KeralaLatest NewsNews

ചരക്കുലോറികൾ ഇനി ട്രെയിനിൽ യാത്ര ചെയ്യും ; ‘റോ–റോ’ സംവിധാനം ഒരുങ്ങുന്നു

കണ്ണൂർ : കേരളത്തിൽ ‘റോ–റോ’ (റോൾ ഓൺ റോൾ ഓഫ്) സംവിധാനം ഒരുങ്ങുന്നു. ചരക്കുലോറികളെ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സംവിധാനമാണിത്. കേരളത്തിലെ ആദ്യത്തെ റോ–റോ സർവീസ് റെയിൽവേ പാലക്കാട് ഡിവിഷനു ലഭിക്കുമെന്നാണു സൂചന.

ചരക്കുവാഹനങ്ങളുടെ നീക്കം സുഗമമാക്കാൻ കൊങ്കൺ റെയിൽവേ വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയാണു റോ–റോ. വിമാനത്താവളവും തുറമുഖവും പ്രവർത്തനസജ്ജമാകാനിരിക്കുന്ന കണ്ണൂരിൽ റോ–റോ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം വ്യാപാര–വാണിജ്യ സമൂഹം ഉന്നയിച്ചിട്ടുണ്ട്. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികൾ ഇതു സംബന്ധിച്ചു നേരത്തേ റെയിൽവേയ്ക്കു നിവേദനം നൽകിയിരുന്നു. റെയിൽവേ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി വാണിജ്യ–വ്യവസായ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി.

Image result for ro ro service goa train

വിദൂരസ്ഥലങ്ങളിലേക്കു ചരക്കുമായി പോകുന്ന ലോറികളെ വഴിയിലെ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവാക്കാൻ നിശ്ചിത ദൂരം ട്രെയിനി‍ൽ കയറ്റുകയാണു റോ–റോയിൽ ചെയ്യുന്നത്. ഒരു ട്രെയിനിൽ മുപ്പതോ നാൽപ്പതോ വലിയ ലോറികൾ കയറ്റാം. ചരക്കുവാഹനങ്ങൾക്കു കുറഞ്ഞ സമയം കൊണ്ടു ലക്ഷ്യത്തിലെത്താം എന്നു മാത്രമല്ല, അത്രയും ദൂരത്തെ ഡീസൽ വിനിയോഗം, അന്തരീക്ഷ മലിനീകരണം, മനുഷ്യാധ്വാനം തുടങ്ങിയവയും ഒഴിവാക്കാം.

പല നഗരപ്രദേശങ്ങളിലും തിരക്കേറിയ പകൽ സമയത്തു ചരക്കുലോറികൾ ഹൈവേകളിൽ ഓടാൻ അനുമതിയില്ല. രാത്രി മാത്രമേ ഓടാവൂ. റോ–റോ ട്രെയിൻ സർവീസ് തുടങ്ങിയാൽ പകലിലും ഓടാമെന്നതിനാൽ ആ വകയിലും സമയലാഭം ഉറപ്പ്. റോ–റോ സൗകര്യം നിലവിൽ വന്നാൽ സംസ്ഥാനത്തെ റോഡപകടങ്ങളിൽ വലിയൊരു പങ്ക് ഒഴിഞ്ഞു പോകുകയും ചെയ്യും.

കൊങ്കൺ നൽകിയ വഴി

കൊങ്കൺ റെയിൽ‌വേയിൽ 1999ലാണു റോ–റോ സർവീസ് തുടങ്ങിയത്. സൂറത്ത്കൽ, മഡ്ഗാവ്, മഹാരാഷ്ട്രയിലെ കാറാഡ് എന്നിവിടങ്ങളി‍ൽ റോ–റോ സർവീസിനു വേണ്ടി ചരക്കുവാഹനങ്ങൾ ട്രെയിനിൽ കയറ്റാനും ഇറക്കാനും സൗകര്യമുണ്ട്. കേരളത്തിൽ നിന്നു വടക്കേ ഇന്ത്യയിലേക്കു ചരക്കുമായി പോകുന്ന പല വാഹനങ്ങളും സൂറത്ത്കലിൽ നിന്നു റോ–റോ ട്രെയിനിൽ കയറ്റി കാറാഡ് ഇറക്കുകയാണു പതിവ്. തെല്ലും ഗതാഗതക്കുരുക്കില്ലാതെ അറുനൂറോളം കിലോമീറ്ററാണ് ഇങ്ങനെ താണ്ടാൻ കഴിയുന്നത്.

Image result for ro ro service goa train

റെയിൽവേ ഡൽഹി മേഖലയിലും കഴിഞ്ഞ വർഷം റോ–റോ ട്രെയിൻ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നു യുപിയിലെ മുറാദ്നഗറിലേക്കാണു റോ–റോ ട്രെയിൻ ഏർപ്പെടുത്തിയത്. ഡൽഹിയിൽ റോ–റോ സർവീസ് വ്യാപകമാക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകൾ പഴക്കമുണ്ട്. ഡൽഹിയിലൂടെ പ്രതിദിനം ഓടുന്ന അറുപതിനായിരത്തിലേറെ ചരക്കുവാഹനങ്ങളിൽ മൂന്നിലൊന്നും ഡൽഹിയിലേക്കുള്ളവയല്ല. അവയ്ക്കു തലസ്ഥാന നഗര മേഖലയിൽ നിർത്തേണ്ട ഒരു കാര്യവുമില്ലെങ്കിലും അതുവഴി കടന്നു പോകാതെ വേറെ വഴിയില്ല. അത്രയും ചരക്കുവാഹനങ്ങളുടെ നീക്കം ട്രെയിനിലാക്കിയാൽ തലസ്ഥാനത്തെ ഗതാഗതക്കുരുക്കിനു വലിയ പരിഹാരമാകുമെന്നും റോ–റോ വാദികൾ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button