കുട്ടിക്രിക്കറ്റില്‍ ബാറ്റിംഗിലൂടെ വിസ്മയം തീര്‍ക്കുന്ന താരമാണ് ക്രിസ് ഗെയില്‍. ഐപിഎല്ലില്‍ ഇത് പലവട്ടം ആരാധകര്‍ കണ്ടതാണ്. എന്നാല്‍ 11-ാം സീസണില്‍ ഈ കൂറ്റനടികാരനെ താരലേലത്തില്‍ ഒരു ടീമിനും വേണ്ടായിരുന്നു. ഒടുവില്‍ രണ്ട് കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് കരീബിയന്‍ താരത്തെ സ്വന്തമാക്കിയത്.
എന്നാല്‍ തന്നെ തഴഞ്ഞവര്‍ക്കൊക്കെ മറുപടി കൊടുത്തിരിക്കുകയാണ്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ തന്റെ വീശ്വരൂപം ഗെയില്‍ പുറത്തെടുത്തു. സെഞ്ചുറി നേടിയ താരം ടീമിനെ വന്‍ ടോട്ടലിലും എത്തിച്ചു. ഇതിനിടെ ശ്രദ്ധേയമായത് സഹതാരം യുവ്രാജ് സിംഗിന്റെ പ്രതികരണമായിരുന്നു.
താര ലേലത്തില്‍ കഴിഞ്ഞ സീസണിലെ ടീമായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗെയ്ലിനെ കൈയൊഴിഞ്ഞതോടെയാണ് ബോളിവുഡ് താരം പ്രിതി സിന്റയുടെ ഉടമസ്ഥതയിലുള്ള കിങ്സ് ഇലവന്‍ പഞ്ചാബ് ഗെയിലിന്റെ രക്ഷയ്‌ക്കെത്തിയത്. ഐപിഎല്‍ പതിനൊന്നാം സീസണിലെ ആദ്യസെഞ്ചുറിയുമായി മൊഹാലിയില്‍ ശരിക്കും ഗെയിലാട്ടം അരങ്ങേറുകയായിരുന്നു. 58 പന്തില്‍ നിന്നാണ് ക്രിസ് ഗെയില്‍ ഐപിഎല്ലിലെ ആറാം സെഞ്ചുറി കുറിച്ചത്.
പതുക്കെ ബാറ്റിങ് തുടങ്ങിയ ഗെയ്ല്‍ പിന്നീട് കത്തിക്കയറുകയായിരുന്നു. 58 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ വിന്‍ഡീസ് താരം റാഷിദ് ഖാനെറിഞ്ഞ 14-ാം ഓവറില് തുടര്‍ച്ചയായി നാല് സിക്സാണ് അടിച്ചെടുത്തത്. ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ക്രീസിലുണ്ടായിരുന്ന ഗെയ്ല്‍ 104 റണ്‍സാണ് സ്വന്തം അക്കൗണ്ടില്‍ വാരിക്കൂട്ടിയത്. മകള്‍ക്കായിരുന്നു തന്റെ നേട്ടം ഗെയില്‍ സമര്‍പ്പിച്ചത്.
Post Your Comments