വടകര : മോര്‍ഫിംങ് കേസിലെ പ്രതിയ്ക്ക് സഹതടവുകാരുടെ ക്രൂരമർദ്ദനം . മുഖ്യപ്രതി കക്കട്ട് കൈവേലിക്കല്‍ ബിബീഷ്(35)നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഇത് സംബന്ധിച്ച് പ്രതിയുടെ അഭിഭാഷകന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി സമര്‍പ്പിച്ചത്. പ്രൊഡക്ഷന്‍ വാറണ്ട് പ്രൊഡ്യൂസ് ചെയ്ത് കണ്ണൂര്‍ ഒഴികെയുള്ള മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും, വിദഗ്ദ ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് അഭിഭാഷകനായ ലതീഷ് പരാതി സമര്‍പ്പിച്ചത്. പ്രതിയെ കാണാനെത്തിയ ഭാര്യയുമായുള്ള സംസാരത്തിനിടയിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇതേ തുടര്‍ന്നാണ് അഭിഭാഷകന്‍ കോടതിയില്‍പരാതി നല്‍കിയത്.
നിരവധി കല്ല്യാണ വീടുകളിലെ വിവാഹ ഫോട്ടോകളില്‍ നിന്നും സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പരാതിയില്‍ പോലീസിന്റെ വാദം പൊളിയുന്നു. ഈ മാസം 21 നകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ സുപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ ബുധനാഴ്ച റിമാന്‍ഡ് കാലാവധി നീട്ടാനായി കോടതിയില്‍ ഹാജരാക്കിയിരുന്നു. ആ സമയത്ത് ഭയം മൂലം ഈ കാര്യങ്ങളൊന്നും കോടതിയില്‍ പറഞ്ഞിരുന്നില്ല. 2015 നവംബര്‍ 9ന് നടന്ന കല്യാണ വീട്ടില്‍ വെച്ച് വീഡിയോയിലും,ഫോട്ടോയിലും എടുത്തതായ ചിത്രങ്ങള്‍ വടകര സദയം സ്റ്റുഡിയോവിലെ വീഡിയോ എഡിറ്ററായ പ്രതി അന്യായക്കാരികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പ്രതികളുടേതായ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും കണ്ടെത്തിയ മോര്‍ഫ് ചെയ്ത അഞ്ച് ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ നിന്നും ലഭിച്ചതാണെന്നായിരുന്നു എസ്.പി.മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് ഇതില്‍ നിന്നും വ്യത്യസ്തമാണ്. സ്ത്രീകളുടെ ഫോട്ടോകള്‍ കോപ്പി ചെയ്ത് മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ പ്രതിയുടെ സാന്നിധ്യം അത്യാവശ്യമാണെന്നും,മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പുറത്തു വിടുമെന്ന് പറഞ്ഞ് സാക്ഷികളായ സ്ത്രീകളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും,പ്രതികള്‍ക്കെതിരെ പ്രദേശത്ത് നിരവധി പ്രക്ഷോഭങ്ങളും,പ്രതികരണങ്ങളും നടക്കുന്നുണ്ടെന്നും പ്രതിയുടെ ജീവന് തന്നെ ഭീഷണി നിലനില്‍ക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥയായ സി.ഭാനുമതി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഈ കേസ്സിലെ ഒന്നാം പ്രതി കക്കട്ടില്‍ ചീക്കോന്ന് വെസ്റ്റിലെ കൈവേലിക്കല്‍ ബിബീഷിനെ(35)അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് റൂറല്‍ എസ്.പി.ഉയര്‍ത്തിയ വാദങ്ങള്‍ പൊളിയുന്നു. സാക്ഷി മൊഴികളും,തെളിവുകളും സ്റ്റുഡിയോ ഉടമകളായ ദിനേശന്റെയും,സതീശന്റെയും അറിവോടും,സമ്മതത്തോടും കൂടി ഒന്നാം പ്രതിയായ ബിബീഷ് വിവാഹ ചടങ്ങുകളില്‍ നിന്നെടുത്ത ഫോട്ടോകളും,ഫേസ് ബുക്കില്‍ നിന്നും ഡൗണ്‍ ലോര്‍ഡ് ചെയ്തതുമായ സ്ത്രീകളുടെ ഫോട്ടോ അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി ഹാര്‍ഡ് ഡിസ്‌കില്‍ കോപ്പി ചെയ്തതായി വ്യക്തമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്റ്റുഡിയോ ഉടമകളായ രണ്ട്,മൂന്ന് പ്രതികള്‍ വൈക്കിലശ്ശേരി പ്രദേശത്തുകാരാണെന്നും സ്ത്രീകള്‍ ഭയത്തോടെയും,ആശങ്കയോടെയുമാണ് ജീവിച്ചു വരുന്നതെന്നും,പ്രതി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അശ്ളീല സൈറ്റിലേക്കും മറ്റും അപ്‌ലോഡ് ചെയ്ത് പണം സമ്പാദിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Post Your Comments