Latest NewsIndiaNews

പിടികിട്ടാപ്പുള്ളിയുടെ മുന്നിൽ പോലീസ് ലുക്കൗട്ട് നോട്ടീസ് ഒട്ടിച്ചു മടങ്ങി: അബദ്ധം പിണഞ്ഞത് ഇങ്ങനെ

ലഖ്‌നൗ: പ്രതിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് അയാള്‍ പിടികിട്ടാപ്പുള്ളിയാണെന്ന് പ്രഖ്യാപിക്കുന്ന പോസ്റ്റര്‍ പതിച്ച്‌ പോലീസ്. പ്രതിയുടെ സഹോദരൻ ആണ് അയാളെന്നു തെറ്റിദ്ധരിച്ചാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് ഒട്ടിച്ചത്. ഭീം ആര്‍മി എന്ന ദളിത് സംഘടനയുടെ ദേശീയ അധ്യക്ഷന്‍ വിനയ് രത്തനെ അറസ്റ്റ് ചെയ്യാനെത്തിയ സഹാറന്‍പുര്‍ പോലീസ് ആണ് പ്രതിയെ മുന്നില്‍ കിട്ടിയിട്ടും പിടികൂടാതെ വീടിനു മുന്നില്‍ നോട്ടീസ് ഒട്ടിച്ചു മടങ്ങിയത്. വിനയ് രത്തന്റെ വീട്ടിലെത്തിയ പോലീസ് അദ്ദേഹത്തെക്കുറിച്ച്‌ അമ്മയോടും സഹോദരനോടും അന്വേഷിച്ചു.

പ്രതി സ്ഥലത്തില്ലെന്ന് അറിഞ്ഞ് പ്രതിയെ കണ്ടെത്തുന്നത് സംബന്ധിച്ച കോടതി ഉത്തരവ് ഭിത്തിയില്‍ പതിച്ച്‌ പോലീസ് തിരിച്ചുപോയി. യഥാർത്ഥത്തിൽ , പ്രതിയുടെ സഹോദരന്‍ എന്ന ധാരണയില്‍ പോലീസ് സംസാരിച്ചത് പ്രതിയായ വിനയ് രത്തനോടുതന്നെയായിരുന്നു. ഇത് തിരിച്ചറിയാനാകാതെ പോയതു മൂലമാണ് പോലീസിന് അബദ്ധം പിണഞ്ഞത്. പോലീസ് വന്നു മടങ്ങിയതിനു തൊട്ടു പിന്നാലെ പിടികിട്ടാപ്പുള്ളിയായ പ്രതിയുമായി പോലീസ് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. ഇതോടെയാണ് പറ്റിയ അബദ്ധം പോലീസ് തിരിച്ചറിഞ്ഞത്.

രണ്ട് എസ്‌ഐമാരും മൂന്ന് കോണ്‍സ്റ്റബിള്‍മാരുമടങ്ങുന്ന പോലീസ് സംഘം രത്തനെ അന്വേഷിച്ച്‌ വീട്ടിലെത്തിയപ്പോള്‍ പ്രതിയുടെ അമ്മയാണ് ആദ്യം പുറത്തുവന്നത്. കൂടെയുള്ള ആള്‍ തന്റെ ഇളയ മകനാണെന്നാണ് അമ്മ പരിചയപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന പോലീസുകാരില്‍ ആരും രത്തനെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടായിരുന്നില്ല. അബദ്ധം തിരിച്ചറിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം പോലീസ് സംഘം പ്രതിയുടെ വീട്ടില്‍ വീണ്ടും എത്തി.

എന്നാല്‍ അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. രത്തന്‍ പിന്നീട് കോടതിയില്‍ ഹാജരായി. വീഡിയോയുടെ അടിസ്ഥാനത്തില്‍ കൃത്യവിലോപം കാട്ടിയ പോലീസ് സംഘത്തിനെതിരെ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button