തിരുവനന്തപുരം: നഴ്സുമാരുടെ സമരം ഒഴിവാക്കാന്‍ തിരക്കിട്ട നീക്കം. നാളെ തുടങ്ങാനിരിക്കുന്ന സമരം ഒഴിവാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ശമ്പള പരിഷ്കരണ അന്തിമ വിജ്ഞാപനം ഇന്നിറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 20000 രൂപയായി മിനിമം വേതനം നിലനിര്‍ത്തും. അലവന്‍സുകളുടെ കാര്യത്തിലാണ് ധാരണയാകാനുള്ളത്. കരട് വിജ്ഞാപനത്തിലേത് നിലനിര്‍ത്തണോ കുറയ്ക്കണോ എന്നതിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇതില്‍ തീരുമാനമായാല്‍ വിജ്ഞാപനം സംബന്ധിച്ച കുറിപ്പ് തൊഴില്‍വകുപ്പ് നിയമവകുപ്പിന് കൈമാറും.
read also: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്ത പതിനായിരത്തിലധികം നഴ്സുമാരെ പിരിച്ചുവിട്ടു
ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് യൂണൈറ്റഡ് നഴ്സസ് അസോസിയേഷന് അറിയിച്ചിരുന്നു. നഴ്സിങ് സംഘടനയുമായി ലേബര്‍ കമ്മീഷന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. ഐഎന്‍എ മെയ് 12 മുതല്‍ സമരത്തില്‍ ചേരും. സമരം തുടങ്ങിയാല്‍ 457 ആശുപത്രികള്‍ സ്തംഭിക്കുമെന്ന് യു.എന്‍.എ വ്യക്തമാക്കിയിരുന്നു. ഇനി ചര്‍ച്ചയ്ക്ക് ഇല്ലെന്നും പ്രസിഡന്റ് ജാസ്മിന് ഷാ പറഞ്ഞിരുന്നു. പണിമുടക്ക് സമരം തുടങ്ങിയാല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാവും.
സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ശമ്പള പരിഷ്കരണം അട്ടിമറിക്കുന്നതിന് എതിരെ ലോങ് മാര്‍ച്ച് നടത്താനും തീരുമാനിച്ചിരുന്നു. 24ന് ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മാര്‍ച്ച് ആരംഭിക്കും.
കഴിഞ്ഞ ജനുവരിക്കു മുന്‍പ് ശമ്പളപരിഷ്കരണ ഉത്തരവ് ഇറക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ സംഘടന നടത്തിയ സമരത്തെത്തുടര്‍ന്നാണു നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയിരുന്നു. ഇതിനൊപ്പം മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവു ഇതുവരെ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.
Post Your Comments