Latest NewsNewsGulf

വഴിമുടക്കി ഖത്തര്‍ യുദ്ധവിമാനങ്ങള്‍: യു.എ.ഇ യാത്രാവിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദുബായ്•യു.എ.ഇ യാത്രാവിമാനത്തിന് വീണ്ടും മാര്‍ഗതടസം സൃഷ്ടിച്ച് ഖത്തര്‍ യുദ്ധവിമാനം. ഞായറാഴ്ച ബഹ്‌റൈന് മുകളില്‍ വച്ചാണ് സംഭവം.

86 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനത്തെയാണ് ഖത്തരി വിമാനങ്ങള്‍ തടയാന്‍ ശ്രമിച്ചതെന്നും ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവമെന്നും യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് കൂട്ടിയിടി ഒഴിവാക്കിയതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

ഖത്തരി യുദ്ധവിമാനങ്ങള്‍ യു.എ.ഇ യാത്രാവിമാനത്തിന്റെ 700 അടിയില്‍ താഴെ അടുത്ത് വരെയെത്തി. കൂട്ടിയിടിക്ക് സെക്കന്‍ഡുകള്‍ മാത്രം മതിയായിരുന്നു. യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്തുന്ന അപകടകരമായ, സുരക്ഷിതമല്ലാത്ത സമീപനമാണ് ഇതെന്നും അതോറിറ്റിയെ ഉദ്ധരിച്ചുകൊണ്ട് വാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനെതിരെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കുമെന്നും യു.എ.ഇ വ്യക്തമാക്കി.

കിഴക്കന്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നും യു.എ.ഇ തലസ്ഥാനമായ അബുദാബിയിലേക്ക് പറക്കുകയായിരുന്നു എയര്‍ബസ് A320 വിമാനമെന്ന് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി ബി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെയും ഖത്തരി വിമാനങ്ങള്‍ യു.എ.ഇ യാത്രവിമാനങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ജനുവരി 15 ന് രണ്ട് യു.എ.ഇ. വിമാനങ്ങള്‍ക്ക് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. മാര്‍ച്ചിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button