Latest NewsArticleNews Story

കണ്ടല്‍ക്കാട്ടില്‍ ജീവിതം അവസാനിച്ച വിദേശവനിതയ്ക്ക് വേണ്ടി പ്രതികരിക്കാത്ത വിപ്ലവകാരികളുടെ നാട്

തിരുവനന്തപുരം പോത്തന്‍കോടിനടുത്ത് ആയുര്‍വേദ ആശ്രമത്തില്‍ ചികിത്സക്കും യോഗ പഠനത്തിനും എത്തിയ വിദേശ വനിതയുടെ തിരോധാനത്തില്‍ ദുരൂഹത വീണ്ടും വര്‍ദ്ധിക്കുന്നു. രണ്ടാഴ്ചയില്‍ അധികമായി കാണാതായ ലീഗയെന്ന വിദേശ വനിതയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് തിരുവല്ലത്ത് അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. തിരുവല്ലം വാഴമുട്ടം പുനംതുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണ് സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹം തല വേര്‍പ്പെട്ട് അഴുകിയ നിലയിലായിരുന്നു.

പൂനത്തുറ ആറിന് സമീപത്തെ കൂനം തുരുത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. വിജനമായ പ്രദേശത്തായിരുന്നു മൃതദേഹം. തലയോട്ടി മൃതദേഹത്തില്‍ നിന്നും വിട്ടുമാറി അരമീറ്റര്‍ വ്യത്യാസത്തില്‍ നിലത്ത് കിടക്കുകയായിരുന്നു. പച്ച ബനിയനും കറുത്ത ലെഗ്ഗിങ്ങ്സുമാണ് മൃതദേഹത്തില്‍ ഉള്ളത്. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും മിനറല്‍ വാട്ടല്‍ കുപ്പിയും സിഗരറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് ലീഗയുടേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ലീഗയുടെ സഹോദരിയും സുഹൃത്തും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു മാസം പഴക്കമുള്ള മൃതദേഹം അഴുകി ജീര്‍ണിച്ച നിലയിലായതിനാല്‍ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ് അധികൃതര്‍. ലീഗയുടെ വസ്ത്രങ്ങളും മുടിയും സഹോദരി തിരിച്ചറിഞ്ഞുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

വിദേശ വനിതയുടെ മരണത്തില്‍ വീണ്ടും പ്രബുദ്ധകേരളം തലതാഴ്ത്തി നില്‍ക്കേണ്ടി വരുന്ന കാഴ്ചയാണ് കാണുന്നത്. ക്രൂരമായ ബലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയഈ മൃത ദേഹം അവരുടേത് തന്നെയാകുമോ? സഹോദരി തിരിച്ചറിഞ്ഞുവെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പൂര്‍ണ്ണമായും ഉറപ്പിക്കാന്‍ കഴിയൂ. എന്നാല്‍ ഈ വിഷയത്തില്‍ പ്രബുദ്ധ കേരളത്തിലെ വിപ്ലവ സിംഹങ്ങള്‍ ഒന്നും തന്നെ മിണ്ടിയിട്ടില്ല. ഒരു പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടും ഇവര്‍ എന്തുകൊണ്ട് മിണ്ടുന്നില്ല.. വിദേശ വനിതാ, ദേശം മതം തുടങ്ങിയ സംഭവങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തിലും പ്രതിഷേധിക്കാന്‍ കാരണമാകുമായിരിക്കും അല്ലെ!!

