തലശേരി: പിണറായി ഗ്രാമത്തെ ഞെട്ടിച്ച് 2012-2018 കാലയളവില്‍ നടന്ന ഒരു കുടുംബത്തിലെ നാല് ദുരൂഹമരണങ്ങളെ സംബന്ധിച്ച് പൊലീസിന് തുമ്പ് ലഭിച്ചു. : പിണറായിയില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ഒരു കുടുബത്തിലെ നാലുപേര്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം അവസാനഘട്ടത്തിലേക്ക്. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65 ), പേരക്കുട്ടികളായ ഐശ്വര്യ (എട്ട് ), കീര്‍ത്തന (ഒന്നര വയസ്) എന്നിവര്‍ മരിച്ച സംഭവത്തിലാണ് ടൗണ്‍ സിഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നിട്ടുള്ളത്.
ദൃക്‌സാക്ഷികളില്ലാത്ത ഈ കേസില്‍ ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിക്കാനുള്ള നെട്ടോട്ടത്തിലാണ് അന്വേഷണ സംഘം. എല്ലാ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് പോലീസ് നീക്കം. യുവതി ഉള്‍പ്പെടെ ഒന്നിലധികം പേര്‍ സംഭവത്തില്‍ പ്രതികളാകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. മരിച്ച കുഞ്ഞിക്കണ്ണന്റേയും കമലയുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചതായിട്ടാണ് അറിയുന്നത്.ഇന്നലെയും അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി ടൗണ്‍ സിഐ കെ.ഇ.പ്രേമചന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് തലവനുമായി ചര്‍ച്ച നടത്തി.
മാതാപിതാക്കളും രണ്ട് മക്കളും നഷ്ടപ്പെടുകയും കുടുംബത്തില്‍ അവശേഷിക്കുകയും ചെയ്യുന്ന ഏക അംഗമായ സൗമ്യ (28) ഇപ്പോഴും തലശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എന്നാല്‍ നിലവില്‍ സൗമ്യക്ക് പ്രത്യേകിച്ച് ഒരു ചികിത്സയും ആശുപത്രിയില്‍ നല്‍കുന്നില്ലെന്നാണ് അറിയുന്നത്. ഇവര്‍ പൂര്‍ണ ആരോഗ്യവതിയാണെന്നാണ് ഇവരെ പരിശോധിച്ച വിദഗ്ദ ഡോക്ടര്‍മാരുടെ സംഘങ്ങള്‍ പറയുന്നത്. അസിഡിറ്റിക്കുള്ള മരുന്ന് മാത്രമാണ് നല്‍കികൊണ്ടിരിക്കുന്നത്. തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റുകയോ വീട്ടിലേക്ക് അയക്കുകയോ ചെയ്യണമെന്ന് സൗമ്യ തന്നെ പരിശോധിക്കാനെത്തുന്ന ഡോക്ടര്‍മാരോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഡോക്ടര്‍മാരുടെ വലിയ നിര തന്നെയാണ് സൗമ്യയെ ദിവസേന പരിശോധിക്കുന്നത്. പ്രത്യേകിച്ച് ചികിത്സയൊന്നുമില്ലെങ്കിലും പരിശോധനകള്‍ മുറപോലെ നടക്കുന്നുമുണ്ട്.
സൗമ്യക്ക് പോലീസ് കാവല്‍ തുടരുകയും ചെയ്യുന്നുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 17 നാണ് സൗമ്യയെ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും സൗമ്യക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഛര്‍ദ്ദിയെ തുടര്‍ന്നാണ് സൗമ്യയുടെ മാതാപിതാക്കളും രണ്ട് മക്കളും മരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേയും തലശേരി ജനറല്‍ ആശുപത്രിയിലേയും വിദഗ്ദ സംഘം സൗമ്യയെ പരിശോധിച്ചത്. എന്നാല്‍ സൗമ്യയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ മെഡിക്കല്‍ സംഘങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. മാത്രവുമല്ല സൗമ്യയുടെ രക്തവും മൂത്രവും വയറ് കഴുകിയെടുത്ത അവശിഷ്ടങ്ങളും കൂടുതല്‍ വിദഗ്ദ പരിശോധനക്കായി മുംബെയിലേക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കൂടി ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. നാല് പേരുടെ മരണത്തിന് ഉടന്‍ തന്നെ പോലീസ് ഉത്തരം പൊതുസമൂഹത്തിന് നല്‍കുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും മാധ്യമങ്ങളുമായി പങ്കു വയ്ക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ സംഭവമായതിനാല്‍ സംസ്ഥാന പോലീസ് ചീഫ് ഉള്‍പ്പെടെയുള്ളവര്‍ കേസിന്റെ പുരോഗതിയെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതിനിടയില്‍ സൗമ്യയെ കാണാന്‍ ആശുപത്രിയിലെത്തി യുവാവിനെ പോലീസ് നിരീക്ഷിച്ചു വരികയാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ഇയാളെ രഹസ്യമായിട്ടാണ് പോലീസ് നിരീക്ഷിച്ചു വരുന്നത്. ഇയാളില്‍ നിന്നും ലഭിച്ചിട്ടുള്ള മൊഴികള്‍ പോലീസ് പരിശോധിച്ചു വരികയാണ്. പോലീസിന് പുറമെ ആരോഗ്യ വിഭാഗം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും ഇന്ന് ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
Post Your Comments