മലപ്പുറം : വ്യജ ഹർത്താലിന്റെ പേരിൽ വ്യാപകമായി അറസ്റ്റ് നടക്കുമ്പോൾ കുടുക്കിലായവരിൽ കൂടുതലും അവധിക്കെത്തിയ പ്രവാസികളും കല്യാണത്തീയതി നിശ്ചയിച്ച യുവാക്കളും. പ്രവാസികളിൽ പലരും ഇരുചെവിയറിയാതെ മുങ്ങിയപ്പോൾ, യുവാക്കൾ ആരുടെയെങ്കിലുമൊക്കെ കയ്യും കാലും പിടിച്ചു കേസ് ഒഴിവാക്കാനുള്ള ഓട്ടത്തിലാണ്.
പോക്സോ (ലൈംഗികാതിക്രമങ്ങളിൽനിന്നു കുട്ടികളെ രക്ഷിക്കുന്നതിനുള്ള നിയമം) കേസിന്റെ നാണക്കേടിൽനിന്ന് എങ്ങനെ ഒഴിവാകുമെന്ന ആലോചനയിലാണ് ‘മണവാളൻമാർ.’ ഈ വകുപ്പു ചേർക്കപ്പെട്ടാൽ രണ്ടാഴ്ച കഴിഞ്ഞേ ജാമ്യം കിട്ടൂ. വിദേശത്തുനിന്ന് അവധിക്കെത്തിയവരിൽ ചിലർ ആവേശത്തിന്റെ പുറത്താണു ഹർത്താൽ പ്രകടനങ്ങളിൽ പങ്കെടുത്തത്.
അറസ്റ്റ് തുടങ്ങിയതോടെ ഒട്ടേറെപ്പേർ അവധി മതിയാക്കി തിരിച്ചുപോയിട്ടുണ്ട്. ഗ്രൂപ്പ് അഡ്മിനായതിന്റെ പേരിൽ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്യപ്പെട്ടതു പ്രമുഖ വിദ്യാർഥി സംഘടനയുടെ നേതാവാണ്. ഈ പേരിൽ ഒട്ടേറെ രാഷ്ട്രീയ സംഘടനാ നേതാക്കളും പ്രശ്നത്തിലായി.
ഹർത്താലുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷൻ ആക്രമിക്കാനും വാഹനങ്ങൾ തടയാനും ആഹ്വാനം ചെയ്തുള്ള വാട്സാപ് സന്ദേശം (വോയ്സ് മെസേജ്) പൊലീസിനു ലഭിച്ചിരുന്നു. ഹർത്താൽ ആഹ്വാനം അക്രമങ്ങളിലേക്കു വഴിതിരിച്ചുവിട്ട വിവിധ ശബ്ദ സന്ദേശങ്ങൾ സംബന്ധിച്ച് അന്വേഷണം തുടങ്ങി. വിവിധ ഗ്രൂപ്പുകളിൽ നടത്തിയ പരിശോധനയിലാണു കലാപത്തിന് ആഹ്വാനം ചെയ്ത സന്ദേശം ലഭിച്ചത്. ഉറവിടത്തെക്കുറിച്ചു സൂചന ലഭിച്ചു കഴിഞ്ഞു. അതു പ്രചരിച്ച ഗ്രൂപ്പും ലിങ്കുമാണ് അന്വേഷിക്കുന്നത്. കലാപം നടത്തുക എന്ന ലക്ഷ്യമാണ് ഇവർക്കുള്ളതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments