കൊച്ചി: കലൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്ന സംഭവം ആശങ്കക്ക് ഇടയാക്കിയിരിക്കുകയാണ്. കലൂര്‍ മെട്രോ സ്റ്റേഷനു സമീപം ഗോകുലം പാര്‍ക്കിനോടു ചേര്‍ന്ന് പൈലിങ് ജോലികള്‍ നടക്കുന്നതിനിടെയാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. ഇവിടെ എത്തിച്ചിരുന്ന രണ്ട് ജെസിബിയും മറ്റു നിര്‍മ്മാണ വസ്തുക്കളും കെട്ടിടത്തിന് അടിയില്‍പ്പെട്ടു. നിര്‍മ്മാണത്തൊഴിലാളികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
രാത്രിയില്‍ പണിയില്ലാത്തതുകൊണ്ട് മാത്രമാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. രാത്രി പത്തോടെ കലൂര്‍ മെട്രോ സ്റ്റേഷനു സമീപമാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. റോഡരികിലുള്ള കെട്ടിടമാണു താഴ്ന്നു പോയത്. ഇത് മെട്രോ റെയില്‍ ഗതാഗതത്തെയും ബാധിച്ചു. കലൂരിനും ലിസി ആശുപത്രി സ്റ്റേഷനും ഇടയിലുള്ള ട്രാക്കിനു സമീപമാണു സംഭവം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് മെട്രോയുടെ ഉദ്യോഗസ്ഥരെത്തി ട്രാക്കുകള്‍ പരിശോധിച്ചു.
ഇത് പൂര്‍ത്തിയായതിനു ശേഷം മാത്രമേ മഹാരാജാസ് സ്റ്റേഷനിലേക്കുള്ള ഗതാഗതവും വെള്ളിയാഴ്ച പുനഃരാരംഭിക്കുകയുള്ളൂ. മെട്രോയുടെ തൂണുകള്‍ കടന്നു പോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്നു ഗര്‍ത്തം രൂപപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ആലുവയില്‍ നിന്നു പാലാരിവട്ടം വരെ മാത്രമേ മെട്രോ സര്‍വീസ് നടത്തുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ ഉറപ്പും സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തിയിട്ടുണ്ട്.
Post Your Comments