പാളികള്‍കൊണ്ടുള്ളതാണു താഴത്തെ ഭാഗം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button