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്ത് ഇവിടെ വിദേശ വനിതകള്‍ പോലും സുരക്ഷിതര്‍ അല്ലെന്നു വരുകയാണ്. ഇതിനു മുന്‍പും ഒരു വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കേരളത്തിന്റെ വികസനത്തില്‍ വലിയ ഒരു പങ്ക് ടൂറിസത്തിലൂടെയാണ് ലഭിക്കുന്നത്. വിദേശ യാത്രികര്‍ക്ക് കേരളം സുരക്ഷിതമായ ഒരു ഇടം അല്ലാതാവുകയാണെങ്കില്‍ അത് കേരള ടൂറിസത്തെ കാര്യമായി ബാധിക്കും. ഇത് വികസനത്തെയും. എന്നാല്‍ ഇതൊന്നും ഭാരാധികാരികള്‍ തിരിച്ചരിയുന്നില്ല. രാഷ്ട്രീയ ലക്‌ഷ്യം മാത്രം വച്ച് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്ന, പ്രതികരിക്കുന്നവരുടെ മുന്നില്‍ ഇപ്പോഴും ചോദ്യ ചിഹ്നമായി ലീഗയുടെ കുടുംബം നില്‍ക്കുകയാണ്. കേരളത്തിന്റെ ആയുര്‍വേദ സംസ്കാരത്തെക്കുറിച്ച് കേട്ടറിഞ്ഞു അതില്‍ പഠനവും ചികിത്സയ്ക്കുമായി എത്തുന്നവര്‍ ഇനി എന്ത് വിശ്വസിച്ചാണ് ഇവിടെയ്ക്ക് വരുക.

സഹോദരിമാരായ ഇലീസും ലീഗയും കൊല്ലം അമൃതാനന്ദമയീ ആശ്രമത്തിലേയ്ക്കാണ് ആദ്യം വന്നത്. എന്നാല്‍ ആ ആശ്രമ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ പോത്തന്‍കോടുള്ള ഒരു ആശ്രമത്തിലേയ്ക്ക് മാറിയിരുന്നു. 10 ദിവസം വര്‍ക്കല കടല്‍തീരത്ത് ചെലവഴിച്ചശേഷമാണ് ഇവര്‍ പോത്തന്‍കോടെത്തിയത്. ബുധനാഴ്ച രാവിലെ ഇലീസ് യോഗ ക്ളാസിനു പോയി. സാധനങ്ങള്‍വാങ്ങാനെന്നു പറഞ്ഞ് ലീഗ ആശ്രമത്തിന് പുറത്തേക്കും. ഒരു മണിക്കൂര്‍കഴിഞ്ഞ് ഇലിസ് തിരിച്ചെത്തിയിപ്പോള്‍ ലീഗ മുറിയിലില്ല. ലീഗ പോത്തന്‍കോട് റിസോര്‍ട്ടില്‍ കഴിയുമ്പോള്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു. കാണാതായ ദിവസം ലീഗ ഓട്ടോറിക്ഷയില്‍ കോവളത്തേക്ക് പോയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണും പാസ്‌പോര്‍ട്ടും കയ്യില്‍ കരുതാതെയാണ് ലീഗ പുറത്തേക്ക് പോയത്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള ആപത്ത് സംഭവിച്ചതാകാം എന്ന് തന്നെയാണ് കുടുംബം കണക്കാക്കുന്നത്. നേരത്തേ തമിഴ്നാട്ടില്‍ നിന്നും കണ്ടെത്തിയ യുവതിയുടെ അജ്ഞാത മൃതദേഹം ലീഗയുടേതാണ് എന്ന് സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് ലീഗയുടേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

ലീഗയെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരത്തിലാകെ ഭര്‍ത്താവ് ആന്‍ഡ്രൂസ് പോസ്റ്റര്‍ പതിച്ചിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് ലീഗയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയത്. ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ആന്‍ഡ്രൂസ് പ്രഖ്യപിച്ചിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ആദ്യഘട്ടത്തില്‍ നല്ല പ്രതികരണമല്ല ആന്‍ഡ്രൂസിന് ലഭിച്ചത്. ഇതോടെയാണ് ഭാര്യയുടെ ചിത്രവുമായി സഹായം തേടി ആന്‍ഡ്രൂസ് തെരുവിലിറങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയും മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടും ഇവര്‍ ലീഗയെ കണ്ടെത്തുന്നതിന് സഹായം ആവശ്യപ്പെട്ടിരുന്നു. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു ലീഗ. കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ലീഗയുടെ തിരോധാന കേസ് അന്വേഷിക്കാന്‍ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചു. ഇതിനിടെ ലീഗ ഗോവയിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button